കാശ്മീർ പണ്ഡിറ്റുകൾക്ക് നീതി ഉറപ്പാക്കണം: തുഷാർ

Tuesday 12 October 2021 12:09 AM IST

തിരുവനന്തപുരം: കാശ്മീരിലെ ന്യൂനപക്ഷ പണ്ഡിറ്റുകൾക്ക് നീതി ഉറപ്പാക്കണമെന്ന് ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. ഹിന്ദു പണ്ഡിറ്റ് കുടുംബങ്ങളിലെ അദ്ധ്യാപകരെയും കച്ചവടക്കാരെയും പ്രമുഖരേയും ഭീകരർ തെരഞ്ഞുപിടിച്ച് വധിക്കുന്നതിന് പിന്നിൽ ഭീകരവാഴ്ചയ്ക്കുള്ള പടയൊരുക്കമാണ്. കേന്ദ്രസർക്കാർ സൗകര്യമൊരുക്കിയാലും തങ്ങൾ സുരക്ഷിതരല്ലെന്ന തോന്നലുണ്ടാക്കുക എന്ന ഭീകരരുടെ കുതന്ത്രം ഫലത്തിൽ വരരുത്. തൊണ്ണൂറുകളിൽ ഭീകര പ്രവർത്തനം ശക്തമായപ്പോൾ അരലക്ഷം കുടുംബങ്ങളാണ് പ്രാണരക്ഷാർത്ഥം സർവതും ഉപേക്ഷിച്ച് പിറന്ന നാട്ടിൽ നിന്ന് പലായനം ചെയ്തത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ കാശ്മീരിന് നൽകിയ 370 ആം വകുപ്പ് മറയാക്കി നാളിതു വരെ നടന്ന അരുംകൊല അവസാനിപ്പിച്ച് പണ്ഡിറ്റുകളെ ജനിച്ച മണ്ണിലേക്ക്

മടക്കിക്കൊണ്ടു വരണം. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് ധീരമായ നടപടികളാണെന്നും തുഷാർ പറഞ്ഞു.