അച്ഛന്റെ ആഗ്രഹം പോലെ വളർന്ന മകൻ

Tuesday 12 October 2021 1:53 AM IST

ആലപ്പുഴ: നെടുമുടി എൻ.എസ്.എസ് സ്‌കൂൾ അദ്ധ്യാപകനും കലാകാരനുമായ കേശവപിള്ള ആശിച്ചത് അഞ്ച് മക്കളെയും കലാകാരന്മാക്കണമെന്നായിരുന്നു. കഥകളി, കർണാടക സംഗീതം, ഘടം, മൃദംഗം എന്നിവ പഠിപ്പിക്കാൻ ഗുരുക്കന്മാരെയും ഏർപ്പാടാക്കി. സാമ്പത്തിക ഞെരുക്കംമൂലം ഇളയവനായ വേണുവിന് അതൊന്നും നൽകാനായില്ല.

എന്നാലും വൈകുന്നേരങ്ങളിൽ വീട് അരങ്ങായി. ഗുരുമുഖത്ത് നിന്നും അഭ്യസിച്ചതെല്ലാം സഹോദരങ്ങൾ വേണുവിനും പകർന്നുനൽകി. ഇങ്ങനെ കച്ചേരിക്ക് ഉപകരണം വായിക്കാൻ വേണു വൈദഗ്ദ്ധ്യം നേടി. വേണുവും സഹോദരങ്ങളും പഠിച്ചത് അച്ഛൻ ജോലി ചെയ്ത എൻ.എസ്.എസ് സ്‌കൂളിലായിരുന്നു. പഠിക്കാൻ കേമനല്ലെങ്കിലും കലാപ്രവർത്തനത്തിലായിരുന്നു താത്പര്യം. ആലപ്പുഴ എസ്.ഡി കോളേജിൽ ബി.എക്ക് ചേർന്നപ്പോൾ കലാരംഗത്ത് സജീവമായി. ഫാസിലുമായുണ്ടായ സൗഹാർദ്ദം ജീവിതത്തിലുടനീളം നിലനിന്നു. കോളേജ് പഠനം കഴിഞ്ഞ് എൻ.എസ്. മാധവന്റെ നാടകവുമായി അരങ്ങുകളിൽ. ഫാസിലും വേണുവുമായിരുന്നു മുഖ്യകഥാപാത്രങ്ങൾ. സംവിധാനം കാവാലും. കാവാലത്തിന്റെ 'ദൈവത്താർ' നാടകത്തിൽ കാലൻ കണിയാൻ എന്ന വേണുവിന്റെ കഥാപാത്രം വഴിത്തിരിവായി. തുടർന്ന് ബോധായനന്റെ സംസ്‌കൃത നാടകം കാവാലം വിവർത്തനംചെയ്തു. ഗുരുവിന്റെ വേഷത്തിൽ വേണുവും ശിഷ്യനായി ഗോപിയും. ദൈവത്താറിനുശേഷമാണ് കാവാലം അവനവൻ കടമ്പ ചെയ്യുന്നത്. വിപ്ലവാത്മക മാ​റ്റമായിരുന്നു അത്. പത്മരാജനും കടമ്മനിട്ടയും അയ്യപ്പപണിക്കരും ജോൺ എബ്രഹാമും സേതുവും എല്ലാം നാടകത്തിന്റെ ആരാധകരായി. ഒരോ റിഹേഴ്സൽ കഴിയുമ്പോഴും നാടകം വികസിച്ചുവന്നു. ജി. അരവിന്ദനാണ് അത് സ്‌​റ്റേജിലല്ല, പ്രകൃതിയുടെ മടിത്തട്ടിലാണ് കളിക്കേണ്ടതെന്ന് അഭിപ്രായപ്പെട്ടത്. അവനവൻ കടമ്പ ആദ്യമായി ആട്ടക്കുളങ്ങര സ്‌കൂളിൽ മരങ്ങളുടെ കീഴെ കർട്ടനില്ലാതെ അവതരിപ്പിച്ചത് അങ്ങനെയാണ്.

ആരവം എന്ന ചിത്രം ചെയ്യുന്ന കാര്യം ഭരതൻ വേണുവിനോട് സൂചിപ്പിച്ചു. കമലാഹാസനെയായിരുന്നു നായകനായി കണ്ടത്. പിന്നെയാണ് വേണുവിനോട് ചോദിക്കുന്നത്. കാലത്തിനപ്പുറത്തുനിന്ന ചിത്രമായിരുന്നു അത്. നൃത്തചലനങ്ങളുള്ള ഒരുപാട് പാട്ടുകളുണ്ടായി. പക്ഷേ നൃത്ത സംവിധായകനില്ലായിരുന്നു. വേണു ചെയ്യുന്നത് പകർത്തിക്കൊള്ളാമെന്ന് ഭരതൻ. ആ പാട്ടുകളിലെയെല്ലാം നൃത്തസംവിധാനം വേണുതന്നെ ചെയ്തു.

Advertisement
Advertisement