താളമൊഴിഞ്ഞ 'തമ്പിൽ ' ഇനി വേണു ഇല്ല

Tuesday 12 October 2021 2:36 AM IST

തിരുവനന്തപുരം: അരങ്ങിലെ പെരുമാളിന്റെ വിയോഗം വിശ്വസിക്കാനാകാതെ വിറങ്ങലിച്ച് നിൽക്കുകയാണ് നെടുമുടി വേണുവിന്റെ പ്രിയപ്പെട്ട വസതിയായ വട്ടിയൂർക്കാവിലെ 'തമ്പ് '. ഷൂട്ടിംഗിനായി പുറപ്പെടുമ്പോൾ ഭാര്യയെയും വീടിനെയും നോക്കി നെടുമുടി നൽകിയിരുന്ന ആ പുഞ്ചിരി ഇനിയില്ല. നെടുമുടിക്ക് ഏറെ പ്രിയപ്പെട്ടവയിലൊന്നായിരുന്നു വട്ടിയൂർക്കാവ് തിട്ടമംഗലത്തെ ഈ വസതി. തന്നെ സിനിമയെന്ന വിശാല അരങ്ങിന്റെ നെറുകയിലെത്തിച്ച ആദ്യ സിനിമായ ജി. അരവിന്ദന്റെ തമ്പിനോടുള്ള ഇഷ്ടം കാരണമാണ് വീടിന് ഈ പേര് നൽകിയതും.

ഷൂട്ടിംഗ് ഇല്ലാത്ത ദിനങ്ങൾ ചുരുക്കമാണെങ്കിലും ഒഴിവ് ദിവസങ്ങളിൽ അദ്ദേഹം കൂടുതലും ചെലവഴിച്ചിരുന്നത് തമ്പിലായിരുന്നു. പ്രകൃതിയുടെ ഹരിതാഭ ഇഴുകിച്ചേർന്നയിടമാണ് തമ്പും അതിന്റെ പരിസരവും. ആരുടെയും മനസിന് കുളിർമയേകുന്ന അന്തരീക്ഷമാണ് ഇവിടെ നെടുമുടി ഒരുക്കിയിരുന്നത്. ഗേറ്റിൽ നിന്ന് കയറി ചെല്ലുന്നത് മുതൽ ചെടികളുടെ പച്ചപ്പാണ്. മതിലുകളിൽപ്പോലും അദ്ദേഹം വള്ളിച്ചെടുകൾ വളർത്തുന്നുണ്ടായിരുന്നു. ഒഴിവ് സമയങ്ങൾ അവയെ പരിപാലിച്ചും പാട്ടുകൾ കേട്ടും പുസ്തകം വായിച്ചുമാണ് അദ്ദേഹം ചെലവഴിച്ചിരുന്നത്.

വീടിനോട് ചേർന്നുള്ള തുളസിത്തറയുടെ വശങ്ങളിലായി രണ്ട് ചെറിയ കുളങ്ങളും അതിൽ നിറയെ ആമ്പൽച്ചെടികളും അദ്ദേഹം വളർത്തി. അവിടെ നിന്ന് കയറിച്ചെല്ലുന്നത് മനോഹരമായ കൊച്ച് പൂന്തോട്ടത്തിലേക്കാണ്. ഇവിടെയാണ് അദ്ദേഹത്തിന്റെ വൈകുന്നേരങ്ങൾ ചെലവഴിച്ചിരുന്നത്. വീടിനുള്ളിൽ അദ്ദേഹത്തിന്റെ ചിത്രങ്ങളും ലഭിച്ച അവാർഡുകളും ചിട്ടയോടെ അടുക്കി പ്രദർശിപ്പിച്ചിട്ടുണ്ട്. അദ്ദേഹം ഇരിക്കാറുള്ള ചാരുകസേരയും ആളൊഴിഞ്ഞ് കിടക്കുന്നു. മലയാള സിനിമയിൽ അദ്ദേഹം ഒഴിച്ചിട്ടു പോകുന്ന സിംഹാസനം പോലെ...

Advertisement
Advertisement