വിദ്യാർത്ഥികളെയും കാത്ത് പെൺപള്ളിക്കൂടം,​ കോട്ടൺഹിൽ സ്‌കൂളിന് പ്രത്യേക മാസ്റ്റർപ്ലാൻ

Tuesday 12 October 2021 2:38 AM IST

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടഞ്ഞുകിടക്കുന്ന സ്‌കൂളുകൾ തുറക്കുമ്പോൾ കോട്ടൺഹിൽ ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കുന്നത് പ്രത്യേക മുന്നൊരുക്കങ്ങൾ. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പെൺകുട്ടികൾ പഠിക്കുന്ന സ്‌കൂളിനുവേണ്ടി മാത്രം പ്രത്യേക മാസ്‌റ്റർപ്ലാൻ സജ്ജമാക്കും.

അദ്ധ്യാപകരും പി.ടി.എയും സ്‌കൂൾ മാനേജ്മെ‌ന്റ് കമ്മിറ്റിയും ചേർന്നാണ് മാസ്റ്റർപ്ലാനിന് രൂപം നൽകുന്നത്. വിദ്യാർത്ഥികളുടെ ക്രമീകരണങ്ങൾ, ഏതൊക്കെ പോയിന്റിൽ അദ്ധ്യാപകരെ ഡ്യൂട്ടിക്ക് നിറുത്തണം, ടോയ്ലെറ്റിന്റെ ഉപയോഗം അടക്കമുള്ള കാര്യങ്ങൾ മാസ്റ്റർപ്ലാനിലുണ്ടാകും. മാസ്റ്റർ പ്ലാൻ പുറത്തിറക്കുന്നതിന്റെ ഭാഗമായി സ്‌കൂളിൽ വിവിധ കമ്മിറ്റികളുടെ യോഗം ദിവസവും ചേരുന്നുണ്ടെന്ന് ഹെഡ്‌മാസ്റ്റർ എ. വിൻസെന്റ് കേരളകൗമുദിയോട് പറഞ്ഞു.

ഗാന്ധിജയന്തിയോടനുബന്ധിച്ച് പരിസരത്തെ കാടുകളെല്ലാം വെട്ടിത്തെളിച്ചു. എല്ലാ കെട്ടിടങ്ങളിലും ശുചീകരണപ്രവർത്തനങ്ങളും പെയിന്റിംഗും നടത്തി. കോർപ്പറേഷന്റെ ഉൾപ്പെടെ സഹായത്തോടെയായിരുന്നു നവീകരണം. സ്‌കൂൾ ബസുകളുടെ അറ്റകുറ്റപ്പണികൾക്കായി വൻതുക വേണ്ടിവരുമെന്നതാണ് അധികൃതരെ കുഴയ്‌ക്കുന്നത്. ഈ പണം എങ്ങനെ കണ്ടെത്തുമെന്നതാണ് ആശങ്ക. 4,200ഓളം വിദ്യാർത്ഥികളുണ്ടെങ്കിലും എത്രപേർ സ്‌കൂളിലേക്ക് വരുമെന്ന് കണക്കാക്കിയായിരിക്കും കെ.എസ്.ആർ.ടി.സിയെ ആശ്രയിക്കുക. പ്ലസ് വൺ അഡ്‌മിഷനെത്തുന്ന വിദ്യാർത്ഥികളിൽ എത്ര പേർക്ക് ബസ് സൗകര്യം വേണമെന്നുള്ളത് ഇപ്പോൾത്തന്നെ ചോദിച്ച് പ്രത്യേക ലിസ്റ്റ് തയ്യാറാക്കുന്നുണ്ടെന്ന് സ്‌കൂൾ പ്രിൻസിപ്പൽ ലീന .എം പറഞ്ഞു.

 സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പെൺകുട്ടികൾ പഠിക്കുന്ന സ്‌കൂൾ

 പ്രമുഖരായ പൂർ‌വ വിദ്യാർത്ഥികളുടെ നീണ്ടനിര

 പാഠ്യ - പാഠ്യേതര പ്രവർ‌ത്തനങ്ങളിൽ മികച്ച നേട്ടം

 ഇടുക്കി, പാലക്കാട് അടക്കമുള്ള ജില്ലകളിൽ നിന്ന് തമിഴ്

മൈനോരിറ്റി ക്വാട്ടയിൽ വിദ്യാർത്ഥികൾ പഠിക്കുന്നു

 ഈ അദ്ധ്യയന വർഷം മുതൽ

ആധുനികവത്കരിച്ച സയൻസ് ലാബുകൾ

വിദ്യാർത്ഥികൾ- 4200

അദ്ധ്യാപകർ- 95

അനദ്ധ്യാപകർ - 12

സ്‌കൂൾ ബസുകൾ -9

എൽ.പി.എസിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

ആൺകുട്ടികളും പഠിക്കുന്ന കോട്ടൺഹിൽ എൽ.പി.എസിൽ വിദ്യാർത്ഥികൾക്ക് നൽകാനുള്ള മാസ്‌ക്കുകൾ കെ.എസ്.ടി.എ, എ.കെ.എസ്.ടി.യു എന്നീ സംഘടനകൾ കൈമാറി. ശുചീകരണ പ്രവർത്തനങ്ങളടക്കം അവസാനഘട്ടത്തിലാണ്. സ്ഥലപരിമിതിയാണ് എൽ.പി സ്‌കൂൾ അധികൃതരെ കുഴയ്‌ക്കുന്നത്. പകുതി വിദ്യാർത്ഥികളെത്തിയാൽ പോലും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് അവരെ ഇരുത്താനുള്ള സ്ഥലമില്ല.

വിദ്യാർത്ഥികൾ- 1207

അദ്ധ്യാപകർ- 27

അനദ്ധ്യാപകർ-18

സ്‌കൂൾ ബസുകൾ - 5