രോഗികൾക്ക് ഭീഷണിയായി വ്യാജ ആംബുലൻസുകൾ

Wednesday 13 October 2021 12:00 AM IST

കോട്ടയം: രൂപമാറ്റം വരുത്തിയ വാഹനങ്ങൾ ജില്ലയിൽ ആംബുലൻസുകളാക്കി സർവീസ് നടത്തിയിട്ടും മോട്ടോർ വാഹന വകുപ്പിന്റെ കണ്ണിൽപെടുന്നില്ല. മറ്റുസംസ്ഥാനങ്ങളിൽ സ്വകാര്യ വാഹനങ്ങളായി രജിസ്റ്റർ ചെയ്‌തവയാണ് ഇപ്പോൾ ആംബുലൻസുകളായി ജില്ലയിൽ സർവീസ് നടത്തുന്നത്. രൂപമാറ്റം വരുത്തിയ വാഹനങ്ങൾക്ക് അംബുലൻസ് ലൈസൻസ് നൽകരുതെന്നാണ് ചട്ടം. ഇത്തരം വാഹനങ്ങൾ അപകടത്തിൽപ്പെട്ടാൽ രോഗികൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കില്ല.

മറ്റു സംസ്ഥാനങ്ങളിൽ പ്രൈവറ്റ് വാഹനങ്ങളായി രജിസ്റ്റർ ചെയ്‌തവ നികുതി വെട്ടിപ്പിനും മറ്റുമായാണ് സംസ്ഥാനത്ത് എത്തിച്ച് ആംബുലൻസുകളും, ഇരുവശത്തും ഗ്ലാസ് ഇട്ട മഞ്ചലുകളുമായി ഉപയോഗിക്കുന്നുണ്ട് . മോട്ടോർ വാഹന വകുപ്പ് അധികൃതരുടെ ശ്രദ്ധയിൽ ഇത്തരം നിയമലംഘനങ്ങൾ വന്നിട്ടും ഇതു സംബന്ധിച്ചു ഇവരാരും നടപടികൾ എടുക്കുന്നതുമില്ല. ഹൈ റൂഫ് വാഹനങ്ങൾ ഷോറൂമിൽ നിന്ന് നേരിട്ട് ആംബുലൻസായി രജിസ്റ്റർ ചെയ്‌തേ നിരത്തിൽ ഇറക്കാവൂ എന്നാണ് ചട്ടം.

തമിഴ്‌നാട്ടിൽ നിന്നും കർണ്ണാടകത്തിൽ നിന്നും എത്തിക്കുന്ന പല വാഹനങ്ങൾക്കും ഹൈറൂഫ് ഇല്ല. ചട്ടം കാറ്റിൽ പറത്തിയാണ് ഇവ രൂപമാറ്റം വരുത്തുന്നത്.

ഇൻഷ്വറൻസ് ലഭിക്കില്ല

ചട്ടം ലംഘിച്ച് രജിസ്‌റ്റർ ചെയ്യുന്ന ഇത്തരം വാഹനങ്ങൾക്ക് തേർഡ് പാർട്ടി ഇൻഷ്വറൻസ് മാത്രമാണ് ഉള്ളത്. വാഹനം അപകടത്തിൽപ്പെട്ടാൽ ഈ വാഹനത്തിലുള്ളവർക്ക് ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കില്ല. ഇത് അറിഞ്ഞിട്ടും ഇത്തരം വാഹനങ്ങൾ പരിശോധന ന‌ടത്തി പി‌ടിച്ചെ‌ടുക്കാൻ മോട്ടോർ വാഹന വകുപ്പ് തയ്യാറാകുന്നില്ല.

ശ്രദ്ധയിൽ പെട്ടിട്ടില്ല

ഇത്തരം ആംബുലൻസുകൾ സർവീസ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഉണ്ടെങ്കിൽ നടപടി സ്വീകരിക്കും.

‌- ഇ.ജെ സജീവ്, ആർ.ടി.ഒ, കോട്ടയം

Advertisement
Advertisement