ഭീകരാക്രമണ പദ്ധതി പൊളിച്ചു, പാക് ഭീകരൻ ഡൽഹിയിൽ പിടിയിൽ
ന്യൂഡൽഹി: ഇന്ത്യയിൽ നവരാത്രി ആഘോഷങ്ങൾക്കിടെ ഭീകരാക്രമണത്തിന് പദ്ധതിയിട്ട പാക് ഭീകരൻ മുഹമ്മദ് അഷ്റഫിനെ എ.കെ 47 തോക്കും തിരകളും അടക്കമുള്ള ആയുധങ്ങൾ സഹിതം ഡൽഹി ലക്ഷ്‌മി നഗറിൽ വച്ച് പിടികൂടി. യു.പി സ്വദേശിയായ സ്ത്രീയെ വിവാഹം കഴിച്ച ഇയാൾ പത്തുവർഷമായി ഇന്ത്യയിൽ പലയിടങ്ങളിൽ താമസിച്ചു വരികയായിരുന്നു. ഡൽഹി പാട്യാല കോടതി ഇയാളെ നാലു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
നവരാത്രി ആഘോഷങ്ങൾക്കിടെ ആക്രമണത്തിന് പദ്ധതിയിടുന്നതായും സ്ഫോടക വസ്തുക്കളും മറ്റും ശേഖരിക്കുന്നതായും വിവരം ലഭിച്ചതിനെ തുടർന്നാണ് ഡൽഹി പൊലീസിന്റെ പ്രത്യേക സെൽ മുഹമ്മദ് അഷ്റഫിനെ അറസ്റ്റ് ചെയ്‌തത്. സംശയം തോന്നാതിരിക്കാൻ ബാബ എന്ന പേരിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്.
പാകിസ്ഥാനിലെ പഞ്ചാബ് സ്വദേശിയായ ഇയാളെ നസീർ എന്നയാളാണ് ഐ.എസ്.ഐയിൽ ചേർത്തത്. ആറുമാസത്തെ പരിശീലനത്തിന് ശേഷം ബംഗ്ളാദേശ് അതിർത്തി വഴി ഇന്ത്യയിലെത്തി അജ്മീർ, ഡൽഹി, ഗാസിയാബാദ്, ജമ്മു, ഉദംപൂർ തുടങ്ങിയ സ്ഥലങ്ങളിൽ താമസിച്ചു. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നിന്ന് ഒരു സ്ത്രീയെ വിവാഹം കഴിച്ചതിന്റെ രേഖകളുപയോഗിച്ച് 2014ൽ അഹമ്മദ് നൂറി എന്ന പേരിൽ ഇന്ത്യൻ പാസ്‌പോർട്ട് സംഘടിപ്പിച്ച ഇയാൾ സൗദി അറേബ്യ, തായ്‌ലന്റ് തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചിരുന്നതായി സ്‌പെഷ്യൽ സെൽ ഡി.സി.പി പ്രമോദ് ഖുശ്‌വാഹ അറിയിച്ചു.