ഹോട്ട്സ്‌പ്രിംഗിലെ സേനാ പിൻമാറ്റം എളുപ്പമാകില്ല

Wednesday 13 October 2021 12:15 AM IST

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ഹോട്ട്സ്‌പ്രിംഗിൽ ചൈനയ്‌ക്കുള്ള തന്ത്രപരമായ താത്പര്യങ്ങളാണ് കഴിഞ്ഞ ദിവസത്തെ കമാൻഡർ തല പരാജയപ്പെടാനുള്ള കാരണമെന്ന് റിപ്പോർട്ട്. ചൈനയിലെ സിൻജിയാങിനെ ടിബറ്റുമായി ബന്ധിപ്പിക്കുന്ന ജി 219 ഹൈവേയുടെ സാമീപ്യമാണ് പ്രധാന കാരണം. 1962ലെ ഇന്ത്യാ-ചൈന യുദ്ധത്തിന് മുൻപും ഹോട്ട്സ്‌പ്രിംഗ് മേഖലയുടെ നിയന്ത്രണം കൈവശപ്പെടുത്താൻ അവർ ശ്രമിച്ചിരുന്നു. ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ ഈ ശീതകാലത്തും വൻ ചെലവിൽ ഇന്ത്യയ്ക്ക് സേനയെ നിലനിറുത്തേണ്ടി വരും.

കാരക്കോണം തുരങ്കത്തിന് സമീപം ദൗലത് ബെഗ് ഓൾഡിയിൽ ഇന്ത്യ നിർമ്മിച്ച വ്യോമത്താവളമാണ് ചൈനയുടെ പ്രധാന ആശങ്ക. ടിബറ്റിലേക്ക് നിർമ്മിക്കുന്ന പാത താലിബാൻ അധികാരത്തിലെത്തിയ ശേഷം അഫ്ഗാനിലേക്കും നീട്ടാൻ ചൈന പദ്ധതിയിടുന്നുണ്ട്. ഡെപസാങ് മേഖലകളിൽ ഇന്ത്യയ്ക്ക് ആധിപത്യം ലഭിച്ചാൽ പാത സുരക്ഷിതമല്ലാതാകും. ഇതു മുതിൽ കണ്ടാണ് ഹോട്ട്സ്‌പ്രിംഗിലും ഡെപസാങ് മേഖലകളിലും ചൈനീസ് സൈന്യം കടന്നുകയറിയതും. ഇന്ത്യൻ സൈന്യത്തിന്റെ പതിവ് പട്രോളിംഗ് മേഖലകളിൽ ചൈനീസ് സൈന്യം കടന്നുകയറിയെന്നാണ് അറിവ്.

ഗോഗ്ര, പാംഗോങ് തടാക മേഖലകളിൽ നിന്ന് സേനകളെ പിൻവലിച്ചെങ്കിലും ഹോട്ട്സ്‌പ്രിംഗിൽ ഇപ്പോഴും ഇരുപക്ഷവും മുഖാമുഖം തുടരുകയാണ്. മഞ്ഞു വീഴ്ചയ്ക്ക് മുമ്പ് വീണ്ടും കമാൻഡർമാർ കൂടിക്കാഴ്ച നടത്തി ധാരണയുണ്ടാകാൻ സാദ്ധ്യത കുറവാണ്.