ഐസിസ് ധനകാര്യ മേധാവി പിടിയിൽ

Wednesday 13 October 2021 1:04 AM IST

ബാഗ്ദാദ്: ഭീകരസംഘടനയായ ഐസിസിന്റെ ധനകാര്യ വിഭാഗം മേധാവിയെ ഇറാഖ് സേന പിടികൂടി. കൊടുംഭീകരൻ സമി ജസീമിനെ രാജ്യത്തിന് പുറത്ത് നിന്നാണ് ഇറാഖി സുരക്ഷാസേനയും രഹസ്യാന്വേഷണ ഏജൻസികളും ചേർന്ന് പിടികൂടിയത്. കൊല്ലപ്പെട്ട ഐസിസ് മേധാവി അബൂബക്കർ അൽ ബഗ്ദാദിയുമായി അടുത്ത ബന്ധമുള്ള ജസീമിനെ പിടികൂടിയ വിവരം ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ ഖാദിമിയാണ് പുറത്തു വിട്ടത്. ഹാജി ഹമീദ് എന്ന പേരിലും അറിയപ്പെടുന്ന ജസീമിനെ പിടികൂടാൻ സഹായിക്കുന്നവർക്ക് യു.എസ് സേന 50 ലക്ഷം ഡോളർ വാഗ്ദാനം ചെയ്തിരുന്നു. രാജ്യത്തിന് പുറത്തെ രഹസ്യ കേന്ദ്രത്തിൽ നിന്ന് ദിവസങ്ങൾക്ക് മുൻപ് പിടിയിലായ ഇയാളെ അഞ്ച് ദിവസം മുൻപ് ഇറാഖിലെത്തിച്ചു. ഇയാളെ രക്ഷപ്പെടുത്താൻ ഭീകരർ ശ്രമിക്കുമെന്ന മുന്നറിയിപ്പുള്ളതിനാൽ കനത്ത സുരക്ഷയിലാണ് ജസീമിനെ പാർപ്പിച്ചിരിക്കുന്നത്. അറസ്റ്റിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. ഐസിസിന്റെ ഭീകര പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായിരുന്ന ജാസീം 2014ൽ സംഘടനയുടെ ഖജനാവ് സൂക്ഷിപ്പ് ചുമതല ഏറ്റെടുക്കുകയുമായിരുന്നു. ഐസിസിന്റെ നിത്യച്ചിലവിന് ആവശ്യമായ പണം കണ്ടെത്തുകയായിരുന്നു ഇയാളുടെ ചുമതല. ലോകത്താകെയുള്ള ഐസിസ് അനുഭാവികളിൽ നിന്ന് സംഭാവനകൾ സ്വരൂപിക്കുക, ബാങ്കുകൾ കൊള്ളയടിക്കുക എന്നിവയും ചെയ്തിരുന്നു. 2014ൽ സിറിയയിലും ഇറാഖിലും ഐസിസ് സജീവമായതോടെ അനധികൃത എണ്ണ - വാതക വിൽപ്പനയിലൂടെയും, നൂറ്റാണ്ടുകൾ പഴക്കമുള്ള പുരാവസ്തുക്കൾ വിവിധ രാജ്യങ്ങളിലേക്ക് കടത്തിക്കൊണ്ടു പോയി വില്പ്പന നടത്തിയും ഭീകര പ്രവർത്തനങ്ങൾക്കായി പണം സമാഹരിച്ചിരുന്നു.

Advertisement
Advertisement