പ്രളയ ഭീതിയിൽ മുഖാമുഖം , ഒടുവിൽ ആശ്വാസത്തിന്റെ തിരിച്ചൊഴുക്ക്

Wednesday 13 October 2021 2:34 AM IST
ചാലക്കുടി വെട്ടുകടവ് പാലത്തിൽ നിന്നും നിറഞ്ഞൊഴുകുന്ന പുഴ വീക്ഷിക്കുന്ന നാട്ടുകാർ

ചാലക്കുടി: 2018ലെ മഹാ പ്രളയത്തിന്റെ ഓർമ്മകളിൽ നടുങ്ങി നിന്ന മണിക്കൂറുകൾ... വീട് വിട്ടിറങ്ങാൻ ഒരുങ്ങി നൂറുകണക്കിന് കുടുംബങ്ങൾ, കുറേപേർ ദുരിതാശ്വാസ ക്യാമ്പുകളിലും. കഴിഞ്ഞ പുലർച്ചെ ചാലക്കുടിപ്പുഴയുടെ തീരത്തുള്ളവർ അനുഭവിച്ച ആധി പറഞ്ഞറിയിക്കാൻ കഴിയാത്തതായിരുന്നു. തമിഴ്‌നാട് ജലസേചന വകുപ്പ് പറ്റിച്ച പണിയായിരുന്നു കണ്ണും ചിമ്മി എഴുന്നേറ്റ ജനങ്ങളെ തലങ്ങും വിലങ്ങും ഓടിച്ചത്.

പറമ്പിക്കുളം ഡാം അധികൃതരുടെ തലതിരിഞ്ഞ പ്രവൃത്തി ഒരിക്കൽക്കൂടി ആവർത്തിച്ചത് പുലർച്ചെ രണ്ടരയ്ക്ക്. മുന്നറിയിപ്പുകൾ ഇല്ലാതെ അവർ പെരിങ്ങൽക്കുത്ത് ഡാമിലേക്ക് തുറന്നു വിട്ട വെള്ളം സെക്കന്റിൽ 12,000 ഘന അടിയായിരുന്നു. ഇതോടെ പൊരിങ്ങൽക്കുത്ത് കെ.എസ്.ഇ.ബിക്കും വൻതോതിൽ വെള്ളം പുറത്തു വിടേണ്ട സാഹചര്യമുണ്ടായി. മൂന്നരയോടെ എമർജൻസി ഗേറ്റ് തുറുന്നു. ഇതോടൊപ്പം തുറന്നിട്ടിരിക്കുന്ന ഏഴ് ഷട്ടറുകളിലൂടേയും വെള്ളം ഒഴുകി. പദ്ധതി പ്രദേശത്ത് കനത്ത മഴയും തുടർന്നു. എല്ലാ ദുരിതങ്ങളും ഒന്നിച്ചപ്പോൾ മിനിറ്റുകൾ വച്ചായിരുന്നു പുഴയിൽ ജലവിതാനം ഉയർന്നത്.

ഭീതിയിൽ നിന്നും മെല്ലെ ആശ്വാസത്തിലേക്ക്

ആറു മണിക്കൂറിനകം പൊങ്ങിയതാകട്ടെ ആറു മീറ്ററോളം വെള്ളം. നിലവിൽ ഒരു മീറ്ററായിരുന്നു ജലനിരപ്പ്. മൂന്ന് മീറ്റർ കൂടി ഉയർന്നാൽ 2018ലെ പ്രളയത്തിന് സമാനമാകുമായിരുന്നു. താഴ്ന്ന പ്രദേശത്തുള്ള വീട്ടുകാരെയാണ് ഒഴിപ്പിച്ചതെങ്കിലും ആയിരക്കണക്കിന് ആളുകൾ എല്ലാം കെട്ടിപെറുക്കി മുൻ കരുതലെടുത്തു.

പിന്നീട് കണ്ടത് ആശ്വാസത്തിന്റെ നെടുവീർപ്പാണ്. നാട്ടിൽ മഴ ശമിക്കുകയും മലയോരങ്ങളിൽ ശക്തി കുറയുകയും ചെയ്തു. വൈകീട്ടോടെ പറമ്പിക്കുളത്തു നിന്നും വരുന്ന വെള്ളത്തിന്റെ അളവ് 2000 ഘന അടിയായി കുറഞ്ഞു. ഇനിയുള്ള മണിക്കൂറുകളിൽ കനത്ത മഴയുണ്ടെങ്കിലെ ആശങ്കപ്പെടേണ്ടതുള്ളൂവെന്ന് അധികൃതരും വ്യക്തമാക്കി. വലിയൊരു അങ്കലാപ്പിൽ നിന്നും മോചനം ലഭിച്ച ആശ്വാസമായിരുന്നു ഇന്നലെ ഉച്ചമുതൽ ചാലക്കുടിക്കാരുടെ മുഖങ്ങളിൽ പ്രകടമായത്.

Advertisement
Advertisement