കോരിച്ചൊരിഞ്ഞ് മഴ: പ്രളയ ഭീതി, ഡാമുകളിലെ ഷട്ടറുകൾ കൂടുതൽ ഉയർത്തി

Wednesday 13 October 2021 2:51 AM IST
പെരിങ്ങൽക്കുത്ത് ഡാമിന്റെ ഷട്ടറുകൾ തുറന്നപ്പോൾ

തൃശൂർ: ജില്ലയിൽ അതിശക്തമായ മഴയിൽ വ്യാപകമായ നഷ്ടം. നൂറുക്കണക്കിന് വീടുകളിൽ വെള്ളം കയറി. നിരവധി കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. രണ്ട് ദിവസം മുമ്പ് ആരംഭിച്ച മഴ തിങ്കളാഴ്ച്ച രാത്രിയോടെ കുടുതൽ ശക്തിപ്രാപിക്കുകയായിരുന്നു. ഇന്നലെ പകൽ മുഴുവൻ തകർത്ത് പെയ്ത മഴ രാത്രിയും തുടരുകയാണ്. ചേർപ്പ് അമ്മാടത്ത് വീടിന് മുകളിലേക്ക് കെട്ടിടം തകർന്നു വീണു. ആളപായമില്ല. അമ്മാടം പൂത്തറക്കൽ റോഡിൽ തണ്ടാശേരി റാഫിയുടെ വീടിന് മുകളിലേക്കാണ് തൊട്ടടുത്തുള്ള കാലപഴക്കം ചെന്ന കെട്ടിടം തകർന്ന് വീണത്. ചാലക്കുടി മേഖലയിലാണ് മഴ ജനജീവിതത്തെ സാരമായി ബാധിച്ചത്. പെരിങ്ങൽ കുത്ത്, ഷോളയാർ, പറമ്പിക്കുളം ഡാമുകൾ തുറന്നതോടെ ചാലക്കുടി പുഴയിൽ ജനലനിരപ്പ് ഉയർന്ന് നിരവധി വീടുകളിൽ വെള്ളം കയറി. ഇവിടെ ദുരന്തനിവാരണ സേനയെ രംഗത്തിറക്കിയിട്ടുണ്ട്. ജില്ലാ കളക്ടറുടെ നേതൃത്വത്തിലും മന്ത്രി കെ. രാജന്റെ നേതൃത്വത്തിലും സ്ഥിതിഗതികൾ വിലയിരുത്താൻ അടിയന്തിര യോഗം ചേർന്നു.

അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ ശക്തി വർദ്ധിച്ചു. സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തുമ്പൂർമുഴിയിലും വെള്ളച്ചാട്ടം ശക്തമായിട്ടുണ്ട്. മലക്കപ്പാറ റോഡ് അടച്ചു. ജില്ലയിലെ എല്ലാ താലൂക്കുകളിലും കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. ഗുരുവായൂർ ക്ഷേത്ര നഗരിയും വെള്ളക്കെട്ടിലമർന്നു.


ഡാമുകളുടെ ഷട്ടർ കൂടുതൽ ഉയർത്തി

ജില്ലയിലെ ഡാമുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് ഷട്ടറുകൾ കൂടുതൽ ഉയർത്തി. പീച്ചീ ഡാമിന്റെ നാലിഞ്ചാണ് ഉയർത്തിയിരിക്കുന്നത്. മണിക്കൂറിൽ ഒരു സെന്റി മീറ്റർ എന്ന നിലയിലാണ് പീച്ചിയിൽ ജലനിരപ്പ് ഉയർന്ന് കൊണ്ടിരിക്കുന്നത്. ജലവിതാനം കുറഞ്ഞില്ലെങ്കിൽ കൂടുതൽ ഉയർത്തുമെന്നതിനാൽ മണലിപ്പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവരോട് ജാഗ്രത പുലർത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. വാഴാനി, ചിമ്മിനി, പൂമല, അസുരൻ കുണ്ട് എന്നിവിടങ്ങളിൽ വൃഷ്ടി പ്രദേശത്ത് കനത്ത മഴയാണ്. കരുവന്നൂർ, കനോലി കനാൽ, ഭാരതപ്പുഴ എന്നിവിടങ്ങളിലും ജലനിരപ്പ് ഉയരുകയാണ്. വിനോദ സഞ്ചാര മേഖലകളിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.


മഴ കൂടുതൽ പെരിങ്ങൽ കുത്തിൽ

തിങ്കളാഴ്ച്ച മുതൽ ചൊവ്വാഴ്ച്ച രാവിലെ വരെ ഉണ്ടായ മഴ കൂടുതൽ പെയ്തത് പെരിങ്ങൽ കുത്ത് ഡാം പരിസരത്താണ്. 170.5 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. വടക്കാഞ്ചേരിയിൽ 130 മില്ലി മീറ്റർ മഴ ലഭിച്ചു. ജില്ലയിൽ ഒക്ടോബർ ഒന്ന് മുതൽ 12 വരെയുള്ള കണക്ക് പ്രകാരം ലഭിക്കേണ്ട ശരാശരി മഴയേക്കാൾ 39 ശതമാനം കൂടുതലാണ് ലഭിച്ചിരിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു.

ജില്ലയിലെ ഇന്നലെ ലഭിച്ച മഴ

കൊടുങ്ങല്ലൂർ -17.2 മില്ലി മീറ്റർ
ഇരിങ്ങാലക്കുട- 54.8
ഏനാമാക്കൽ- 60
ചാലക്കുടി- 60.6
വെള്ളാനിക്കര- 59.2
പെരിങ്ങൽകുത്ത്- 170.5
വൈന്തല - 110. 5
വടക്കാഞ്ചരി - 130

വ്യാപക കൃഷി നാശം

മൂന്നു ദിവസം ആയി പെയ്യുന്ന കനത്ത മഴയിൽ ജില്ലയിൽ വ്യാപക കൃഷി നാശമാണ് ഉണ്ടായിട്ടുള്ളത്. ചേർപ്പ്, മണലൂർ, അന്തിക്കാട്, അരിമ്പൂർ മേഖലകളിൽ നെൽക്കൃഷി വെള്ളത്തിലായി. 10 മുതൽ 25 ദിവസം മാത്രം പ്രായമുള്ള നെൽച്ചെടികളാണ് വെള്ളം നിറഞ്ഞു മൂടിയിരിക്കുന്നത്. മഴയ്ക്ക് ശമനമായില്ലെങ്കിൽ മുളച്ച് പൊന്തിയ ഞാറ് നശിച്ചു പോകുമെന്ന് കർഷകർ പറഞ്ഞു. വെള്ളക്കെട്ടും കൃഷിനാശവും ഒഴിവാക്കുന്നതിന് ഏനാമാവ് റഗുലേറ്റർ പൂർണ്ണമായും തുറന്ന് വെള്ളം കടലിലേക്ക് ഒഴുക്കിവിടുകയാണ്.

Advertisement
Advertisement