മനസാകെ നനഞ്ഞല്ലോ തീ കാഞ്ഞുകിടന്നല്ലോ...

Wednesday 13 October 2021 2:51 AM IST

തിരുവനന്തപുരം: മനസാകെ നനഞ്ഞല്ലോ തീ കാഞ്ഞുകിടന്നല്ലോ..ഒഴിയുന്നൂ വഴിയുന്നൂ അഴിഞ്ഞു ഞങ്ങൾ തളർന്നുറങ്ങുന്നൂ..കറുകറെ കാർമുകിൽ കൊമ്പനാനപ്പുറത്തേറി എഴുന്നള്ളും മൂർത്തേ... കാവാലം ശ്രീകുമാറിന്റെ നേതൃത്വത്തിൽ സോപാനത്തിലെ ഗായകർ നെടുമുടി വേണുവിന് ശ്രദ്ധാഞ്ജലി അർപ്പിക്കുമ്പോൾ ഗുരു കാവാലം നാരായണപ്പണിക്കർക്ക് നെടുമുടിവേണു യാത്രാമൊഴിയേകിയതാകും സഹപ്രവർത്തകരും സുഹൃത്തുക്കളും ഓർത്തിരിക്കുക.

കാവാലത്തിന്റെ മൃതദേഹത്തിനരികെ രാവിലെ മുതൽ ഉച്ചവരെ നീണ്ടുനിന്ന ആ ഗാനാലാപനത്തിൽ നെടുമുടി വേണു പലതവണ കണ്ണീർ വാർത്തിരുന്നു. അന്ന് ശിഷ്യന്റെ ഗാനാർച്ചനയിൽ കാവാലം മനസ് നിറഞ്ഞാകും മടങ്ങിയതെന്ന് ശ്രീകുമാറും പറഞ്ഞിരുന്നു. ഇന്ന് വേണു അരങ്ങൊഴിയുമ്പോൾ അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട അതേ പാട്ടുകൾ പാടിയാണ് കാവാലത്തിന്റെ മകൻ വേണുവിനെ യാത്രയാക്കിയത്. ആ സന്തോഷം വേണുവിനും ഉണ്ടാവുമെന്ന വിശ്വാസത്തിലായിരുന്നു കാവാലം സംഘത്തിന്റെ സമർപ്പണം.

ആലോലം എന്ന സിനിമയിൽ കാവാലം നാരായണപ്പണിക്കർ എഴുതിയ ''ആലായാൽ തറവേണം അടുത്തൊരമ്പലം വേണം...'' എന്ന നാടൻപാട്ടായിരുന്നു വേണുവിന് ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്ന്. അതടക്കമുള്ള ഒരുപിടി ഗാനങ്ങളാണ് ഇന്ന് അയ്യങ്കാളി ഹാളിൽ ആലപിക്കപ്പെട്ടത്.

ശാന്തികവാടത്തിലേക്കുള്ള വേണുവിന്റെ ഒടുവിലെ യാത്രയ്ക്ക് മുമ്പ് വരെ അദ്ദേഹം പാടിയതും അഭിനയിച്ചതുമായ പ്രിയഗാനങ്ങൾ ശ്രദ്ധാഞ്ജലിയായി സോപാനത്തിലെ ഗായകരായ കാവാലം സജീവൻ, സജികുമാർ, കലാധരൻ, കെ.ശിവകുമാർ തുടങ്ങിയവർ ഉൾപ്പെടുന്ന സംഘം ആലപിച്ചു.