കോണ്ടം ഉപയോഗിക്കുമ്പോൾ മിക്ക പുരുഷന്മാരും വരുത്തുന്ന പ്രധാന അബദ്ധം; ഈ അശ്രദ്ധയ്ക്ക് ചിലപ്പോൾ വലിയ വില കൊടുക്കേണ്ടിവരും

Wednesday 13 October 2021 12:06 PM IST

ഗർഭ നിരോധന മാർഗങ്ങൾ ഉപയോഗിച്ച് ലൈംഗിക ബന്ധത്തിലേർപ്പെടുന്ന ഒരുപാടാളുകൾ ഉണ്ട്. ഇതിൽ കൂടുതൽ പേരും ഉപയോഗിക്കുന്നത് കോണ്ടമാണ്. ഗർഭധാരണത്തിന് ഒപ്പം തന്നെ ലൈംഗിക രോഗങ്ങൾ പകരുന്നത് ഒഴിവാക്കാനും ഏറ്റവും നല്ല മാർഗമായാണ് കോണ്ടത്തിനെ ആളുകൾ കാണുന്നത്.

എന്നാൽ കോണ്ടം ഉപയോഗിക്കുമ്പോൾ മിക്ക പുരുഷന്മാരും വരുത്തുന്ന ചില അബദ്ധങ്ങളുണ്ട്.കോണ്ടത്തിന് തകരാറുണ്ടോ എന്ന് പരിശോധിക്കാൻ മറന്ന് പോകുന്നതാണ് അതിൽ പ്രധാനം. ചിലപ്പോൾ ഇതിൽ ചെറിയ ദ്വാരങ്ങൾ ഉണ്ടാകാറുണ്ട്. ഇത് ‌ഗർഭധാരണ സാദ്ധ്യതയും, ലൈംഗിക രോഗങ്ങൾ പകരുന്നതിനുള്ള സാദ്ധ്യതയും വർദ്ധിപ്പിക്കുന്നു. ഉപയോഗിക്കുന്നതിന് മുൻപ് കോണ്ടം നന്നായി പരിശോധിച്ച് ദ്വാരങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തുക.

ചിലയാളുകൾ ലൈംഗിക ബന്ധത്തിന്റെ തുടക്കത്തിൽ കോണ്ടം ഉപയോഗിക്കില്ല. ഇങ്ങനെ ചെയ്യുന്നത് ലൈംഗിക രോഗങ്ങൾ പിടിപെടാൻ കാരണമായേക്കും. ലൈംഗികബന്ധം പൂർത്തിയാകുന്നതിന് മുമ്പ് കോണ്ടം ഊരിമാറ്റുന്നതും ഈ സാദ്ധ്യത വർദ്ധിപ്പിക്കും. ലൈംഗിക ബന്ധം അവസാനിക്കുന്നത് വരെ നിർബന്ധമായും കോണ്ടം ധരിക്കുക.

ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ കോണ്ടം പൊട്ടിപ്പോകാനുള്ള സാദ്ധ്യതയുണ്ട്. ഒരേ സമയം ഒന്നിലധികം കോണ്ടം ഒരിക്കലും ഉപയോഗിക്കരുത്.തണുപ്പുള്ള, നനവില്ലാത്ത സ്ഥലത്ത് വേണം ഇവ സൂക്ഷിക്കാൻ. അല്ലെങ്കിൽ കേടാവും. അത് ധരിക്കാനും പ്രയാസമായിരിക്കും.കോണ്ടത്തിൻറെ നിറം മാറിയാൽ അവ ഉപയോഗിക്കരുത്. അത് രോഗങ്ങൾ ഉണ്ടാകാൻ കാരണമാകും.

കോണ്ടം ഉപയോഗവുമായി ബന്ധപ്പെട്ട്കുറേ തെറ്റിദ്ധാരണകളുമുണ്ട്. കോണ്ടം ഉപയോഗിക്കുന്നത് ലൈംഗികബന്ധത്തിൽ വേണ്ടത്ര തൃപ്തിനല്‍കില്ലെന്ന് കരുതുന്ന വലിയ വിഭാഗമുണ്ട്. എന്നാൽ, സുരക്ഷിതമായ ലൈംഗിക ബന്ധത്തിന് കോണ്ടം ഉപയോഗിക്കുന്നത് നല്ലതാണ് എന്നാണ് മിക്ക ഡോക്ടർമാരും പറയുന്നത്.