നവരാത്രി സാധനയുടെ തലങ്ങൾ

Thursday 14 October 2021 12:00 AM IST

ഭാരതത്തിലുടനീളം ഉത്സവമായാണ് നവരാത്രി കൊണ്ടാടുന്നത്.. എന്നാൽ കേവലമൊരു ഉത്സവം മാത്രമല്ല, ജപഹോമസ്വാധ്യായ നിരതമായ സാധനാപദ്ധതിയും നവരാത്രിയുടെ പ്രധാന ഭാഗമാണ്.

ഇതാകട്ടെ, വേദങ്ങളുടെയും വൈദിക ഋഷിമാരുടെയും കാഴ്ചപ്പാടു തന്നെയാണ്. അവർ സാധന എന്നതുകൊണ്ട് ഉദ്ദേശിച്ചിരുന്നത് ഭൗതികജീവിതത്തിൽ നിന്നുള്ള ഉൾവലിയലിനെയോ ഒളച്ചോട്ടത്തെയോ ആയിരുന്നില്ല. മറിച്ച് ജീവിതം എങ്ങനെ ആനന്ദപ്രദമാക്കാം, ആഘോഷപൂർണമാക്കാം എന്നതിനുള്ള മാർഗരേഖയായാണ് വിവിധ സാധനാപദ്ധതികളെ അവർ മുന്നോട്ടുവെച്ചത്. ഗുരുവിൽനിന്നുള്ള മന്ത്രദീക്ഷയാണ് ആദ്യക്ഷരം കുറിക്കുന്ന ചടങ്ങായി നവരാത്രി ആഘോഷത്തിൽ കടന്നുവന്നത്.
ദീക്ഷയിലൂടെ സാധന ആരംഭിച്ചാൽ, പ്രാരംഭഘട്ടത്തിൽ തുണയായി വരേണ്ടത് മഹാഗണപതിയാണ്. 'ഓം ഹരിഃ ശ്രീ ഗണപതയേ നമഃ; അവിഘ്‌നമസ്തു; ശ്രീ ഗുരുഭ്യോ നമഃ ' എന്നാണ് കുട്ടികളെക്കൊണ്ട് എഴുതിക്കുന്നത്. ഏതൊരു വ്യക്തിയുടെയും പുരോഗമനത്തിനും ഉന്നതിയ്ക്കും വന്നുചേരുന്ന സർവവിധ തടസങ്ങളെയും ഇല്ലാതാക്കാൻ നമ്മെ സഹായിക്കുന്ന ഈശ്വരശക്തിയാണ് മഹാഗണപതി. ഗണപതി ദേവതയായുള്ള മന്ത്രങ്ങൾ ഋഗ്വേദത്തിലും യജുർവേദത്തിലുമെല്ലാമുണ്ട്. അങ്ങനെയുള്ള ഗണപതിയിൽ തുടങ്ങുന്ന ഉപാസനയാണ് പിന്നീട് പരാശക്തിയിലേക്ക് കടക്കുന്നത്. പരാശക്തിയുടെ സരസ്വതി, ലക്ഷ്മി, ദുർഗ തുടങ്ങിയ വിവിധ ഭാവങ്ങൾ നവരാത്രിസാധനയിൽ വരുന്നുണ്ട്. സമസ്ത വിദ്യകളും നേടാൻ സഹായിക്കുന്ന ഈശ്വരന്റെ ശക്തിയാണ് സരസ്വതി. വേദങ്ങളിൽ ഈശ്വരശക്തിയായ സരസ്വതിയെ വാണീപ്രചോദനത്തിന്റെ സ്രോതസായാണ് ചിത്രീകരിച്ചിട്ടുള്ളത്. .

ശാസ്ത്രസാങ്കേതികതകളെല്ലാം ആർജ്ജിക്കുന്നതിന് ഈശ്വരന്റെ ജ്ഞാനശക്തി പ്രചോദനമാകട്ടെ എന്ന പ്രാർത്ഥനയാണ് ആയുധപൂജയിൽ സരസ്വതി കടന്നുവരാൻ കാരണം. അറിവില്ലാതെ ചെയ്യുന്ന കർമ്മം നിഷ്ഫലമോ അല്ലെങ്കിൽ വിപരീതഫലം നൽകുന്നതോ ആയിത്തീരും. എത്രത്തോളം സരസ്വതീകടാക്ഷം നമ്മുടെ കർമ്മങ്ങളിലുണ്ടോ, അത്രത്തോളം അവ ഉത്തമമായ ഫലദായകങ്ങളുമായിരിക്കും. അങ്ങനെ ചെയ്യുന്ന കർമ്മങ്ങളെ സഫലമാക്കിത്തീർക്കുന്നതിലൂടെ ഏതൊരു സാധാരണക്കാരനെയും പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിക്കുന്നവളാണ് സരസ്വതീമാതാവ് എന്നും ഋഗ്വേദത്തിൽ പറഞ്ഞിട്ടുണ്ട്.
പരാശക്തിയുടെ സാത്വികഭാവമാണ് സരസ്വതിയെങ്കിൽ, രാജസികഭാവമാണ് ദുർഗ. ശരീരത്തിൽ ജീവശക്തി തന്നെയാണ് ദുർഗ. ആ ദുർഗയാണ് മഹിഷാസുരമർദ്ദിനിയായി മാറുന്നത്. ആരാണ് മഹിഷാസുരൻ?. മഹിഷാസുരന്റെ രൂപം പകുതി മനുഷ്യനും പകുതി മൃഗവുമാണ്. മനുഷ്യരിലെ മൃഗീയഭാവങ്ങളെയാണ് മഹിഷാസുരൻ പ്രതിനീധികരിക്കുന്നത്. എല്ലാവരിലുമുണ്ട് ഈ മൃഗീയഭാവങ്ങൾ. 'കാമഃ പശുഃ, ക്രോധഃ പശുഃ'' എന്നു പറയും. ധർമ്മത്തിനു വിരുദ്ധമായ കാമക്രോധാദി ഭാവങ്ങൾ വന്യമൃഗങ്ങളുടേതാണ്. ആ വന്യമൃഗങ്ങളെ ഹിംസിക്കുന്നവളാണ് സിംഹാസനേശ്വരിയായ ദുർഗ. ഇങ്ങനെ ആന്തരിക അസുരന്മാർ ഇല്ലാതാകുന്നതനുസരിച്ച് നമ്മുടെ ഉള്ളിലെ മധുരിമ വാക്കായി ഊറിവരാൻ തുടങ്ങും. എന്നിൽ നിന്നും തേനൂറുന്ന വാക്കുകൾ ഉദിക്കട്ടെ എന്ന ഒരു പ്രാർത്ഥന അഥർവവേദത്തിലുണ്ട്. തേൻപോലെ മധുരവും സ്വർണം പോലെ അമൂല്യവുമായ വാക്കുകളായിരിക്കണം നാവിൽനിന്നും ഉതിരേണ്ടത്. വിജയദശമി നാളിൽ സ്വർണം തേനിൽ മുക്കി 'ഹരിശ്രീ' എഴുതിക്കാൻ കാരണമിതാണ്.
ഇങ്ങനെ ഉപാസനയിലൂടെ ഒരു സുപരമാനവനെ സൃഷ്ടിക്കാനുള്ള അത്യുന്നതവും രഹസ്യാത്മകവുമായ അനേകം സങ്കല്പങ്ങളുടെയും സങ്കലനമാണ് നവരാത്രി.


(കോഴിക്കോട് ആസ്ഥാനമായുള്ള കശ്യപ വേദ റിസർച്ച് ഫൗണ്ടേഷന്റെ സ്ഥാപകനാണ് ലേഖകൻ)

Advertisement
Advertisement