പേരാവൂർ സഹകരണ ചിട്ടി തട്ടിപ്പ്: സെക്രട്ടറി അസിസ്റ്റന്റ് രജിസ്ട്രാറിന് മുന്നിൽ മൊഴി നൽകി

Wednesday 13 October 2021 10:39 PM IST
മൊഴി നൽകാനെത്തിയ സെക്രട്ടറി പി.വി. ഹരിദാസനെ സമിതിയുടെ നേതൃത്വത്തിൽ തടഞ്ഞപ്പോൾ

സമരക്കാർ സെക്രട്ടറിയെ തടഞ്ഞു

പേരാവൂർ: പേരാവൂർ കോ ഓപ്പറേറ്റീവ് ഹൗസ് ബിൽഡിംഗ് സൊസൈറ്റിയിൽ നടന്ന കോടികളുടെ ചിട്ടി തട്ടിപ്പിൽ അസിസ്റ്റന്റ് രജിസ്ട്രാർ പ്രദോഷ് കുമാറിന് മുമ്പാകെ സെക്രട്ടറി പി.വി. ഹരിദാസ് മൊഴി നൽകിയതോടെ സഹകരണ വകുപ്പ് നടത്തുന്ന അന്വേഷണം പൂർത്തിയായി.

പേരാവൂർ കോ ഓപ്പറേറ്റീവ് ഹൗസ് ബിൽഡിംഗ് സൊസൈറ്റിയിൽ നടന്ന കോടികളുടെ ചിട്ടി തട്ടിപ്പിൽ സഹകരണ വകുപ്പ് നടത്തുന്ന അന്വേഷണത്തിൽ മുൻ പ്രസിഡന്റ് കെ. പ്രിയൻ രണ്ട് ദിവസം മുമ്പ് തന്നെ മൊഴി നൽകാനെത്തിയിരുന്നെങ്കിലും സെക്രട്ടറിയായിരുന്ന പി.വി.ഹരിദാസ് മൊഴി നൽകാനെത്തിയിരുന്നില്ല. ഇതേ തുടർന്ന് മാെഴി നൽകാൻ ഹാജാരാകണമെന്നാവശ്യപ്പെട്ട് അസിസ്റ്റന്റ് രജിസ്ട്രാർ വീണ്ടും നോട്ടീസ് നൽകിയതിനെ തുടർന്നാണ് ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ സൊസൈറ്റിയിൽ തന്നെ സെക്രട്ടറി മൊഴി നൽകാനെത്തിയത്.

തത്സമയം ചിട്ടിപ്പണം തിരികെ നൽകണമെന്നാവശ്യപ്പെട്ട് ഇടപാടുകാരുടെ നേതൃത്വത്തിൽ റിലേ നിരാഹാര സമരം നടത്തുന്നവർ സെക്രട്ടറിയെ തടഞ്ഞു. തുടർന്ന് പൊലീസ് ഇടപെട്ടാണ് സെക്രട്ടറിയെ സൊസൈറ്റിയിലേക്ക് കയറ്റി വിട്ടത്.

അസിസ്റ്റന്റ് രജിസ്ട്രാർ പ്രദോഷ് കുമാറിന് മുമ്പാകെയാണ് സെക്രട്ടറി മൊഴി നൽകിയത്.ഉച്ചയ്ക്ക് രണ്ടരയോടെ ആരംഭിച്ച ചോദ്യം ചെയ്യലും മൊഴിയെടുക്കലും വൈകുന്നേരം അഞ്ചരയോടെയാണ് പൂർത്തിയായത്. പി.വി. ഹരിദാസൻ മൊഴി നൽകാനെത്തിയതോടെ ഇതു സംബന്ധിച്ച അന്വേഷണം പൂർത്തിയായതായി അസിസ്റ്റന്റ് രജിസ്ട്രാർ പ്രദോഷ് കുമാർ പറഞ്ഞു. സെക്രട്ടറി അന്വേഷണത്തോട് സഹകരിച്ചതായും ജീവനക്കാരുടെയും മറ്റ് ഭരണ സമിതി അംഗങ്ങളുടെ മൊഴികളും രേഖപ്പെടുത്തിയതായും ഇതുസംബന്ധിച്ച റിപ്പോർട്ട് സഹകരണ ജോയിന്റ് രജിസ്ട്രാർക്ക് കൈമാറുമെന്നും പ്രദോഷ് കുമാർ പറഞ്ഞു.



16ന് മുൻ പ്രസിഡന്റിന്റെ വീട്ടിലേക്ക് മാർച്ച്

നിക്ഷേപകർക്ക് ചിട്ടിപ്പണം മടക്കി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കർമ്മ സമിതിയുടെ നേതൃത്വത്തിൽ പേരാവൂർ കോഓപ്പറേറ്റീവ് ഹൗസ് ബിൽഡിംഗ് സൊസൈറ്റി മുന്നിൽ നടത്തുന്ന റിലേ നിരാഹാര സമരം അവസാനിപ്പിച്ചു. നവരാത്രിയോടനുബന്ധിച്ചാണ് വ്യാഴം, വെള്ളി ദിവസങ്ങളിലെ സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ശനിയാഴ്ച്ച മുൻ പ്രസിഡന്റ് കെ. പ്രിയന്റെ വീട്ടിലേക്ക് മാർച്ചും ധർണയും നടത്തുമെന്ന് കർമ്മ സമിതി കൺവീനർ സിബി മേച്ചേരി പറഞ്ഞു.

മൂന്നാം ദിവസം കർമ്മ സമിതി ചെയർമാൻ കെ.സനീഷാണ് നിരാഹരം അനുഷ്ഠിച്ചത്. മാത്യു തോട്ടത്തിൽ, ടി.ബി. വിനോദ് കുമാർ, മിനി തുടങ്ങിയവർ സംബന്ധിച്ചു.


സെക്രട്ടറിയുടെ സ്വത്ത്
ക്രയവിക്രയം തടഞ്ഞു

പേരാവൂർ ഹൗസ് ബിൽഡിംഗ് സൊസൈറ്റി സെക്രട്ടറി പി.വി. ഹരിദാസന്റെ പേരിലുള്ള വസ്തുവകകളുടെ ക്രയവിക്രയം തടഞ്ഞ് ജോയിന്റ് രജിസ്ട്രാർ ഉത്തരവിറക്കി. ചിട്ടി കാലാവധി കഴിഞ്ഞിട്ടും നിക്ഷേപകർക്ക് പണം നൽകാത്ത സംഭവത്തിൽ വകുപ്പുതല അന്വേഷണം നേരിടുകയാണ് സെക്രട്ടറി. തന്റെ സ്വത്തുവകകൾ മക്കളുടെ പേരിലേക്ക് മാറ്റാൻ ശ്രമിച്ചതായ പരാതിയെ തുടർന്നാണ് ക്രയവിക്രയം തടഞ്ഞു കൊണ്ടുള്ള ഉത്തരവ് ഇറക്കിയത്. നേരത്തെ സെക്രട്ടറിയുടെ സ്വത്തുവകകളുടെ ലഭ്യമായ വിവരം ശേഖരിച്ചിരുന്നു.

Advertisement
Advertisement