കാലാവസ്ഥാ ഉടമ്പടി പാലിക്കുന്നതിൽ വിട്ടുവീഴ്ചയില്ല : ഇന്ത്യ

Friday 15 October 2021 2:38 AM IST

ന്യൂയോർക്ക് : കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കാൻ എല്ലാ ലോകരാജ്യങ്ങളും കൂട്ടായി പരിശ്രമിക്കണമെന്ന് ഇന്ത്യ.

ആഗോളതലത്തിൽ സുസ്ഥിര വികസനം എന്നതിലാകണം ഏവരുടേയും ചിന്തയെന്ന് ഐക്യരാഷ്ട്ര സഭയുടെ പൊതുയോഗത്തിൽ ഇന്ത്യക്കായി യു.എൻ ഫസ്റ്റ് സെക്രട്ടറി സ്‌നേഹാ ദുബെ പറഞ്ഞു. ഇന്ത്യ എന്നും ആഗോള നന്മയാണ് ആഗ്രഹിക്കുന്നത്. ഏത് നയം രൂപീകരിക്കുമ്പോഴും ആഗോളതലത്തിൽ ജനങ്ങളെ അത് എങ്ങനെ ബാധിക്കുന്നുവെന്ന് വിശകലനം ചെയ്യാൻ എല്ലാ രാജ്യങ്ങൾക്കും ബാദ്ധ്യതയുണ്ട്. കാലാവസ്ഥാ വിഷയത്തിൽ പാരീസ് ഉടമ്പടി പ്രകാരം എല്ലാ മാനദണ്ഡങ്ങളും പാലിക്കാൻ ഇന്ത്യ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് സ്നേഹ കൂട്ടിച്ചേർത്തു.

ആഗോള താപനത്തിന്റെ വിഷയത്തിൽ ഓരോ രാജ്യവും അതാത് പ്രദേശത്തെ സാഹചര്യങ്ങളെ മെച്ചപ്പെടുത്താൻ ശ്രമിക്കണം. 2050ലെത്തുമ്പോഴേക്കും കാർബൺ പുറന്തള്ളൽ പരമാവധി കുറയ്ക്കാൻ ഇന്ത്യ പരിശ്രമിക്കുകയാണ്. വികസിത രാജ്യങ്ങൾ എന്തുകൊണ്ട് അന്തരീക്ഷ കാർബൺ പൂജ്യത്തിനും താഴേക്ക് എത്തിക്കാൻ ശ്രമിക്കുന്നില്ലെന്നും സ്‌നേഹ ദുബെ ചൂണ്ടിക്കാട്ടി.

പാരീസ് കാലാവസ്ഥാ മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി വന സംരക്ഷണത്തിനും വനസമ്പത്ത് വർദ്ധിപ്പിക്കാനും ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ
ഭാഗമായി ഇന്ത്യ 2030നുള്ളിൽ 26 കോടി ഹെക്ടർ തരിശുഭൂമി കൃഷിയുക്തമാക്കാനുള്ള പദ്ധതികൾക്ക് രൂപം നല്കിയിട്ടുണ്ട്.

അതേ സമയം ലോക ജനസംഖ്യയുടെ 85 ശതമാനത്തെയും കാലാവസ്ഥ വ്യതിയാനം ഇതിനകം ബാധിച്ചുകഴിഞ്ഞതായി റിപ്പോർട്ട്.

അന്തരീക്ഷ മർദ്ദം കുത്തനെ ഉയർന്നും മഴ കൂടിയും ഓരോ പ്രദേശവും വ്യത്യസ്ത രീതികളിലാണ് മാറിയ കാലാവസ്ഥയുടെ കെടുതികൾ അനുഭവിക്കുന്നത്. ആഫ്രിക്കയിൽ ചൂട്, മഴ എന്നിവയിലെ അളവിലുണ്ടായ വ്യത്യാസങ്ങൾ ഇതിന്റെ ഭാഗമാണ്.

ഫോസിൽ ഇന്ധനങ്ങളാണ് കാലാവസ്ഥാ വ്യതിയാനത്തിന് പ്രധാന കാരണം.

Advertisement
Advertisement