കൊല്ലത്ത് ബിജെപി ​- എസ്എഫ്ഐ സംഘർഷം,​ നാലുപേർക്ക് പരിക്ക്

Friday 15 October 2021 12:39 AM IST

കൊല്ലം: കൊല്ലം കടയ്ക്കലിൽ എസ്‌.എഫ്‌.ഐ പ്രവർത്തകരും ബി‌.ജെ‌.പി പ്രവർത്തകരും തമ്മിൽ സംഘർഷം. കടയ്ക്കൽ എസ് എച്ച് എം കോളജിന് മുന്നിലാണ് സംഭവം. സംഘർഷത്തിൽ നാല് പേർക്ക് പരിക്കേറ്റു. എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗം സഫറിനാണ് കൈക്ക് വെട്ടേറ്റത്. തലയിലടക്കം പരിക്കേറ്റ മൂന്ന് ബി‌.ജെ‌.പി പ്രവർത്തകരെയും ആശുപത്രിയിലേക്ക് മാറ്റി

കോളേജിൽ ബി ജെ പി പ്രവർത്തകർ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ആയുധപൂജ നടത്തിയെന്നാണ് എസ്.എഫ്.ഐയുടെ ആരോപണം. ഇത് ചോദ്യം ചെയ്തതിന് ബി‌.ജെ‌.പി പ്രവർത്തകർ വിദ്യാർത്ഥികളെ ആക്രമിച്ചതായി ഇവർ പറയുന്നു. അതേസമയം . ആയുധങ്ങളുമായി സംഘടിച്ചെത്തിയ എസ്‌.എഫ്.ഐ പ്രവർത്തകർ പ്രകോപനമില്ലാതെ ആക്രമിക്കുകയായിരുന്നുവെന്ന് ബി.ജെ.പി ആരോപിച്ചു.. പൊലീസെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.

ഇതിന് പിന്നാലെ തിരുവനന്തപുരത്തും ബി.ജെ.പി ​- ഡി.വൈ.എഫ്.ഐ സംഘർഷമുണ്ടായി. വെമ്പായം മദപുരത്ത് വെയ്റ്റിംഗ് ഷെഡുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. നാല് പേർക്ക് പരിക്കേറ്റു. സി.പി.എം ബ്രാഞ്ച് സെക്രട്ടറി സുരേഷ്, ഡി വൈ എഫ് ഐ പ്രവർത്തകനായ രാഹുൽ,​ ആർ എസ് എസ് പ്രവർത്തകരായ ജിതിൻ, വിനീഷ് എന്നിവർക്കാണ് പരുക്കേറ്റത്. രണ്ട് പേരെ മെഡിക്കൽ കോളേജിലും രണ്ട് പേരെ കന്യാകുളങ്ങര സർക്കാർ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Advertisement
Advertisement