ബംഗ്ലാദേശിൽ ദുർഗാപൂജ നടത്തിയ ഭക്തൻമാർക്ക് നേരെ വ്യാപക അക്രമം, വിഗ്രഹങ്ങൾ തകർത്തു, മൂന്ന് പേർ കൊല്ലപ്പെട്ടു

Friday 15 October 2021 8:36 AM IST

ധാക്ക : ബംഗ്ലാദേശിൽ ദുർഗാ പൂജ നടത്തിയ ഹിന്ദു ന്യൂനപക്ഷത്തിന് നേരെ വ്യാപക അക്രമം. അക്രമകാരികൾ ദുർഗാപൂജ പന്തലുകൾ നശിപ്പിക്കുകയും, പൂജാ വിഗ്രഹങ്ങൾ തകർക്കുകയും ചെയ്തു. അക്രമം നടന്ന പ്രദേശങ്ങളിൽ അർദ്ധസൈനിക വിഭാഗത്തെ സർക്കാർ വിന്യസിച്ചിട്ടുണ്ട്. അക്രമ സംഭവങ്ങളിൽ കുറഞ്ഞത് മൂന്ന് പേർ കൊല്ലപ്പെട്ടതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കോമില ടൗണിലെ നനുവാർ ദിഗി തടാകത്തിനടുത്തുള്ള ദുർഗാപൂജ പന്തലിൽ ഖുർആൻ അപമാനിക്കപ്പെട്ടുവെന്ന പ്രചരണമുണ്ടായതിന് പിന്നാലെയാണ് വ്യാപക അക്രമം പൊട്ടിപ്പുറപ്പെട്ടത്. ഇതിന് പിന്നാലെ ചന്ദ്പൂരിലെ ഹാജിഗഞ്ച്, ചട്ടോഗ്രാമിലെ ബൻഷ്ഖലി, കോക്സ് ബസാറിന്റെ പെകുവാ എന്നിവിടങ്ങളിലേക്ക് അക്രമസംഭവങ്ങൾ പടർന്നു. വർഗീയ സംഘർഷം മറ്റ് പൂജാ പന്തലുകളിലേക്ക് വ്യാപിച്ചതോടെ പൊലീസ് രംഗത്തിറങ്ങുകയും അക്രമകാരകൾക്കെതിരെ കണ്ണീർ വാതക ഷെല്ലുകളും റബ്ബർ ബുള്ളറ്റുകളും പ്രയോഗിക്കുകയും ചെയ്തു. സംഭവസ്ഥലത്ത് റാപ്പിഡ് ആക്ഷൻ ബറ്റാലിയൻ (ആർഎബി) ഉൾപ്പെടെയുള്ള റിസർവ് സേനയെ വിന്യസിച്ചിട്ടുണ്ട്.

ബംഗ്ലാദേശിന്റെ ചരിത്രത്തിലെ അപകീർത്തികരമായ ദിവസമാണെന്നും, കഴിഞ്ഞ 24 മണിക്കൂറിനിടെ സംഭവിച്ച കാര്യങ്ങൾ ട്വീറ്റിലൂടെ വെളിപ്പെടുത്താനാവുന്നതിലും വലുതാണെന്നും ബംഗ്ലാദേശ് ഹിന്ദു യൂണിറ്റി കൗൺസിൽ അഭിപ്രായപ്പെട്ടു. വർഗീയ സംഘർഷമുണ്ടായ സംഭവത്തിൽ ബംഗ്ലാദേശ് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ജനങ്ങൾ സംയമനം പാലിക്കണമെന്നും നിയമം കയ്യിലെടുക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും സംസ്ഥാന മതകാര്യ മന്ത്രി എംഡി ഫരീദുൽ ഹഖ് ഖാൻ അഭ്യർത്ഥിച്ചു. മതസൗഹാർദം തകർക്കാൻ ലക്ഷ്യമിട്ടുള്ള അക്രമ സംഭവത്തിന് ഉത്തരവാദികളായവർ ആരായാലും അവരെ നിയമപ്രകാരമുള്ള ശിക്ഷ നൽകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തെ ന്യൂനപക്ഷ സമുദായ അംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്രീൻ സർക്കാരിനോട് ആവശ്യപ്പെട്ടു.

Advertisement
Advertisement