നവരാത്രി പ്രഭയിൽ ടൂറിസംമേഖല, റിസോർട്ടുകൾ ഹൗസ് ഫുൾ!

Saturday 16 October 2021 12:00 AM IST

കോട്ടയം: കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് തകർന്നടിഞ്ഞ വിനോദസഞ്ചാരമേഖലയ്ക്ക് തിരിച്ചു വരവിന്റെ പാതയൊരുക്കി പൂജ അവധി. അഞ്ചു ദിവസത്തോളമായി ജില്ലയിൽ അഭ്യന്തര സഞ്ചാരികളുടെ തിരക്കാണ്. കായലോര മേഖലയിലും ഹൈറേഞ്ചിലും ഭൂരിഭാഗം റിസോർട്ടുകളും ഹൗസ് ഫുൾ ആയി!

നവരാത്രിക്ക് സാധാരണ ഉത്തരേന്ത്യൻ സഞ്ചാരികളാണ് കൂടുതലായി എത്തിയിരുന്നതെങ്കിൽ ഇക്കുറി ഏറെയും മലയാളികളാണ്. ഏറെക്കാലമായി വീടിനകത്ത് അടച്ചു കഴിഞ്ഞവർ കുടുംബസമേതം പുറത്തിറങ്ങിത്തുടങ്ങി. വ്യാഴം,വെള്ളി ദിവസങ്ങളിലെ പൂജാ അവധിയും ഇതിനിടെ ശനിയാഴ്ച ലീവ് കൂടി എടുത്ത് ഞായർ വരെ നീളുന്ന കറക്കം പ്ളാൻ ചെയ്ത ഉദ്യോഗസ്ഥരാണ് ഏറെയും. റിസോർട്ടുകളിലും ഹോട്ടലുകളിലും തിരക്കിനിടെ താമസിക്കാൻ മടിക്കുന്നവർ പകൽ യാത്രകൾ നടത്തി മടങ്ങുന്നുമുണ്ട്.

മുറിഞ്ഞ് പെയ്യുന്ന മഴയും മഞ്ഞും തണുപ്പുമൊക്കെയാണ് ഹൈറേഞ്ചിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്. കഴിഞ്ഞ ആഴ്ച മിക്ക ദിവസവും നല്ല മഴ ലഭിച്ചു. ഇതോടെ തണുപ്പു കൂടി. തീവ്രമഴ പെയ്താൽ സഞ്ചാരത്തിന് നിയന്ത്രണമേർപ്പെടുത്തുമെന്ന ആശങ്ക ടൂറിസം സംരംഭകർക്കുണ്ട്. കുമരകത്ത് ഹൗസ് ബോട്ടുയാത്രയ്ക്ക് എത്തിയവരിലേറെയും മലബാറിൽ നിന്നാണ്.

അനുകൂല ഘടകങ്ങൾ

 ഒക്ടോബർ മുതൽ മാർച്ച് വരെ പ്രധാന ടൂറിസം സീസൺ

 ഒക്ടോബർ തുടക്കത്തിലേ സഞ്ചാരികളുടെ തിരക്ക് നല്ല സൂചന

 കൊവിഡ് വ്യാപനം കുറഞ്ഞ് വാക്സിനേഷൻ പൂ‌ർണതയിലേയ്ക്ക്

 ആഭ്യന്തര ടൂറിസ്റ്റുകളെത്തുന്നത് ചെറുകിട സംരംഭകർക്ക് നന്ന്

പ്രതികൂല ഘടകങ്ങൾ
 രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതർ കേരളത്തിൽ

 ഉത്തരേന്ത്യൻ സഞ്ചാരികൾക്ക് കേരളം സുരക്ഷിതമല്ലെന്ന് തോന്നൽ

 വരുമാനമെത്താൻ ഉത്തരേന്ത്യൻ, വിദേശ ടൂറിസ്റ്റുകൾ എത്തണം

 മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് മടങ്ങാൻ ആർ.പി.സി.ആർ നിർബന്ധം

''ഞായറാഴ്ച വരെ റിസോർട്ടുകളും ഹൗസ് ബോട്ടുകളും ഫുള്ളാണ്. സ്കൂളുകൾ തുറക്കുക കൂടി ചെയ്താൽ ഇവിടെ രോഗികൾ കുറവാണെന്ന പ്രതീതിയുണ്ടാവും. ടൂറിസ്റ്റുകളെത്താൻ അതു പ്രയോജനപ്പെടും''

-ഷനോജ് കുമാർ, ടൂറിസം സംരംഭകൻ

'' വിനോദ സഞ്ചാരികൾ കൂടുതുന്നതിനാൽ ഡിസംബറോടെ കുമരകത്തും ഹൈറേഞ്ചിലും ഒരുപോലെ വിനോദ സഞ്ചാരമേഖലയെ പ്രോത്സിഹിപ്പാക്കാനുളള പുതിയ പദ്ധതികൾ ആവിഷ്കരിക്കും''

-ഡോ.ബിന്ദു നായർ, ഡി.ടി.പി.സി സെക്രട്ടറി

Advertisement
Advertisement