സൈറ്റിൽ തെരഞ്ഞ് കഴുത്തറുക്കാൻ പഠിച്ചു !

Saturday 16 October 2021 12:00 AM IST

പാലാ: സെന്റ്‌ തോമസ്‌ കോളേജ് കാമ്പസിൽ സഹപാഠിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി അഭിഷേക് ബൈജു കൊല ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായി കണ്ടത് 50ൽപരം 'കഴുത്തറുപ്പൻ' വീഡിയോകൾ!

പ്രണയപ്പകയെ തുടർന്ന് സഹപാഠി നിഥിന മോളെ കൊലപ്പെടുത്താൻ പ്രതി കൃത്യമയ ആസൂത്രണം നടത്തിയതായി വ്യക്തമാക്കുന്നതാണ് ഈ വിവരം. ഇന്നലെ ഒരിക്കൽ കൂടി അഭിഷേക് ബൈജുവിനെ കസ്റ്റഡയിൽ വാങ്ങി പാലാ ഡിവൈ.എസ്.പി. ഷാജുജോസും സി.ഐ. കെ.പി. ടോംസണും വിശദമായി ചോദ്യം ചെയ്തിരുന്നു. സൈബർ വിംഗിന്റെ സഹായത്തോടെ നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി ഞെട്ടിപ്പിക്കുന്ന ഈ വിവരം വെളിപ്പെടുത്തിയത്.

സെപ്തംബർ 23ന് ചെന്നെയിൽ പ്രണയപ്പക മൂലം ഒരു വിദ്യാർത്ഥി സഹപാഠിയായ പെൺകുട്ടിയെ കുത്തിക്കൊന്നശേഷം കഴുത്തറുത്തതും പിന്നീട് സ്വയം മരിക്കാൻ ശ്രമിച്ചതും സംബന്ധിച്ച് ഒരു പ്രമുഖ ഓൺലൈൻ മാദ്ധ്യമത്തിൽ വന്ന വാർത്തയും അഭിഷേകിന് പ്രചോദനമായി. തുടർന്ന് കഴുത്തറുക്കുന്നത് സംബന്ധിച്ച വ്യക്തത വരുത്തുന്നതിനായി വെബ് സൈറ്റിൽ തെരഞ്ഞു. ഇത്തരം 50ൽപരം വീഡിയോകളാണ് അഭിഷേക് ബൈജു കണ്ടത്. ഫോണും ലാപ്‌ടോപ്പുമൊക്കെ ഇതു ശരിവയ്ക്കുന്നു. ഈ ആസൂത്രണം കേസിൽ നിർണ്ണായക തെളിവാകും. ഇന്നലെ ചോദ്യം ചെയ്തപ്പോഴും ഒരു കൂസലുമില്ലാതെ ഇക്കാര്യങ്ങളെല്ലാം പ്രതി സമ്മതിച്ചു.
കഴുത്തിൽ ശക്തമായി അമർത്തിപ്പിടിക്കുമ്പോൾ പ്രധാന ഞരമ്പുകൾ കൂടുതൽ തെളിഞ്ഞുവരുമെന്നും അപ്പോൾ മുറിക്കാൻ എളുപ്പമാണെന്നും മനസ്സിലാക്കിയത് ഇത്തരം വീഡിയോകൾ കണ്ടപ്പോഴാണ്. പ്രധാന ഞരമ്പ് വട്ടം മുറിഞ്ഞാൽ മരണം ഉറപ്പാണെന്നും എത്ര പെട്ടെന്ന് ആശുപത്രിയിൽ എത്തിച്ചാലും രക്ഷിക്കാനാവില്ലെന്നും മനസ്സിലാക്കിയിരുന്നതായി അഭിഷേക് പറഞ്ഞു.
കേസിൽ കൃത്യമായ തെളിവുകൾ ശേഖരിച്ചതിനാൽ ഒരു മാസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ഫൊറൻസിക് തെളിവുകളാണ് ഇനി കിട്ടാനുള്ളത്. സെൻസേഷണൽ കേസ് ആയതിനാൽ ഫൊറൻസിക് ഫലം ഉടനടി ലഭിക്കുമെന്നാണ്‌ പൊലീസിന്റെ പ്രതീക്ഷ.


 സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കും

പാലാ: കേസിൽ പ്രതിക്ക് കഠിനമായ ശിക്ഷ വാങ്ങിക്കൊടുക്കണമെന്ന ഉദ്ദേശ്യത്തോടെ സർക്കാർ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുന്നു. ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ ഉണ്ടാകും. സംഭവദിവസം പാലായിലെത്തിയ മന്ത്രി വി.എൻ. വാസവൻ ശക്തമായ നടപടി സ്വീകരിക്കാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കിയിരുന്നു.

Advertisement
Advertisement