ദസറ ആഘോഷത്തിനിടയിലേക്ക് കാർ ഇടിച്ചുകയറി; നാല് മരണം, 16 പേർക്ക് ഗുരുതര പരിക്ക്, അപകടമുണ്ടാക്കിയ വാഹനം ജനം തീയിട്ടു

Friday 15 October 2021 6:41 PM IST

റായ്‌പൂർ: ദസറാ ആഘോഷങ്ങളുടെ ഭാഗമായി ദുർഗാ വിഗ്രഹ നിമഞ്ജന ഘോഷയാത്രയ്‌ക്കിടയിലേക്ക് കാർ ഇടിച്ചുകയറി നാലുമരണം. 16 പേർക്ക് അതീവ ഗുരുതരമായ പരിക്കേറ്റു. ഛത്തീസ്ഗഡിലെ ജഷ്‌പൂരിലാണ് സംഭവം. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

പാതൽഗാവോണിലെ റായ്‌ഗഡ് റോഡിലാണ് അപകടമുണ്ടായത്. പരിക്കേ‌റ്റവരെ സിവിൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ കുപിതരായ ജനം വാഹനം ഓടിച്ചിരുന്നയാളെ പിടികൂടി മ‌ർദ്ദിക്കുകയും കാറ് തീയിടുകയും ചെയ്‌തു. അതേസമയം കാറിൽനിന്നും വലിയ അളവിൽ കഞ്ചാവ് കണ്ടെത്തിയതായും പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് ബബ്‌ലു വിശ്വകർമ്മ, ശിശുപാൽ സാഹു എന്നിവരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഇവർ മദ്ധ്യപ്രദേശ് സംസ്ഥാനത്തിൽനിന്നും ഉള‌ളവരാണ്. ഛത്തീസ്ഗഡ് വഴി കടന്നുപോകുമ്പോഴാണ് അപകടമുണ്ടായത്. സംഭവം ദു:ഖകരവും ഹൃദയഭേദകവുമാണെന്ന് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേൽ ട്വീ‌റ്റ് ചെയ്‌തു. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിന്നിരുന്നെങ്കിലും ഇപ്പോൾ സ്ഥിതി നിയന്ത്രണവിധേയമായിട്ടുണ്ട്.