സവർക്കർ ജയിലിനെ ദേവാലയമായി കണ്ടു, സ്വാതന്ത്ര്യസമരത്തിൽ അദ്ദേഹത്തിന്റെ പങ്ക് എന്നെന്നും ഓർമ്മിക്കപ്പെടുമെന്ന് അമിത് ഷാ

Friday 15 October 2021 7:33 PM IST

പോർട്ട് ബ്ളെയർ: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനു പിറകെ സവർക്കറെ പ്രകീ‌ർത്തിച്ച് ആഭ്യന്തരമന്ത്രി അമിത് ഷായും. ആന്റമാനിലെ സെല്ലുലാർ ജയിൽ മ്യൂസിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കവെയാണ് അമിത് ഷാ തന്റെ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് വീര സവർക്കറുടെ സംഭാവനകൾ എന്നെന്നും ഓർത്തിരിക്കും.

സവർക്കർ സെല്ലുലാർ ജയിലിനെ ഒരു ദേവാലയമായാണ് കണ്ടത്. ബ്രിട്ടീഷുകാർ അവർക്ക് തോന്നുന്നത്ര പീഡനങ്ങൾക്ക് തങ്ങളെ വിധേയനാക്കാം എന്നാൽ അവകാശങ്ങൾ തടയാനാകില്ല എന്ന സന്ദേശമാണ് തന്റെ ജയിൽ വാസത്തിലൂടെ സവർക്കർ‌ നൽകിയതെന്ന് അമിത് ഷാ പറഞ്ഞു. ഹിന്ദുസ്ഥാൻ സോഷ്യലിസ്‌റ്റ് റിപബ്ളിക്കൻ അസോസിയേഷൻ നേതാവ് സച്ചിൻ സന്യാലിനെയും ഷാ അനുസ്‌മരിച്ചു. കാലാപാനി എന്നറിയപ്പെട്ടിരുന്ന സെല്ലുലാർ ജയിലിലേക്ക് രണ്ട് തവണ ശിക്ഷിക്കപ്പെട്ട് എത്തിയ ഏക സ്വാതന്ത്ര്യ സമര സേനാനിയാണ് സച്ചിൻ സന്യാൽ. സവർക്കറെ പാർപ്പിച്ചിരുന്ന സെൽ സന്ദർശിച്ച അദ്ദേഹം സച്ചിൻ സന്യാലിനെ പാർപ്പിച്ചിരുന്ന സെല്ലിലെത്തി പുഷ്‌പാർച്ചന നടത്തി.

സവർക്കറെ കുറിച്ചുള‌ള പുസ്‌തകത്തിന്റെ പ്രകാശന ചടങ്ങിൽ വച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ദേശീയവാദിയാണ് സവർക്കറെന്നും ഗാന്ധിജി അറിയിച്ചിട്ടാണ് ബ്രിട്ടീഷുകാരോട് അദ്ദേഹം മാപ്പപേക്ഷ നൽകിയതെന്നും അഭിപ്രായപ്പെട്ടിരുന്നു. രാജ്നാഥ് ‌സിംഗിന്റെ പരാമർശം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയത്.