ശതകോടീശ്വരന്മാരെ വിമർശിച്ച് വില്യം രാജകുമാരൻ, ഭൂമിയുടെ സംരക്ഷണത്തിന് വേണ്ടി പണം നിക്ഷേപിക്കൂ

Saturday 16 October 2021 1:43 AM IST

ലണ്ടൻ: ബഹിരാകാശ ടൂറിസത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന ശതകോടീശ്വരന്മാരെ വിമർശിച്ച് വില്യം രാജകുമാരൻ. ഭൂമിയുടെ സംരക്ഷണത്തിനായാണ് അവർ പണവും സമയവും നിക്ഷേപിക്കേണ്ടതെന്ന് വില്യം പറഞ്ഞു. ബി.ബി.സി ന്യൂസ്‌കാസ്റ്റ് പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭൂമിയുടെ കേടുപാടുകൾ മാറ്റാൻ ശ്രമിക്കുന്ന ലോകത്തെ ഏറ്റവും മികച്ച തലച്ചോറുകളും മനസുകളുമാണ് നമുക്ക് ആവശ്യം, ജീവിക്കാൻ മറ്റൊരിടം തേടുന്നവരെയല്ല. ബഹിരാകാശത്തോളം ഉയരത്തിൽ പോവുന്നതിൽ താൽപര്യമില്ലെന്നും വില്യം വ്യക്തമാക്കി. ബഹിരാകാശ ടൂറിസത്തിന്റെ പാരിസ്ഥിതിക ആഘാതങ്ങളിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

ജെഫ് ബെസോസ്, റിച്ചാഡ് ബ്രാൻസൻ, ഇലോൺ മസ്‌ക് തുടങ്ങിയ ശതകോടീശ്വരന്മാർ ബഹിരാകാശ ടൂറിസം ഉൾപ്പടെയുള്ള പദ്ധതികളിൽ ശ്രദ്ധ ചെലുത്തുകയാണ്. ചൊവ്വയിൽ കോളനി നിർമ്മിക്കുന്നതുൾപ്പടെയുള്ള പദ്ധതികളാണ് മസ്‌കിന്റെ സ്‌പേസ് എക്‌സ് ആസൂത്രണം ചെയ്യുന്നത്. ബഹിരാകാശം വഴിയുള്ള ഭൂഖണ്ഡാന്തര യാത്രയും സ്‌പേസ് എക്‌സിന്റെ പദ്ധതികളിലൊന്നാണ്.

എന്റെ മക്കളും ഭാവി തലമുറയും ഭൂമിയുടെ കേടുപാടുകൾ തീർക്കുന്നതിൽ ആശങ്കപ്പെടേണ്ടതില്ല എന്ന് ഉറപ്പുവരുത്തുകയാണ് എന്റെ ആഗ്രഹം. എന്റെ മകൻ ജോർജിനും അവന്റെ 30ാം വയസിൽ ഭൂമി സംരക്ഷിക്കപ്പെടേണ്ടതിനെ കുറിച്ച് സംസാരിക്കേണ്ടി വന്നാൽ അത് സമ്പൂർണ ദുരന്തമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 ടെലിവിഷൻ സീരീസായ സ്റ്റാർ ട്രെക്കിലെ ജെയിംസ്.ടി.കിർക്ക് എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനായ വില്യം ഷാട്നെർ ശതകോടീശ്വരനായ ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിൻ വികസിപ്പിച്ച ന്യൂ ഷെപ്പേഡ് സ്‌പേസ് ക്രാഫ്റ്റിൽ ബഹിരാകാശ യാത്രയ്ക്കൊരുങ്ങുകയാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിമർശനവുമായി വില്യം രാജകുമാരൻ എത്തിയത്.