കാലാവസ്ഥ വ്യതിയാനം: നേതാക്കൾ സംസാരം മാത്രം നടത്തുന്നുവെന്ന് എലിസബത്ത് രാജ്ഞി

Saturday 16 October 2021 2:57 AM IST

ലണ്ടൻ: കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാൻ നടപടിയെടുക്കാതെ സംസാരം മാത്രം നടത്തുന്ന ലോകനേതാക്കളെ വിമർശിച്ച് എലിസബത്ത് രാജ്ഞി. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് 31ന് നടക്കാനിരിക്കുന്ന ഐക്യരാഷ്ട്ര സംഘടനയുടെ കോൺഫറൻസ് ഒഫ് പാർട്ടീസ് 26 ഉച്ചകോടിയിൽ പങ്കെടുക്കാത്ത നേതാക്കളെ ഉദ്ദേശിച്ചായിരുന്നു രാജ്ഞിയുടെ പരോക്ഷ വിമർശനം.

കഴിഞ്ഞ ദിവസം കാർഡിഫിൽ വെൽഷ് അസംബ്ലി ഉദ്ഘാടനം ചെയ്യാനെത്തിയ എലിസബത്ത് മരുമകളും കോൺവാൾ പ്രഭ്വിയുമായ കാമിലയുമായും പാർലമെന്റ് പ്രിസൈഡിംഗ് ഓഫീസറായ എലിൻജോൻസുമായുമുള്ള സംഭാഷണമദ്ധ്യേയാണ് ഇക്കാര്യം പരാമർശിച്ചത്. സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പുകൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.

ഇത് അസാധാരണമാണ് അല്ലേ. സി.ഒ.പിയെ കുറിച്ചുള്ളതെല്ലാം ഞാൻ കേട്ടുകൊണ്ടിരിക്കുകയാണ്. എനിക്ക് ഇപ്പോഴും അറിയില്ല, ആരൊക്കയാണ് വരുന്നതെന്ന്. ഒരു വിവരവുമില്ല. വരാത്ത ആളുകളെ കുറിച്ചു മാത്രമാണ് നമുക്ക് അറിയാവുന്നത്. അവർ, പ്രവർത്തിക്കാതെ സംസാരിക്കുക മാത്രം ചെയ്യുന്നത് കാണുമ്പോൾ ശരിക്കും ദേഷ്യം വരും - എലിസബത്ത് പറയുന്നു.

സ്‌കോട്‌ലൻഡിലെ ഗ്ലാസ്‌ഗോയിലാണ് സി.ഒ.പി. 26 ഉച്ചകോടി നടക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഉൾപ്പെടെയുള്ള നേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമോ എന്ന കാര്യവും വ്യക്തമല്ല.