ഘോഷയാത്രയിലേക്ക് കാർ പാഞ്ഞുകയറി,​ നാലുമരണം

Saturday 16 October 2021 12:27 AM IST

റായ്‌പൂർ: ഛത്തീസ്ഗഢ് ജസ്‌പൂരിലെ പട്താർഗാവിൽ ദസറാആഘോഷങ്ങളുടെ ഭാഗമായുള്ള ദുർഗാ വിഗ്രഹ നിമജ്ജനഘോഷയാത്രയിലേക്ക്,​ കഞ്ചാവ് കെട്ടുകളുമായി സഞ്ചരിച്ച കാർ പാഞ്ഞുകയറി നാലുപേർ മരിച്ചു. 16പേർക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. ജനക്കൂട്ടത്തിനിടയിലേക്ക് കാർ പാഞ്ഞുകയറുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പട്താർഗാവിലെ റായ്ഗഢ് റോഡിലാണ് സംഭവം. ക്ഷുഭിതരായ നാട്ടുകാർ കാർ അടിച്ചുതകർത്ത് തീയിട്ടു. ഡ്രൈവറെ മർദ്ദിച്ചു. വാഹനത്തിൽ നിന്ന് കഞ്ചാവ് കെട്ടുകളും കണ്ടെടുത്തു.