ജലനിരപ്പ് ഉയരുന്നു,​ കുട്ടനാട്ടിൽ ചങ്കിടിപ്പ്

Saturday 16 October 2021 12:11 AM IST

ആലപ്പുഴ: ശക്തമായ മഴയിൽ കുട്ടനാട്ടിൽ ജലനിരപ്പ് ഉയരുമ്പോഴും ലീഡിംഗ് ചാനലിൽ ജലനിരപ്പ് വാണിംഗ് ലെവലിൽ എത്തിയില്ല. ഇതോടെ ജലസേചന വകുപ്പിലെ സിവിൽ ​- മെക്കാനിക്കൽ വിഭാഗങ്ങൾ തമ്മിൽ ഭിന്നത രൂക്ഷമായി. കുട്ടനാട്ടിൽ നിന്ന് അധികജലം ലീഡിംഗ് ചാനലിൽ എത്തിക്കാനുള്ള കൈവഴികളിലെ നീരോഴുക്ക് ശക്തമല്ലാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.

ജലം ഒഴുകിപ്പോകുന്നതിന് ആവശ്യമായ പദ്ധതി നടപ്പാക്കുന്നതിൽ സിവിൽ വിഭാഗം താല്പര്യം കണിക്കാതിരുന്നതാണ് ഭിന്നതയ്ക്ക് കാരണം. നീരോഴുക്ക് ശക്തമാക്കൻ അടിയന്തര പദ്ധതി സർക്കാരിൽ സമർപ്പിക്കാനുള്ള ആലോചനയിലാണ് മെക്കാനിക്കൽ വിഭാഗം. നെടുമുടി, കാവാലം, എടത്വാ, പള്ളാത്തുരുത്തി, തണ്ണീർമുക്കം ഭാഗങ്ങളിൽ ജലസേചന വകുപ്പ് നിർദേശിച്ചിട്ടുള്ള വാണിംഗ് ലെവലിന് മുകളിലാണിപ്പോൾ ജലനിരപ്പ്. തോട്ടപ്പള്ളിയിൽ മെക്കാനിക്കൽ വിഭാഗവും മറ്റ് പ്രദേശങ്ങളിൽ ഇറിഗേഷൻ സിവിൽ വിഭാഗവുമാണ് വാട്ടർ ലെവൽ രേഖപ്പെടുത്തുന്നത്. വെള്ളപ്പൊക്കം പരിഹരിക്കാൻ ഇരുവിഭാഗവും പൊതുധാരണയിലെത്താത്തത് കുട്ടനാട്ടിലെ ജനങ്ങളെയാണ് വെള്ളത്തിലാക്കുന്നത്.

ചാൽ തെളിച്ച് നീരോഴുക്ക് ശക്തമാക്കാൻ പദ്ധതി നടപ്പാക്കേണ്ട ചുമതല ഇറിഗേഷൻ സിവിൽ വിഭാഗത്തിനാണ്. എന്നാലിവർ പദ്ധതി തയ്യാറാക്കിയില്ല. ആഴം വർദ്ധിപ്പിക്കാതെ ഓരോ രണ്ട് മണിക്കൂർ കൂടുമ്പോൾ വാട്ടർ ലെവൽ രേഖപ്പെടുത്തി അറിയിക്കുക മാത്രമാണ് ചെയ്യുന്നത്.

ഉത്തരവ് വെള്ളത്തിൽ വരച്ച വര

പ്രളയ ജലം ഒഴിക്കിവിടുന്നതിന് ചാലുകളിലെ തടസം കണ്ടെത്തി നിർദേശിക്കണമെന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ ജില്ലാ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ഉത്തരവിട്ടിരുന്നു. ജലസേചന വകുപ്പ് അസി. എൻജിനിയർ, വില്ലേജ് ഓഫീസർ, കൃഷി ഓഫീസർ, പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവർക്കാണ് നിർദ്ദേശം നൽകിയത്. ഇതിനെതിരെ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ രംഗത്തെത്തി. ജില്ലാ ഭരണകൂടം നിലപാട് കടുപ്പിച്ചതോടെയാണ് ചാലുകൾ കണ്ടെത്തി റിപ്പോർട്ട് ചെയ്തത്. നിയമസഭാ തിരഞ്ഞെടുപ്പിനെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലം മാറിയതോട ഉത്തരവ് വെള്ളത്തിൽ വരച്ച വരയായി.

എങ്ങുമാവാതെ പദ്ധതികൾ

1. ലീഡിംഗ് ചാനൽ ആഴം വർദ്ധിപ്പിക്കൽ പദ്ധതി രണ്ടുവർഷം പിന്നിട്ടിട്ടും എങ്ങുമെത്തിയില്ല

2. പ്രധാന കൈവഴികളുടെ ആഴം വർദ്ധിപ്പിക്കാൻ പദ്ധതിയില്ല

3. ഷട്ടറുകളുടെ പ്രവർത്തനം സജ്ജമല്ല

4. പുതുക്കി പണിത ഷട്ടറുകൾക്ക് നീളക്കുറവ്

"

നിലവിലെ ചാലുകളിലെ ഒഴുക്ക് ശക്തമാക്കാൻ സർക്കാരിലേക്ക് പ്രത്യേക പദ്ധതി സമർപ്പിക്കും. പോളയും പ്ളാസ്റ്റിക്കും അടിഞ്ഞതിനാൽ തോടുകളിൽ ഒഴിക്ക് തടസപ്പെട്ടു. ഇതാണ് തോട്ടപ്പള്ളി ലീഡിംഗ് ചാനലിലോ പൊഴിമുഖത്തോ പ്രളയ ജലം എത്താത്തതിന് കാരണം.

സതീശൻ, എക്സി. എൻജിനിയർ

ഇറിഗേഷൻ മൊനിക്കൽ വിഭാഗം

Advertisement
Advertisement