വികസനത്തിലേക്കുള്ള വഴി

Saturday 16 October 2021 12:00 AM IST

സംസ്ഥാനത്തേക്ക് പുതിയ വ്യവസായങ്ങൾ വരുന്നില്ലെന്നും നാടിന്റെ സാമ്പത്തിക വരുമാനം വർദ്ധിപ്പിക്കാനുള്ള മാർഗങ്ങളില്ലെന്നും വിലപിക്കുന്നവർ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടാതെ ഇവയൊന്നും പ്രാവർത്തികമാകില്ലെന്ന് അറിയാത്തവരല്ല. സാക്ഷരതയിലും മാനവവിഭവശേഷിയിലും പേരുകേട്ടിട്ടും, ഐക്യ കേരളപ്പിറവിക്കുശേഷം പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും, ഗതാഗതസൗകര്യങ്ങളുടെ കാര്യത്തിൽ വലിയ പുരോഗതി കൈവരിക്കാൻ നമുക്ക് കഴിയാതെ പോയതിന്റെ പ്രധാന കാരണം വികസനവിഷയങ്ങളിലെ രാഷ്ട്രീയ ചേരിതിരിവാണ്. തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട്ടിൽ വികസനപ്രശ്നങ്ങൾ വരുമ്പോൾ രാഷ്ട്രീയ ഭിന്നതയില്ലാത്ത ഒരുമ കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ കണ്ടുപഠിക്കണം.

തലസ്ഥാനമായ തിരുവനന്തപുരത്തുനിന്ന് നാലുമണിക്കൂർകൊണ്ട് കാസർകോട്ടെത്തിച്ചേരാവുന്ന സിൽവർലൈൻ പദ്ധതിയെച്ചൊല്ലി കഴിഞ്ഞദിവസം പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോവുകയുണ്ടായി. അവരുടെ പ്രധാന ആരോപണങ്ങളിലൊന്ന് പദ്ധതി കേരളത്തെ കടത്തിൽ മുക്കുമെന്നാണ് . പ്രതിപക്ഷത്തിന്റെ വാദങ്ങൾക്കു മറുപടി പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ സിൽവർലൈൻ പദ്ധതി കേരളത്തിന്റെ ശോഭനഭാവിക്കു വേണ്ടിയാണെന്ന് വ്യക്തമാക്കുകയുണ്ടായി. നാടിന്റെ വികസനത്തിൽ വലിയകുതിപ്പിനു വഴിതെളിക്കുന്ന പദ്ധതി പൂർത്തിയാകുമ്പോൾ പൊതുഗതാഗതം ശക്തമാവുകയും നഗരങ്ങൾ വികസിക്കുകയും ചെയ്യും. പശ്ചാത്തലസൗകര്യങ്ങളുടെ വികസനത്തിലൂടെ കൂടുതൽ നിക്ഷേപവും അതുവഴി തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. കാർബൺ ബഹിർഗമനം ഒട്ടുമില്ലാത്ത സമ്പൂർണ ഹരിതപദ്ധതിയായ അതിവേഗ റെയിൽ യാഥാർത്ഥ്യമാവുന്നതോടെ റോഡ് മാർഗമുള്ള ഗതാഗതവും ഗണ്യമായി കുറയും.

ഏതൊരു വമ്പൻ പദ്ധതികൾക്കും വിലങ്ങുതടിയാവുന്നത് സ്ഥലമേറ്റെടുക്കലും ജനവാസപ്രദേശങ്ങളിൽ കഴിയുന്നവരെ മാറ്റിപ്പാർപ്പിക്കലുമാണ്. സ്ഥലമേറ്റെടുക്കുമ്പോൾ ന്യായവിലപോലും ഉടമകൾക്കു ലഭിക്കാതിരുന്ന ഒരുകാലമുണ്ടായിരുന്നു. എന്നാൽ ആ സ്ഥിതിക്ക് മാറ്റമുണ്ടായിട്ടുണ്ട്. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോൾത്തന്നെ സ്ഥലമേറ്റെടുക്കലിന് ഏറെക്കുറെ കമ്പോള വിലയ്ക്കപ്പുറം പണം ഉടമകൾക്ക് നൽകിത്തുടങ്ങിയിരുന്നു. പിണറായി സർക്കാരും ആ പാതതന്നെയാണ് പിന്തുടരുന്നത്. തിരുവനന്തപുരത്ത് കരമന - കളിയിക്കവിള റൂട്ടിൽ സ്ഥലമേറ്റെടുത്തപ്പോൾ ഉടമകൾക്ക് ലഭിച്ചതുക ഇതിന് ഉദാഹരണമാണ്.

ജനങ്ങളുടെ സഹകരണത്തോടെ മാത്രമെ സിൽവർ ലൈൻ പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുകയുള്ളുവെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിട്ടുണ്ട് . ഗ്രാമങ്ങളിൽ ഭൂമിവിലയുടെ നാലിരട്ടിവരെയും നഗരങ്ങളിൽ രണ്ടിരട്ടിവരെയും നഷ്ടപരിഹാരമായി നൽകും. സ്ഥലമേറ്റെടുക്കലിന് കേന്ദ്ര സർക്കാരിന്റെ അംഗീകാരം കിട്ടിയിട്ടുണ്ട്. ജനസാന്ദ്രതകുറഞ്ഞ പ്രദേശങ്ങളിലൂടെയാണ് പാതയുടെ ഭൂരിഭാഗവും കടന്നുപോകുന്നത്. 88 കിലോമീറ്റർ നെൽപ്പാടങ്ങളിൽ പാലങ്ങൾക്ക് മുകളിലൂടെയായിരിക്കും പാത. ആറുവരി ദേശീയപാത നിർമ്മിക്കുന്നതിന്റെ പകുതി ഭൂമി മതിയാകും അതിവേഗ റെയിൽപാതയ്ക്ക്. ആരുടെയും ഭൂമി കവർന്നെടുക്കില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോൾ അതിനെ അവിശ്വസിക്കേണ്ട കാര്യമില്ല.

നാലുവർഷംകൊണ്ട് പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതിക്കായി 63,940 കോടിരൂപയാണ് ചെലവ് കണക്കാക്കുന്നത്. കുറഞ്ഞ പലിശയ്ക്ക് 33,700 കോടിരൂപയുടെ വിദേശവായ്പയടക്കം പലമാർഗങ്ങൾ നടത്തിപ്പിനായി കണ്ടെത്തിയിട്ടുണ്ട്. പദ്ധതി നാടിനെ സാമ്പത്തിക കുരുക്കിലാക്കുമെന്ന് ആരോപിക്കുന്നവർ ഇത് യാഥാർത്ഥ്യമായാൽ ഉണ്ടാകാവുന്ന നേട്ടങ്ങളെ വിസ്മരിക്കുകയാണെന്ന് പറയാതെ വയ്യ .

സിൽവർലൈൻ പദ്ധതി പൂർണമാകുമ്പോൾ അത് നാടിനും ഭാവിതലമുറയ്ക്കും എത്രമാത്രം പ്രയോജനപ്രദമാകുമെന്ന് പദ്ധതിയെ എതിർക്കുന്നവർ ഓർമ്മിക്കണം.

നവകേരളം സൃഷ്ടിക്കുകയെന്നത് ഭരിക്കുന്നവരുടെ മാത്രം കടമയും ഉത്തരവാദിത്തവുമല്ല. പ്രതിപക്ഷത്തിന്റെ പിന്തുണയും കൂടി അതിനോടൊപ്പം ചേരുമ്പോഴെ ജനാധിപത്യ വ്യവസ്ഥയുടെ ഗുണം പൂർണമായും ജനങ്ങൾക്ക് അനുഭവപ്പെടുകയുള്ളൂ. പ്രതിപക്ഷം ഉയർത്തുന്ന എതിർപ്പുകൾക്ക് ചർച്ചകളിലൂടെ പരിഹാരം കാണാൻ സർക്കാരും മുന്നോട്ട് വരണം. എന്നാൽ പദ്ധതിയെ ആകെത്തകർക്കുന്ന രീതിയിലുള്ള പ്രചാരണങ്ങൾ പിന്നോട്ടടിക്കുന്നത് കേരളത്തിന്റെ വികസനത്തെയാണെന്നത് മറന്നുപോകരുത്.

Advertisement
Advertisement