ക്ഷേത്രങ്ങൾ ആക്രമിക്കുന്നവർക്കെതിരെ കർശന നടപടി: ഷേഖ് ഹസീന

Saturday 16 October 2021 2:35 AM IST

ധാക്ക: രാജ്യത്ത് ഹിന്ദു ക്ഷേത്രങ്ങൾക്കും ദുർഗ്ഗാപൂജ ആഘോഷങ്ങൾക്കും എതിരെ ആക്രമണം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന.

മുസ്ലിം ഭൂരിപക്ഷരാജ്യമായ ബംഗ്ലാദേശ് ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളിൽ നടപടി സ്വീകരിക്കുന്നില്ലെന്ന വ്യാപക ആക്ഷേപത്തിൽ ഇന്ത്യ അടക്കം ആശങ്ക രേഖപ്പെടുത്തിയതിന് പിന്നാലെയാണിത്.

ദുർഗ്ഗാപൂജ ആഘോഷങ്ങൾക്കിടെ നാല് ക്ഷേത്രങ്ങൾ തകർത്തതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ രാജ്യത്ത് നാല് പേർ കൊല്ലപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് 22 ജില്ലകളിൽ അർദ്ധ സൈനിക വിഭാഗങ്ങളെ വിന്യസിച്ചിരുന്നു. കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് ഇന്ത്യ ബംഗ്ലാദേശിനോട് ആവശ്യപ്പെട്ടിരുന്നു.

സംഭവം വിശദമായി അന്വേഷിക്കും. ഇത് സംബന്ധിച്ച് ഒരുപാട് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഏത് മതത്തിൽ വിശ്വസിക്കുന്നു എന്നത് പ്രസക്തമല്ല. കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കും. ഇത് സാങ്കേതികവിദ്യയുടെ യുഗമാണ്. പ്രതികളെ കണ്ടെത്താൻ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുമെന്നും അവർ പറഞ്ഞു. ജനങ്ങൾക്ക് ഹസീന ദുർഗ്ഗാപൂജ ആശംസകളും നേർന്നു.

Advertisement
Advertisement