ബി.ജെ.പിക്ക് ഗാന്ധിയേയോ സവർക്കറേയോ മനസിലായിട്ടില്ല: ഉദ്ധവ് താക്കറെ

Saturday 16 October 2021 12:28 AM IST


മുംബയ്: ബി.ജെ.പിക്ക് മഹാത്മാഗാന്ധിയേയോ സവർക്കറെയോ ഇതുവരെ മനസിലായിട്ടില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെ. ശിവസേന സംഘടിപ്പിച്ച ദസറ റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്നാഥ് സിംഗിന്റെ വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് ഉദ്ധവിന്റെ പ്രതികരണം. ജയിലിൽ നിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സവർക്കർ ബ്രിട്ടീഷ് സർക്കാരിന് മാപ്പപേക്ഷ സമർപ്പിച്ചത് ഗാന്ധിജിയുടെ ആവശ്യപ്രകാരമാണെന്നായിരുന്നു രാജ്നാഥ് സിംഗിന്റെ പ്രസ്താവന.

മഹാരാഷ്ട്രയിലെ ദെഗ്‌ലൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ മുൻ ശിവസേനാ എം.എൽ.എയെ ബി.ജെ.പി രംഗത്തിറക്കുന്നതിനേയും ഉദ്ധവ് പരിഹസിച്ചു. ലോകത്തെ തന്നെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയെന്ന് അവകാശപ്പെടുന്ന ബി.ജെ.പിക്ക് തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ പോലും ഒരു സ്ഥാനാർത്ഥി ഇല്ലെന്നായിരുന്നു ഉദ്ധവ് പറഞ്ഞത്.

സ്വതന്ത്ര ഭാരതത്തിന്റെ പ്രതിരോധ, നയതന്ത്ര തലങ്ങളിലെ ഏറ്റവും വലിയ ദാർശനികനും ഇന്ത്യൻ ചരിത്രത്തിലെ മഹാനായ നായകനുമായിരുന്നു സർവക്കർ എന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞിരുന്നു. നമ്മുടെ ദേശീയ നായകരെക്കുറിച്ച് അഭിപ്രായ വ്യത്യാസമുണ്ടാകാം, എന്നാൽ ഒരു പ്രത്യേക കാഴ്ചപ്പാടോടെ അവരെ കാണുന്നത് ശരിയല്ല. സവർക്കർ ഒരു വലിയ സ്വാതന്ത്ര്യസമര സേനാനിയായിരുന്നു. അദ്ദേഹത്തെ അവഗണിക്കുകയും അപമാനിക്കുകയും ചെയ്യുന്നത് ക്ഷമിക്കാനാവില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞിരുന്നു. സിംഗിന്റെ പ്രസ്താവനയ്‌ക്കെതിരേ നിരവധി നേതാക്കൾ രംഗത്തെത്തിയിരുന്നു. ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.

Advertisement
Advertisement