നരഭോജി കടുവ പിടിയിൽ

Saturday 16 October 2021 12:29 AM IST

നീലഗിരി: 22 ദിവസത്തെ പരിശ്രമത്തിനൊടുവിൽ നീലഗിരിയിൽ നാട്ടിലിറങ്ങിയ നാലുപേരെ കൊലപ്പെടുത്തിയ നരഭോജിക്കടുവയെ പിടികൂടി. മസിനഗുഡിക്കടുത്തുവച്ചാണ് ടി-23 എന്ന കടുവയെ പിടികൂടിയത്. കഴിഞ്ഞദിവസങ്ങളിൽ കടുവയ്ക്ക് നേരെ മയക്കുവെടി വച്ചെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല.

വ്യാഴാഴ്ച രാത്രി 10 മണിയോടെ തെപ്പക്കാട് - മസിനഗുഡി റോഡിന് സമീപത്തുവച്ച് ദൗത്യസംഘം കടുവയെ കണ്ടു. തുടർന്ന് രണ്ട് തവണ മയക്കുവെടിവെച്ചെങ്കിലും കടുവ കാട്ടിലേക്കോടി രക്ഷപ്പെടുകയായിരുന്നു.

ദൗത്യസംഘത്തിന്റെ നേതൃത്വത്തിൽ കുങ്കിയാനകളേയും ഡ്രോണുകളുമെല്ലാം എത്തിച്ചുള്ള വ്യാപകമായ തെരച്ചിലിനൊടുവിലാണ് കടുവ പിടിയിലായത്.

കടുവയെ മയക്കുവെടിവെച്ചിട്ടും പിടികൂടാൻ കഴിയാതിരുന്നത് നാട്ടുകാർക്കിടയിൽ ആശങ്ക സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങൾക്കിടെ നാല് മനുഷ്യജീവനാണ് ടി-23 എന്ന കടുവ അപഹരിച്ചത്. ഇരുപതിലധികം വളർത്തു മൃഗങ്ങളെയും കടുവ കൊന്നിരുന്നു.