സിക്ക് മതഗ്രന്ഥത്തെ അപമാനിച്ചെന്നാരോപണം, ദളിത് യുവാവിനെ കൊന്ന് കർഷക സമര വേദിയിൽ കെട്ടിത്തൂക്കി

Friday 15 October 2021 11:50 PM IST

ന്യൂഡൽഹി: കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരെ സംയുക്ത കർഷകമോർച്ചയുടെ നേതൃത്വത്തിൽ പത്തുമാസത്തിലേറെയായി കർഷകർ സമരം ചെയ്യുന്ന ഡൽഹി -ഹരിയാന അതിർത്തിയിലെ സിംഘുവിൽ 35കാരനായ ദളിത് യുവാവിന്റെ മൃതദേഹം കൈപ്പത്തിയും കാലും വിച്ഛേദിച്ച് കൊന്ന് കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. പഞ്ചാബിലെ ചീമാഗ്രാമ നിവാസിയായ ലഖ്ബീർ സിംഗ് ആണ് കൊല്ലപ്പെട്ടത്. മതഗ്രന്ഥത്തെ അപമാനിച്ചതിന്റെ പേരിലാണ് കൃത്യം നടത്തിയതെന്ന് കൊലയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത സിക്ക് നിഹാംഗുകൾ പ്രഖ്യാപിച്ചു. രണ്ടുപേരെ ഹരിയാന പൊലീസ് അറസ്റ്റു ചെയ്തു.

ഹരിയാനയിലെ കുണ്ഡ്‌ലി ജില്ലയിലുള്ള സമരവേദിയിൽ ഇന്നലെ പുലർച്ചെ അഞ്ചിനാണ് പൊലീസ് സ്ഥാപിച്ചിരുന്ന ഇരുമ്പ് ബാരിക്കേഡിൻമേൽ ഇടതു കൈപ്പത്തിയും ഒരു കാലും വിച്ഛേദിച്ച് വികൃതമാക്കിയ മൃതദേഹം കെട്ടിത്തൂക്കിയ നിലയിൽ കണ്ടത്. താഴെ രക്തം തളം കെട്ടിനിന്നിരുന്നു. പരമ്പരാഗത നീലവസ്ത്രമണിഞ്ഞ് കുന്തമേന്തിയ സിക്ക് യോദ്ധാക്കളായ നിഹാംഗുകൾ യുവാവിനെ ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പിന്നീട് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചു. വിശുദ്ധഗ്രന്ഥമായ 'സർബലോഹ ഗ്രന്ഥ' ത്തെ അപമാനിച്ചതിനുള്ള ശിക്ഷയാണെന്ന് ദൃശ്യങ്ങളിലുള്ളവർ വിളിച്ചു പറയുന്നത് കേൾക്കാം.

മൂന്നുദിവസം മുമ്പ് സിംഘുവിലെത്തിയ ലഖ്ബീർ സിംഗ്,​ സമരവേദിയിൽ സിക്ക് കർഷകർക്കൊപ്പമാണ് കഴിഞ്ഞത്. പുലർച്ചെ മൂന്നിന് പ്രാർത്ഥനാ സമയത്ത് കൈയിൽ 'സർബലോഹ ഗ്രന്ഥ'വുമായി കണ്ട യുവാവിനെ ചോദ്യം ചെയ്‌തെന്നും രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പിടികൂടിയെന്നും കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത നിഹാംഗ് നിർവയർ ഖൽസ-ഉദ്‌നാ ദൾ വിഭാഗം അറിയിച്ചു. മതഗ്രന്ഥത്തെ അപമാനിക്കുന്നവർക്ക് തങ്ങൾ ശിക്ഷ നൽകാറാണ് പതിവെന്നും ഇവർ പുറത്തുവിട്ട വീഡിയോയിൽ പറയുന്നുണ്ട്.

കൂലിവേലക്കാരനായിരുന്ന ലഖ്ബീറിന് ഭാര്യയും 8, 10, 12 വയസുള്ള മൂന്ന് കുട്ടികളുമുണ്ട്. ദേശീയ പട്ടികജാതി കമ്മിഷൻ ഹരിയാന സർക്കാരിൽ നിന്ന് റിപ്പോർട്ട് തേടി.

ഗൂഢാലോചന: കിസാൻ മോർച്ച

കർഷകസമരത്തെ സംഭവവുമായി ബന്ധിപ്പിക്കാൻ ഗൂഢാലോചന നടക്കുന്നതായി സംയുക്ത കിസാൻ മോർച്ച ആരോപിച്ചു. മതപരമായ വിഷയങ്ങളിൽ കിസാൻ മോർച്ചയെ വലിച്ചിഴയ്ക്കരുതെന്ന് കർഷക നേതാവ് ജഗ്‌ജിത് സിംഗ് ദല്ലേവാൾ പറഞ്ഞു. പിന്തുണയുമായി എത്തിയ നിഹാംഗുകൾ മുമ്പും തങ്ങൾക്ക് തലവേദനയാണെന്നും അദ്ദേഹം പറഞ്ഞു.

നിഹാംഗുകൾ

സിക്ക് ഗുരുവായ ഗുരു ഗോവിന്ദ് സിംഗ് 1699ൽ ഖൽസ സ്ഥാപിച്ച കാലം മുതൽ സമുദായത്തിലെ യോദ്ധാക്കളുടെ കൂട്ടായ്മയായ നിഹാംഗുകൾ പ്രവർത്തിക്കുന്നു. സംഘമായി ആശ്രമ ജീവിതം നയിക്കുന്നവരാണിവർ. മുഗളൻമാർക്കെതിരായ യുദ്ധങ്ങളിൽ സിക്ക് സേനയെ നയിച്ചു. പോരാളികളെപ്പോലെ മുഴുനീള നീല വസ്ത്രമാണ് ധരിക്കുക. പ്രത്യേക തരം തലപ്പാവും കൂർത്ത കാലുറയും ധരിക്കും. വാൾ, കുന്തം തുടങ്ങിയ ആയുധങ്ങൾ കൈയിലേന്തും. ക്രിമിനൽ പ്രവർത്തനങ്ങൾമൂലം നിയമപാലകരുടെ നോട്ടപ്പുള്ളികളാണിവർ.

Advertisement
Advertisement