നിയമവാഴ്ചയുടെ നട്ടെല്ലൂരി...!

Saturday 16 October 2021 12:00 AM IST

സി.ബി.ഐയുടെ മുംബയ് അഴിമതിവിരുദ്ധ യൂണിറ്റിൽ പ്രവർത്തിച്ച്, മദ്യരാജാവ് വിജയ് മല്യയുടെ 9000 കോടിയുടെ ബാങ്ക് തട്ടിപ്പുകളടക്കം നിരവധി സുപ്രധാന കേസുകൾ അന്വേഷിച്ച ഐ.ജി ഹർഷിതാ അട്ടല്ലൂരി അന്വേഷണത്തിന്റെ പ്രാഥമിക പാഠങ്ങൾ മറന്നോ..? പട്ടികവിഭാഗക്കാരനായ ജയചന്ദ്രനെയും എട്ടുവയസുള്ള മകളെയും മൊബൈൽ മോഷണക്കുറ്റം ആരോപിച്ച് ആറ്റിങ്ങലിൽ നടുറോഡിൽ വിചാരണ ചെയ്ത പിങ്ക് പൊലീസുകാരിയെ വെള്ളപൂശുന്ന ഐ.ജിയുടെ റിപ്പോർട്ടാണ് ഈ സംശയത്തിന് കാരണം. പരാതിക്കാരനായ ജയചന്ദ്രനെയും മകളെയും ഒന്നു കാണുകയോ മൊഴിയെടുക്കുകയോ ചെയ്യാതെയാണ് ഹർഷിത അന്വേഷണ റിപ്പോർട്ടുണ്ടാക്കി ഡി.ജി.പിക്ക് നൽകിയത്. ജനങ്ങളോട് എങ്ങനെ പെരുമാറണമെന്ന പൊലീസ് ചട്ടങ്ങൾ ലംഘിച്ചതിനും കുട്ടിയെ മാനസികമായി പീഡിപ്പിച്ചതിനും കേസെടുക്കേണ്ടതിനു പകരം പക്ഷപാതപരമായ അന്വേഷണ റിപ്പോർട്ട് നൽകി പിങ്ക് പൊലീസ് ഉദ്യോഗസ്ഥ സി.പി രജിതയെ സംരക്ഷിച്ച് നിയമ വാഴ്ചയുടെ നട്ടെല്ലൂരുകയാണ് ഐ.ജി ഹർഷിത അട്ടല്ലൂരി ചെയ്തത്. ഐ.പി.സിയിലെ വിവിധ വകുപ്പുകൾ ചേർത്ത് പൊലീസുകാരിക്കെതിരെ കേസെടുക്കാനാവുമെന്ന് നിയമവിദഗ്ദ്ധ‌ർ പറയുന്നു. ഐ.ജിയുടെ റിപ്പോർട്ടോടെ, പൊലീസിന്റെ ഭാഗത്തു നിന്നുള്ള അന്വേഷണവും നടപടിയുമെല്ലാം പൂർത്തിയായി. ഇനി നീതി വേണമെങ്കിൽ ജയചന്ദ്രൻ കോടതികളെ സമീപിക്കണം. പട്ടികജാതിക്കാരനും കൂലിപ്പണിക്കാരനുമായ തനിക്ക് നീതി വാങ്ങി നൽകേണ്ട സംവിധാനങ്ങളെല്ലാം കണ്ണടയ്ക്കുമ്പോൾ നീതിപീഠത്തിൽ വിശ്വാസമർപ്പിക്കുകയാണ് ജയചന്ദ്രൻ.

സ്വന്തം മൊബൈൽ ഫോൺ പൊലീസ് വാഹനത്തിലെ ബാഗിനുള്ളിലിരിക്കെയാണ്, ജയചന്ദ്രനെയും മകളെയും രജിത വിചാരണ നടത്തിയത്. ബാലാവകാശ കമ്മിഷൻ, പട്ടികജാതി പട്ടികഗോത്രവർഗ കമ്മിഷൻ, മനുഷ്യാവകാശ കമ്മിഷൻ എന്നിവ സ്വമേധയാ കേസെടുക്കുകയും പരാതിക്കാരെ വിളിപ്പിച്ച് മുഖ്യമന്ത്രി നീതി ഉറപ്പുനൽകുകയും ചെയ്ത ശേഷമാണ് ഐ.ജിയുടെ വെള്ളപൂശൽ റിപ്പോർട്ട്. സി.ബി.ഐയിൽ അടക്കം പ്രവർത്തിച്ച ഐ.ജിക്ക് നിയമത്തിൽ അജ്ഞതയുണ്ടാവില്ലല്ലോ, പരാതിക്കാർ പട്ടികവിഭാഗക്കാരായതിനാൽ ഇങ്ങനെയൊക്കെ മതിയെന്നാണോ മനസിലിരുപ്പ്. പ്രതിസ്ഥാനത്ത് പൊലീസാണെങ്കിൽ നീതി കുറ്റക്കാർക്കൊപ്പം നിൽക്കണമെന്നാണോ ഉന്നത പൊലീസുദ്യോഗസ്ഥരും കരുതുന്നത്. ഇങ്ങനെയൊക്കെയായാൽ, പണവും സ്വാധീനവുമില്ലാത്ത പാവങ്ങൾക്ക് ഈ നാട്ടിൽ എങ്ങനെയാണ് നീതി കിട്ടുക.

ആറ്റിങ്ങൽ ഡിവൈ.എസ്.പിക്ക് നൽകിയ പരാതിയിൽ ഒരു നടപടിയുമില്ലെന്ന് ചൂണ്ടിക്കാട്ടി ഡി.ജി.പി അനിൽകാന്തിന് ജയചന്ദ്രനും മകളും നൽകിയ പരാതിയിലാണ് ഒന്നരമാസത്തിനു ശേഷം ഐ.ജി ഹർഷിതാ അട്ടല്ലൂരിയുടെ അന്വേഷണ റിപ്പോർട്ട്. പരാതിക്കാരുടെ മൊഴിയെടുക്കാതെയാണ് ഈ റിപ്പോർട്ട് ഹർഷിത തയ്യാറാക്കിയത്. ജയചന്ദ്രനോടും മകളോടും മാപ്പു പറയാത്തതിൽ പൊലീസുദ്യോഗസ്ഥയ്ക്ക് വീഴ്ചയുണ്ടായെന്നും മറ്റൊരു തെറ്റും അവർ ചെയ്തിട്ടില്ലെന്നുമാണ് ഐ.ജിയുടെ കണ്ടെത്തൽ. ഈ കുറ്റത്തിന് അവരെ അയൽ ജില്ലയിലേക്ക് സ്ഥലംമാറ്റുകയും 15 ദിവസത്തെ നല്ലനടപ്പിന് അയയ്ക്കുകയും ചെയ്തു. ഇതുതന്നെ ധാരാളമാണെന്നും ഇനി ഒരു നടപടിയും ആവശ്യമില്ലെന്നുമാണ് ഐ.ജിയുടെ റിപ്പോർട്ടിലുള്ളത്. പൊലീസുകാരിയെ വീടിനടുത്തേക്ക് സൗകര്യപ്രദമായി സ്ഥലംമാറ്റിയതാണോ ശിക്ഷയെന്നാണ് ജയചന്ദ്രൻ ചോദിക്കുന്നത്.

പരാതിക്കാരന്റെ മൊഴിയെടുക്കണമെന്ന അന്വേഷണത്തിന്റെ പ്രാഥമികപാഠം പോലും മറന്നാണ് ഐ.ജി, പിങ്ക് പൊലീസുകാരിയെ സംരക്ഷിക്കാൻ റിപ്പോർട്ടുണ്ടാക്കിയത്. മൊബൈൽ ഫോൺ തിരികെ നൽകിയില്ലെങ്കിൽ ജയചന്ദ്രനെയും മകളെയും പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി ദേഹപരിശോധന നടത്തുമെന്ന് പൊലീസുകാരി വിരട്ടിയപ്പോൾ കുട്ടി നടുറോഡിൽ നിലവിളിച്ചു. കടുത്ത മാനസിക വ്യഥയിലായ കുട്ടിയുടെ മനോനില സാധാരണ നിലയിലാക്കാൻ ആഴ്ചകൾ നീണ്ട കൗൺസലിംഗ് വേണ്ടിവന്നു. ക്രിമിനൽ ഉദ്ദേശ്യത്തോടെ വിരട്ടിയതിനെത്തുടർന്ന് കുട്ടിക്കും പിതാവിനും ഭീതിയുണ്ടായതിന് ഐ.പി.സി- 503, ഒരു കുറ്റവും ചെയ്യാതെ അപമാനവും വ്യഥയുമുണ്ടായതിന് ഐ.പി.സി- 504 പ്രകാരവും പൊലീസുകാരിക്കെതിരെ കേസെടുക്കാനാവും. മാനസിക പീഡനത്തിൽ നിന്നടക്കം കുട്ടികളെ സംരക്ഷിക്കാനുള്ള ജുവനൈൽ ജസ്റ്റിസ് ആക്ട്, കെയർ ആൻഡ് പ്രൊട്ടക്ഷൻ ആക്ട് എന്നിവയിലെ വകുപ്പുകൾ വേറെയും. പൊതുജനങ്ങളോട് പൊലീസ് എങ്ങനെ പെരുമാറണമെന്ന് പൊലീസ് ആക്ടിൽ വ്യക്തമാക്കുന്നുണ്ട്. പൊലീസ് വ്യക്തിപരമായി ഒരാളെ വിരട്ടുകയോ അവഹേളിക്കുകയോ ശരീരത്തിനോ സ്വത്തിനോ കേടുപാടുണ്ടാക്കുകയോ ചെയ്താൽ കേസെടുക്കാം. പൊതുജനങ്ങൾക്കുള്ള അവകാശം സംരക്ഷിക്കാനാണ് ഇത്തരം ചട്ടങ്ങൾ.

നൂറുകണക്കിനാളുകൾ നോക്കിനിൽക്കെ, നടുറോഡിൽ മോഷ്ടാക്കളെന്ന് ആരോപിച്ച് പരസ്യവിചാരണ നടത്തിയതിലൂടെയുണ്ടായ അധിക്ഷേപവും മാനസിക ആഘാതവും പൊലീസുകാരി മാപ്പുപറഞ്ഞാൽ തീരുമായിരുന്നു എന്ന നിഗമനത്തിൽ ഐ.ജി എങ്ങനെയാണ് എത്തിയത് ? കുട്ടിയെ മാനസികമായി പീഡിപ്പിച്ചെന്ന് ആവശ്യത്തിലധികം തെളിവുകളുണ്ടായിട്ടും കുട്ടികളുടെ അവകാശം സംരക്ഷിക്കാനുള്ള അനവധി നിയമങ്ങൾ ഐ.ജി കണ്ടെല്ലെന്ന് നടിച്ചത് എന്തിനാണ് ? കേരളത്തിലെവിടെയും ജോലി ചെയ്യാമെന്ന് സത്യവാങ്മൂലം നൽകി സേനയിലെത്തുന്നവരാണ് പൊലീസുകാർ. അതിനാൽ പൊലീസുകാരിയെ അയൽജില്ലയിലേക്ക് സ്ഥലംമാറ്റിയത് മതിയായ ശിക്ഷയാണെന്ന ഐ.ജിയുടെ വാദം പൊള്ളയാണ്. കണ്ടുനിന്നവരിലൊരാൾ ഈ വിചാരണ ഫോണിൽ ചിത്രീകരിച്ചിരുന്നില്ലെങ്കിൽ ആ കുഞ്ഞിന്റെ പിതാവ് അന്നുതന്നെ ജയിലിലായേനെ. മോഷണത്തിനു പുറമെ പൊലീസിന്റെ കർത്തവ്യനിർവഹണം തടഞ്ഞെന്ന കുറ്റം കൂടി ചാർത്തിക്കൊടുത്തേനെ. ആവശ്യത്തിലേറെ തെളിവുകളുണ്ടെങ്കിലും നിയമം നിയമത്തിന്റെ വഴിക്ക് പോവില്ലെന്നതിന് ഉത്തമ ഉദാഹരണമാണ് ഈ കേസ്.

മുഖ്യമന്ത്രി പറഞ്ഞാലും കേൾക്കില്ല

പൊലീസിനെ ഭരിക്കുന്ന ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞാലും പൊലീസ് കേൾക്കില്ലെന്ന സ്ഥിതി കേരളത്തിന് നല്ലതല്ല. ഡി.ജി.പിക്ക് പരാതി നൽകിയിട്ടും ഒരു നടപടിയും ആവാത്തതിനെത്തുടർന്ന് ജയചന്ദ്രനും കുടുംബവും സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാരസമരം തുടങ്ങിയപ്പോൾ മുഖ്യമന്ത്രി അവരെ വിളിപ്പിച്ചു. നിയമസഭയിലെ ഓഫീസിലെത്തിയാണ് കുടുംബം മുഖ്യമന്ത്രിയെ കണ്ടത്. ജയചന്ദ്രൻ നൽകിയ മൂന്നുപേജുള്ള പരാതി അപ്പോൾത്തന്നെ വായിച്ചുനോക്കിയ മുഖ്യമന്ത്രി ഇത്ര ദിവസമായിട്ടും അന്വേഷണത്തിന് ആരും വന്നില്ലേയെന്നും പൊലീസിന്റെ ഭാഗത്ത് വീഴ്ചയാണല്ലോ എന്നും പറഞ്ഞു. മൂന്നുദിവസത്തിനകം നീതി നടപ്പാക്കിത്തരുമെന്ന മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ച് അന്നുതന്നെ ജയചന്ദ്രനും കുടുംബവും സമരം അവസാനിപ്പിച്ചു. പിന്നീടും ഒരു പൊലീസുകാരൻ പോലും വീട്ടിലേക്കെത്തിയില്ല. ഒരു വിവരവും തിരക്കിയില്ല. അപമാനിച്ച പൊലീസുകാരിയെ വെള്ളപൂശിയ ഐ.ജിയുടെ റിപ്പോർട്ടാണ് പിന്നാലെ വന്നത്.

ഇനി യൂണിഫോം നൽകരുത്

പരസ്യവിചാരണ നടത്തിയ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ സി.പി രജിതയ്ക്ക് പൊലീസ് യൂണിഫോമിൽ ജനങ്ങളുമായി ഇടപെടുന്ന ഔദ്യോഗിക ചുമതലകൾ നൽകരുതെന്നും അവർക്കെതിരെ അതിശക്തമായ ശിക്ഷാനടപടിയെടുക്കണമെന്നും പട്ടികജാതി പട്ടികഗോത്രവർഗ കമ്മിഷൻ ചെയർമാൻ ബി.എസ്.മാവോജി പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിരുന്നതാണ്. പക്ഷേ നടപടിയെടുത്തില്ല. പട്ടികജാതിക്കാരായതിനാലാണ് തന്നെയും മകളെയും പരസ്യമായി മോഷ്ടാക്കളെന്ന് വിളിച്ചതെന്ന ജയചന്ദ്രന്റെ ആരോപണത്തിൽ കഴമ്പുണ്ടെന്ന് വിലയിരുത്തിയ കമ്മിഷൻ ഇക്കാര്യം വിശദമായി അന്വേഷിക്കാൻ ഉത്തരവിട്ടെങ്കിലും ഡി.ജി.പി വകവച്ചില്ല. എട്ടുവയസുള്ള കുട്ടിക്ക് മാനസികാഘാതമുണ്ടാക്കിയത് ജുവനൈൽ ജസ്റ്റിസ് ആക്ടിന്റെ സെക്ഷൻ 75പ്രകാരം ശിക്ഷാർഹമാണ്. അന്വേഷണം നടത്തി ഡി.ജി.പി നടപടിയെടുക്കണമെന്ന ഉത്തരവും അവഗണിച്ചു. രജിതയെ കൊല്ലത്തേക്ക് സ്ഥലംമാറ്റി 15 ദിവസത്തെ പെരുമാ​റ്റ പരിശീലനത്തിന് അയയ്ക്കുക മാത്രമാണ് ഡി.ജി.പി ചെയ്തത്. രജിതയെ വീടിനടുത്തേക്ക് സ്ഥലം മാ​റ്റിയത് ശിക്ഷാനടപടിയല്ലെന്നായിരുന്നു ജയചന്ദ്രൻ ഡി.ജി.പിക്ക് നൽകിയ പരാതി.

ഇതായിരുന്നു ആ സംഭവം

ആറ്റിങ്ങൽ മൂന്നുമുക്കിൽ വച്ചാണ് മൊബൈൽ മോഷ്ടിച്ചെന്ന് ആരോപിച്ച് മൂന്നാം ക്ലാസുകാരിയെയും പിതാവ് ജയചന്ദ്രനെയും നൂറുകണക്കിനാളുകൾ നോക്കിനിൽക്കേ നടുറോഡിൽ പിങ്ക് പൊലീസുകാരി രജിത പരസ്യവിചാരണ നടത്തിയത്. പിങ്ക് പൊലീസ് വാഹനത്തിനുള്ളിലിരുന്ന തന്റെ മൊബൈൽ ഫോൺ ജയചന്ദ്രൻ മോഷ്ടിച്ചെടുത്ത് മകൾക്ക് കൈമാറിയെന്നാരോപിച്ചായിരുന്നു രജിത ഇവരെ ചോദ്യം ചെയ്തത്. സ്​റ്റേഷനിൽ കൊണ്ടുപോയി അച്ഛന്റേയും മകളുടേയും 'ദേഹപരിശോധന നടത്തുമെന്നും കുട്ടികളേയും കൊണ്ട് മോഷ്ടിക്കാനിറങ്ങുന്നത് പതിവാണെന്നും' രജിത പറയുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഫോൺ എടുത്തില്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും രജിത പിന്മാറാൻ തയാറായില്ല. ഒടുവിൽ ഒപ്പമുണ്ടായിരുന്ന മ​റ്റൊരു പൊലീസ് ഉദ്യോഗസ്ഥ പിങ്ക് പൊലീസ് വാഹനത്തിലുണ്ടായിരുന്ന രജിതയുടെ ബാഗ് പരിശോധിച്ചപ്പോൾ സൈലന്റാക്കിയ നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തി. ഫോൺ സ്വന്തം ബാഗിൽ നിന്ന് കിട്ടിയശേഷവും രജിത അച്ഛനോടും മകളോടും മോശമായാണ് പെരുമാറിയത്. മൊബൈൽ ഫോൺ പൊലീസിന്റെ കാറിൽനിന്ന് കണ്ടെടുത്തിട്ടും പൊലീസ് ഉദ്യോഗസ്ഥ മാപ്പു പറഞ്ഞില്ലെന്നത് മാത്രമാണ് കുറ്റമായി ഡി.ഐ.ജി സഞ്ജയ് കുമാർ ഗുരുദിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതേത്തുടർന്ന് രജിതയെ കൊല്ലത്തേക്ക് സ്ഥലംമാറ്റി 15 ദിവസത്തെ പെരുമാ​റ്റ പരിശീലനത്തിന് ഉത്തരവിട്ടിരുന്നു. രജിതയെ വീടിനടുത്തേക്ക് സ്ഥലം മാ​റ്റിയത് ശിക്ഷാനടപടിയല്ലെന്ന് അന്നേ ആക്ഷേപമുയർന്നെങ്കിലും പൊലീസ് നേതൃത്വം ചെവിക്കൊണ്ടില്ല.

Advertisement
Advertisement