കാണ്ഡഹാറിൽ ഷിയ പള്ളിയിൽ സ്ഫോടനം: 47 മരണം

Saturday 16 October 2021 12:10 AM IST

കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലെ ബിബി ഫാത്തിമ ഷിയ പള്ളിയിലുണ്ടായ ചാവേറാക്രമണത്തിൽ 47 പേർ കൊല്ലപ്പെട്ടു. 74ൽ അധികം പേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞുള്ള നമസ്‌കാരത്തിനിടെയാണ് സ്ഫോടനം നടന്നതെന്നാണ് റിപ്പോർട്ടുകൾ. മരണസംഖ്യ ഉയർന്നേക്കാം.

നമസ്‌കാര ചടങ്ങുകളിൽ നൂറിലധികം പേർ പങ്കെടുത്തെന്ന് ഭീകരസംഘടനയായ താലിബാന്റെ വക്താവ് പറഞ്ഞു. സംഭവത്തിൽ ആഭ്യന്തര മന്ത്രാലയ വക്താവ് ഖ്വരി സയേദ് ഖോഷ്‌ടി അതീവ ദുഃഖം രേഖപ്പെടുത്തി.

ആക്രമണകാരണം വ്യക്തമല്ല. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം, ആക്രമണത്തിന് പിന്നിൽ ഭീകരസംഘടനയായ ഐ.എസ് - കെയാണെന്ന് അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. ഐസിസിന്റെ പ്രാദേശിക ഘടകമാണിത്.

മൂന്ന് സ്ഫോടനങ്ങൾ നടന്നെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. സംഭവത്തെ ഐക്യരാഷ്ട്രസംഘടന അപലപിച്ചു. താലിബാൻ അധികാരത്തിലേറിയ ശേഷം രാജ്യത്ത് ഷിയ പള്ളികൾക്ക് നേരെയുള്ള ആക്രമണങ്ങൾ വർദ്ധിച്ചിരിക്കയാണ്.

ഒരാഴ്ച മുൻപ് കു​ന്ദൂ​സ് നഗരത്തിലെ സെയ്ദ് അബാദ് പള്ളിയിലുണ്ടായ സ്‌ഫോടനത്തിൽ 50 പേർ കൊല്ലപ്പെട്ടിരുന്നു. അമേരിക്കൻ സൈന്യം അഫ്ഗാൻ വിട്ടതിന് ശേഷമുണ്ടായ ഏറ്റവും വലിയ ബോംബ് ആക്രമണമായിരുന്നു ഇത്. ഐസിസായിരുന്നു ഈ ആക്രമണത്തിന് പിന്നിൽ.

ന്യൂനപക്ഷ വിഭാഗമായ ഷിയ മുസ്ലിംങ്ങൾക്ക് നേരെ ഐസിസ് ആക്രമണമഴിച്ചുവിടുന്നത് പതിവായിട്ടുണ്ട്. ലോകരാഷ്ട്രങ്ങളുടെ അംഗീകാരം നേടിയെടുക്കാൻ ശ്രമിക്കുന്ന താലിബാന് ഐസിസിന്റെ പ്രവർത്തനങ്ങൾ തലവേദനയായിരിക്കയാണ്.

Advertisement
Advertisement