നരഭോജി കടുവ പിടിയിൽ

Saturday 16 October 2021 1:00 AM IST

മസിനഗുഡി (തമിഴ്നാട്): ഒരു വർഷത്തിനിടെ നീലഗിരി ജില്ലയിൽ നാലു പേരെ കൊലപ്പെടുത്തിയ കടുവ പിടിയിലായി. ഇന്നലെ ഉച്ചയോടെ മസിനഗുഡിക്കടുത്ത് കട്ടുപ്പാറ വനമേഖലയിലാണ് ആൺകടുവയെ അതിസാഹസികമായി മയക്കുവെടി വച്ചു വീഴ്‌ത്തിയത്. 13 വയസോളമുള്ള കടുവയുടെ ശരീരമാസകലം മുറിവുണ്ട്. വനത്തിൽ വേട്ടയാടാൻ കഴിയാത്തതിനാൽ നാട്ടിലിറങ്ങിയതായാണ് വനപാലകരുടെ നിഗമനം. കടുവയെ ചികിത്സയ്ക്കായി മൈസൂറിലേക്ക് കൊണ്ട് പോയി.

നീലഗിരി വനമേഖലയോടു ചേർന്ന ജനവാസ കേന്ദ്രങ്ങളിലെ ഒട്ടനവധി വളർത്തുമൃഗങ്ങളെയും കടുവ ഇരയാക്കിയിരുന്നു. ഗൂഡല്ലൂർ, മസിനഗുഡി ഭാഗങ്ങളിൽ പ്രദേശവാസികൾക്ക് പകൽ പോലും പുറത്തിറങ്ങാൻ പേടിയായിരുന്നു. ഇതോടെ ഒരു മാസമായി തമിഴ്നാട് വനം വകുപ്പ് കേരള വനം വകുപ്പിന്റെ സഹായത്തോടെ തെരച്ചിലിലായിരുന്നു. ജനരോഷം രൂക്ഷമായതോടെ കടുവയെ വെടിവച്ചു കൊല്ലാൻ തമിഴ്നാട് വനം വകുപ്പ് തീരുമാനിച്ചെങ്കിലും മദ്രാസ് ഹൈക്കോടതി ജീവനോടെ പിടികൂടാൻ ഉത്തരവിട്ടു. തുടർന്ന് തെരച്ചിലിന് വനത്തിലാകെ കാമറകൾ സ്ഥാപിച്ചു. പലയിടത്തായി ഡ്രോണുകളും പറന്നു. കുങ്കി ആനകളെയും വേട്ടനായ്ക്കളെയും രംഗത്തിറക്കി.

കഴിഞ്ഞ രാത്രി കടുവയെ കാണാനായെങ്കിലും മയക്കുവെടിവയ്ക്കാനായില്ല. പിന്നീട് ഇന്നലെ പകൽ വീണ്ടും കണ്ടെത്തിയതോടെ ലക്ഷ്യം കണ്ടു.