നിധിയുടെ പേരിൽ ലക്ഷം തട്ടി, പൂജാരിയെ പൂട്ടാനെത്തിയ പൊലീസ് കണ്ടത് മാസ്‌റ്റർ ഷെഫിനെ !!

Saturday 16 October 2021 2:10 PM IST

മലപ്പുറം: അന്ധവിശ്വാസത്തിന്റെ പേരിലുള്ള തട്ടിപ്പുകൾ പുതിയ സംഭവമല്ല. ഇടുക്കിയിൽ ഏതാനും ദിവസം മുമ്പ് ദോഷപരിഹാരത്തിനെന്ന പേരിൽ അദ്ധ്യാപികയുടെ സ്വർണമാല തട്ടിയെടുത്ത കേസിൽ പ്രതി പിടിയിലായതിന് പിന്നാലെയാണ് മലപ്പുറത്ത് നിധിയുടെ പേരിൽ നാട്ടുകാരെ മുഴുവൻ പറ്റിക്കുകയും ഒടുവിൽ നാട് വിടുകയും ചെയ്ത നിധി സ്വാമി അകത്തായത്. പരിചയപ്പെടുന്നവരെയെല്ലാം വീടിന് സമീപം വൻ നിധിശേഖരമുണ്ടെന്ന് ധരിപ്പിച്ച് സ്വർണവും പണവും തട്ടിയെടുക്കുന്നതായിരുന്നു നിധി സ്വാമിയെന്നറിയപ്പെടുന്ന വയനാട് ലക്കിടി അറമല കുപ്ളിക്കാട്ടിൽ രമേശന്റെ രീതി. മലപ്പുറം വണ്ടൂർ സ്വദേശിനിയായ യുവതിയിൽ നിന്ന് നിധി കാട്ടികൊടുക്കാമെന്ന പേരിൽ ഒരുലക്ഷത്തിലധികം രൂപ തട്ടിയെടുത്ത് മുങ്ങിയ കേസിൽ നിലമ്പൂർ പൊലീസ് കഴിഞ്ഞ ദിവസം രമേശിനെ പൊക്കിയപ്പോഴാണ് മാസങ്ങൾ നീണ്ട തട്ടിപ്പുകളുടെ ചുരുൾ നിവർന്നത്.

സോഷ്യൽ മീഡിയയിലെ അത്ഭുത സ്വാമി

പണ്ടൊക്കെ അത്ഭുതങ്ങളിലും അമാനുഷികമായ സിദ്ധിവിശേഷങ്ങളിലും ആകൃഷ്ടരായാണ് ദിവ്യൻമാരെയും സിദ്ധൻമാരെയും ആളുകൾ വിശ്വസിച്ചിരുന്നതെങ്കിൽ സമൂഹമാദ്ധ്യമ അക്കൗണ്ടുകളാണ് ഇപ്പോൾ തട്ടിപ്പുകാരുടെയും താവളം. ആളുകളെ പെട്ടെന്ന് ആകർഷിക്കാൻ ഫേസ് ബുക്ക്,​ വാട്ട്സ് ആപ്,​ ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹ മാദ്ധ്യമ അക്കൗണ്ടുകൾ പോലെ സ്വാധീനമുള്ള മേഖലകളില്ലെന്ന് തിരിച്ചറിഞ്ഞവരെല്ലാം ആളുകളെ കെണിയിൽപ്പെടുത്താൻ ഇപ്പോൾ ഇത്തരം മാദ്ധ്യമങ്ങളെയാണ് പ്രയോജനപ്പെടുത്തുന്നത്. രമേശൻ നമ്പൂതിരിയുടെ അത്ഭുതസിദ്ധിയെന്ന പേരിൽ ഫേസ് ബുക്കിലും വാട്ട്സ് ആപ്പിലും മറ്റും നൽകിയ പരസ്യത്തിൽ ആകൃഷ്ടയായാണ് വണ്ടൂർ സ്വദേശിനിയായ യുവതി രമേശന്റെ തട്ടിപ്പിൽ കുടുങ്ങിയത്. യുവതിക്ക് ചൊവ്വാദോഷമുണ്ടെന്ന് കണ്ടെത്തിയ രമേശൻ അതിന്റെ പരിഹാരാർത്ഥം ചില പൂജകളും ഹോമങ്ങളും നടത്താമെന്ന് വാഗ്ദാനം ചെയ്താണ് പരിചയത്തിലായത്. ചൊവ്വാ ദോഷ പരിഹാരത്തിനായി യുവതിയുടെ വീട്ടിലെത്തിയ രമേശൻ യുവതിയുടെ കുടുംബാംഗങ്ങളെയും തന്റെ വാക്ചാതുരിയിൽ വീഴ്ത്തി. ചൊവ്വാ ദോഷ പരിഹാര കർമ്മങ്ങൾക്കൊടുവിൽ പ്രതിഫലമായി നല്ലൊരുതുക കൈക്കലാക്കിയ രമേശൻ ,​ യുവതിക്കും കുടുംബത്തിനും തന്നെ വിശ്വാസമാണെന്ന് തിരിച്ചറിഞ്ഞതോടെ അടുത്തൊരു തട്ടിപ്പിനുള്ള കളമൊരുക്കി. യുവതിയുടെ വീടിന് പരിസരത്തായി ഭൂതത്താൻമാർ കാത്ത് സൂക്ഷിച്ചിരുന്ന നിധി കുംഭമുണ്ടെന്നും കുടുംബത്തിലുണ്ടായ ചില ദോഷങ്ങളാൽ ഭൂതഗണങ്ങൾക്കുണ്ടായ കോപമകറ്റി നിധി കുംഭം കൈക്കലാക്കിയാൽ വൻ സമ്പത്തിനുടമയായി തീരുമെന്നും അവരെ പറഞ്ഞ് വിശ്വസിപ്പിച്ചു. നിധി കണ്ടെത്തുന്നതിലുപരി ഭൂതഗണങ്ങളുടെ ദോഷം അകറ്റാത്ത പക്ഷം അകാല മൃത്യു ഉൾപ്പെടെ കുടുംബാംഗങ്ങൾക്ക് പല വിധ ദോഷങ്ങളും സംഭവിക്കുമെന്നും വിശ്വസിപ്പിച്ചു. രമേശന്റെ വാചകമടിയിലും ഭക്തി പാരവശ്യതയിലും അടിതെറ്റിപ്പോയ വീട്ടുകാർ നിധി കണ്ടെത്തുന്നതിന് താൽപ്പര്യം പ്രകടിപ്പിച്ചു. പൂജ ചെയ്ത് നിധിശേഖരം തുറന്നു തരാമെന്നും വിശ്വസിപ്പിച്ച് 1,​10,​000 രൂപയാണ് തട്ടിയത്. ചൊവ്വാ ദോഷം അകറ്റാനുള്ള പൂജകൾ കഴിക്കുകയും നിധി കണ്ടെത്താനുള്ള കർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്തശേഷവും വിവാഹം നടക്കുകയോ നിധി ലഭിക്കുകയോ ചെയ്യാതിരുന്നപ്പോഴാണ് സംഭവം തട്ടിപ്പാണെന്ന് യുവതിക്കും കുടുംബത്തിനും ബോദ്ധ്യപ്പെട്ടത്. തുടർന്ന് യുവതി പൊലീസിൽ പരാതി നൽകിയെങ്കിലും തട്ടിപ്പ് പിടിക്കപ്പെട്ടെന്ന് മനസിലാക്കിയ രമേശൻ തന്റെ ഫോൺ നമ്പരും സമൂഹ മാദ്ധ്യമ അക്കൗണ്ടുകളും പിൻവലിച്ച് നാടുവിടുകയായിരുന്നു.

നാടുമുഴുവൻ ഭാര്യമാർ !!

തട്ടിപ്പുകാരനെന്നതിലുപരി വിവാഹ വീരനും സ്ത്രീ ലമ്പടനുമാണ് രമേശനെന്നാണ് ഒടുവിൽ പുറത്തുവരുന്ന വിവരം.വയനാട് ലക്കിടി സ്വദേശിയാണെങ്കിലും ഏറെക്കാലമായി നാടുവിട്ട് പലസ്ഥലങ്ങളിലായി താമസിച്ചുവന്ന രമേശൻ സ്ത്രീകളെ വശീകരിക്കുന്നതിൽ വിരുതനാണ്. ജ്യോതിഷവും പ്രശ്നങ്ങളുമൊക്കെ മറയാക്കി ഭർത്താക്കന്മാർക്കെതിരെ പരസ്ത്രീ ബന്ധവും ദുർനടപ്പും ആരോപിച്ച് ദാമ്പത്യത്തിൽ വിള്ളലുണ്ടാക്കി മുതലെടുക്കുന്നതാണ് രമേശന്റെ രീതി. വയനാട്ടിൽ നിന്ന് കോഴിക്കോട്ടെത്തി താമസം തുടങ്ങിയ രമേശൻ ഭർത്താവും രണ്ട് കുട്ടികളുടെ മാതാവുമായ യുവതിയുമായി പ്രണയത്തിലായി. കുടുംബത്തെ ഉപേക്ഷിച്ചെത്തിയ ഈ യുവതിക്കൊപ്പം കൽപ്പറ്റയ്ക്കടുത്ത മണിയൻകോട് ക്ഷേത്രത്തിനടുത്തായി പിന്നീട് താമസം. യുവതിക്ക് രമേശനുമായുളള ബന്ധത്തിൽ രണ്ടു മക്കൾ വേറേയുമുണ്ട്. രണ്ടു വർഷം മുമ്പ് ഈ ഭാര്യയേയും മക്കളേയും ഉപേക്ഷിച്ച് ഭർത്താവും രണ്ട് മക്കളുമുള്ള വയനാട് കോറോമിലെ മറ്റൊരു യുവതിയുമായി രമേശൻ പ്രണയത്തിലായി. ഇവരുമായുള്ള രമേശന്റെ അടുപ്പവും ഒരുമിച്ചുള്ള ജീവിതവും കേറോമിലെ യുവതിയുടെ ബന്ധുക്കളുടെയും ഭർത്താവിന്റെയും എതിർപ്പുകൾക്ക് കാരണമായതോടെ ഒന്നരവർഷം മുമ്പ് രമേശൻ യുവതിയുമായി വയനാട്ടിൽനിന്ന് പുനലൂരിലേക്ക് വണ്ടികയറി. ഇപ്പോൾ കൂടെ താമസിക്കുന്ന യുവതി പുനലൂർ സ്വദേശിയാണ്.പുനലൂരിലേക്ക് പോന്ന ശേഷം വയനാട്ടിലെ ബന്ധുക്കളുമായോ, സുഹൃത്തുക്കളുമായോ, ആദ്യ ഭാര്യയുമായോ രമേശൻ ബന്ധം പുലർത്തിയിരുന്നില്ല. എവിടേയും കണ്ടതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നില്ല.

പാരയായത് കുട്ടികളുടെ ടി.സി

ആദ്യ ബന്ധത്തിലുണ്ടായിരുന്ന കുട്ടികൾ വയനാട് കോറോമിലെ സ്കൂളിലാണ് പഠിച്ചിരുന്നത്. കൊവിഡ് കാലത്ത് സ്കൂളുകളിൽ ഓൺ ലൈൻ ക്ളാസായിരുന്നെങ്കിലും പുനലൂരിലേക്ക് താമസം മാറിയ രമേശൻ കുട്ടികളെ കേറോം സ്കൂളിൽ നിന്ന് പുനലൂരിലെ ഒരു സ്കൂളിലേക്ക് മാറ്റി. വണ്ടൂരിലെ തട്ടിപ്പ് കേസിൽ രമേശനെ പിടികൂടാൻ പഠിച്ച പണി പതിനെട്ടും പയറ്റിയ പൊലീസ് കേറോം സ്കൂളിൽ നിന്ന് രമേശൻ കുട്ടികളുടെ ടി.സി വാങ്ങിയ വിവരം മണത്തറിഞ്ഞ് അന്വേഷണം പുനലൂരിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു.

പുനലൂരിൽ വിലസിയത് ഷെഫായി

മന്ത്രവാദവും സിദ്ധിപ്രയോഗവുമൊക്കെ മതിയാക്കി തെക്കൻ കേരളത്തിലെത്തിയ രമേശൻ ഹോട്ടൽ മാനേജ്മെന്റ് വിദ്യാഭ്യാസമാണ് പിന്നീട് തന്റെ ഉപജീവനത്തിനുള്ള ഉപാധിയാക്കിയത്. പുനലൂരിലെ ഒരു മുന്തിയ ഹോട്ടലിൽ ചീഫ് ഷെഫായി മാസം അറുപതിനായിരം രൂപ ശമ്പളത്തിൽ ജോലിയിൽ പ്രവേശിച്ച രമേശൻ,​ ഭാര്യയും മക്കളുമായി കൊല്ലം പുനലൂർ-കുന്നിക്കോടുള്ള വാടക വീട്ടിലായിരുന്നു താമസം. പൊലീസ് ഉദ്യോഗസ്ഥർ ആഴ്ചകളോളം പല വേഷത്തിൽ നടന്നു നിരീക്ഷണം നടത്തിയാണ് പ്രതിയുടെ സാന്നിദ്ധ്യം മനസ്സിലാക്കിയത്. മാസം പതിനായിരം രൂപ വാടക വരുന്ന വീട്ടിലാണ് പ്രതി താമസിച്ചിരുന്നത്.

കൂടുതൽ പരാതിക്കാർ രംഗത്ത്

വയനാട് മണിയങ്കോട് സ്വദേശിനിയായ വീട്ടമ്മയുടെ ഭൂമിയിൽ നിധിയുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പുറത്തെടുക്കുന്നതിനായി പൂജ നടത്താൻ അഞ്ച് പവൻ സ്വർണാഭരണം തട്ടിയെടുത്തു. സമാന രീതിയിൽ മീനങ്ങാടി സ്വദേശിനിയായ യുവതിയിൽനിന്നും എട്ട് പവന്റെ ആഭരണം തട്ടിയെടുത്തതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. മണിയങ്കോട് സ്വദേശി സന്തോഷിൽ നിന്നും സമാനമായ രീതിയിൽ തട്ടിപ്പു നടത്തി ഒരു ലക്ഷം രൂപ ഇയാൾ കൈപ്പറ്റിയെന്ന പരാതിയും പുറത്തുവന്നിട്ടുണ്ട്. നിധി കുഴിച്ചെടുക്കാനെന്ന പേരിൽ വീടിന് ചുറ്റും ആഴത്തിൽ കുഴികളെടുത്ത് വീടും പരിസരവും വാസയോഗ്യമല്ലാതാക്കുകയും ചെയ്തതായും സന്തോഷ് ആരോപിച്ചിട്ടുണ്ട്. വണ്ടൂർ സ്വദേശിനിയുടെ പരാതിയിൽ റിമാൻഡിലായ രമേശിനെ പുതിയ പരാതികളുടെയും പുതിയ തെളിവുകളുടെയും അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണത്തിനായി വരും ദിവസങ്ങളിൽ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു. നിലമ്പൂർ ഡിവൈ.എസ്.പി സാജു കെ.എബ്രാഹം, സി.ഐ ടി.എസ് ബിനു, പ്രത്യേക അന്വേഷണ സംഘത്തിലെ എസ്.ഐ എം.അസ്സൈനാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ വലയിലാക്കിയത്.

Advertisement
Advertisement