കണ്ണുനീരോടെ ചിന്നമ്മ ജയ സ്മാരകത്തിൽ

Saturday 16 October 2021 5:02 PM IST

ചെന്നൈ: തമിഴ് മുൻ മുഖ്യമന്ത്രി ജെ.ജയലളിതയുടെ സ്മാമാരകത്തിൽ ആദരാജ്ഞലികൾ അർപ്പിച്ച് ഉറ്റ തോഴിയായ വി.കെ.ശശികല. ജയിൽ മോചിതയായതിനുശേഷവും അണ്ണാ ഡി.എം.കെയിൽ നിന്ന് പുറത്താക്കിയതിന് ശേഷവും ഇതാദ്യമായാണ്​ ശശികല മറീന ബീച്ചിലെ എം.ജി.ആർ സ്മാരകത്തിൽ എത്തിയത്. ഇന്നലെ രാവിലെ 11ഓടെ അണ്ണാ ഡി.എം.കെയുടെ കൊടിവച്ച കാറിൽ ത്യാഗരായനഗറിലെ വസതിയിൽ നിന്നാണ്​ ശശികല പുറപ്പെട്ടത്​. ​ഇരുചക്രവാഹനങ്ങളിലും കാറുകളിലും മറ്റുമായി നൂറുകണക്കിന്​ പ്രവർത്തകരും അനുഗമിച്ചു. മറീന ബീച്ചിലും നൂറുക്കണക്കിന് പ്രവർത്തകർ തടിച്ചുകൂടിയിരുന്നു.

പാർട്ടിയ്ക്ക് നല്ല കാലം ഉടനുണ്ടാവുമെന്നും ജയലളിതയുടെ ആഗ്രഹം നടപ്പാക്കുമെന്നും ശശികല പറഞ്ഞു. അണ്ണാ ഡി.എം.കെ.യെ അധികാരത്തിലേറ്റണമെന്ന ജയലളിതയുടെ ആഗ്രഹം നടപ്പാക്കാൻ പ്രവർത്തകർ സജീവമായി രംഗത്തിറങ്ങണമെന്ന് ശശികല ആഹ്വാനം ചെയ്തു. രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരവുണ്ടാകുമെന്നും അവർ വ്യക്തമാക്കി.

ശശികല കണ്ണുനീരോടെയാണ്​ പുഷ്​പാർച്ചന നടത്തി ആദരാജ്ഞലികളർപ്പിച്ചത്​. ഇടയ്ക്കിടെ തൂവാല ഉപയോഗിച്ച്​ കണ്ണുനീർ തുടയ്ക്കുന്നുണ്ടായിരുന്നു. പത്ത്​ മിനിറ്റോളം തൊഴുകൈകളോടെ പ്രാർത്ഥിച്ചു. 'ചിന്നമ്മ വാഴ്​ക', അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി ചിന്നമ്മ വാഴ്​ക, ത്യാഗ ശെൽവി ചിന്നമ്മ വാഴ്​ക' തുടങ്ങിയ മുദ്രാവാക്യങ്ങൾ പ്രവർത്തകർ മുഴക്കി. പാർട്ടി ജനറൽ സെക്രട്ടറി ശശികലയാണെന്നും പുറത്താക്കിയ നടപടി നിയമവിരുദ്ധമെന്നുമാണ് അനുയായികളുടെ അവകാശവാദം.

അണ്ണാദുരൈ, എം.ജി.ആർ എന്നിവരുടെ സമാധികളും ശശികല സന്ദർശിച്ചു.

 കൂടിക്കാഴ്ചയ്ക്ക് ശ്രമം

നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടിക്ക് പിന്നാലെ ഇ.പനീർശെൽവം - ഒ.പളനിസ്വാമി പക്ഷങ്ങൾ തമ്മിലുള്ള ഭിന്നത രൂക്ഷമാണ്. പനീർസെൽവം പക്ഷവുമായി കൂടിക്കാഴ്ചയ്ക്ക് ശശികല നീക്കം നടത്തുന്നുണ്ട്. അതേസമയം, പാർട്ടി ആസ്ഥാനത്ത് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.

Advertisement
Advertisement