മൂന്നിടങ്ങളിൽ റെയ്ഡ്: എൻ.സി.ബിയെ വിമർശിച്ച് ഉദ്ധവ്

Sunday 17 October 2021 12:00 AM IST

മുംബയ്: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടി കേസുമായി ബന്ധപ്പെട്ട് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ മുംബയിലെ മൂന്നിടങ്ങളിൽ ഇന്നലെ റെയ്ഡ് നടത്തി. അതിനിടെ എൻ.സി.ബിയെ വിമ‌ർശിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രംഗത്തെത്തി.മുദ്ര പോർട്ടിൽ നിന്നും 3000 കിലോ ഗ്രാം മയക്കുമരുന്ന്​ പിടിച്ച കേസ്​ എന്തായെന്ന്​ ​ ഉദ്ധവ്​ ചോദിച്ചു. ശിവസേനയുടെ വാർഷിക ദസ്​റ റാലിയിൽ പ​ങ്കെടുക്കുകയായിരുന്നു അദ്ദേഹം.

എൻ.സി.ബി പ്രശസ്​തിക്ക്​ വേണ്ടി സെലിബ്രിറ്റികളുടെ പിന്നാലെ പോവുകയാണ്​. അവർ സെലിബ്രിറ്റികളെ അറസ്​റ്റ്​ ചെയ്​ത്​ ചിത്രങ്ങളെടുത്ത്​ പ്രശസ്​തിയുണ്ടാക്കുന്നു. മഹാരാഷ്​ട്ര നാർക്കോട്ടിക്​സിന്റെ ഹബ്ബാ​ണെന്ന്​ വരുത്തി തീർക്കാനാണ്​ എൻ.സി.ബിയുടെ ശ്രമം. നിങ്ങൾ കുറഞ്ഞ അളവിലുള്ള മയക്കുമരുന്ന്​ പിടിക്കുമ്പോൾ മഹാരാഷ്​ട്ര പൊലീസ്​ 150 കോടിയുടെ മയക്കുമരുന്നാണ്​ പിടിച്ചെടുത്തതെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്​ട്രയെ മോശം സംസ്ഥാനമാക്കി ചിത്രീകരിക്കാനാണ്​ ബി.ജെ.പിയുടെ ശ്രമം. പ്രണയാഭ്യർത്ഥവ നിരസിച്ച പെൺകുട്ടിയുടെ മുഖത്ത്​ ആസിഡൊഴിക്കുന്നതിന്​ സമമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.