കണ്ണൂർ വിമാനത്താവളത്തെ മലബാറിന്റെ എയർ കാർഗോ ഹബ്ബാക്കും: മുഖ്യമന്ത്രി

Sunday 17 October 2021 12:00 AM IST

മട്ടന്നൂർ: കണ്ണൂർ, വയനാട്, കാസർകോട് ജില്ലകൾ, കോഴിക്കോട് ജില്ലയുടെ വടക്ക് ഭാഗങ്ങൾ, ഗൂഡല്ലൂർ, കൂർഗ്, തുടങ്ങിയ മേഖലകളിൽ നിന്നുള്ള കാർഷികോത്പന്ന, മലഞ്ചരക്ക് വിപണനത്തിനും കണ്ണൂർ വിമാനത്താവള വികസനത്തിനും അന്താരാഷ്ട്ര ചരക്കുനീക്കം സഹായകമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂർ വിമാനത്താവളം കാർഗോ കോംപ്ലക്‌സിൽ ആരംഭിക്കുന്ന അന്താരാഷ്ട്ര ചരക്കുനീക്കം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മലബാറിന്റെ എയർ കാർഗോ ഹബ്ബായി കണ്ണൂരിനെ മാറ്റുകയാണ് ലക്ഷ്യം. കൊവിഡ് പ്രതിസന്ധികൾ കണ്ണൂർ വിമാനത്താവളത്തിന്റെ സ്വാഭാവിക വികസനത്തിന് തടസ്സമായിട്ടുണ്ട്. എങ്കിലും അതിനെ മറികടക്കാൻ കിയാലിന് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ആദ്യ കാർഗോ കൈമാറി. എം.പിമാരായ കെ. സുധാകരൻ, ഡോ. വി. ശിവദാസൻ എന്നിവർ മുഖ്യാതിഥികളായി. കെ.കെ. ശൈലജ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. കാർഗോയ്ക്കുള്ള ആദ്യ കൺസെയിൻമെന്റ് ഫെയർ എക്‌സ്‌പോർട്ടിൽ നിന്ന് കിയാൽ എം.ഡി ഡോ. വി. വേണു ഏറ്റുവാങ്ങി. മട്ടന്നൂർ നഗരസഭാ വൈസ് ചെയർമാൻ പി. പുരുഷോത്തമൻ, കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് കെ വി മിനി, ചീഫ് സെക്രട്ടറി വി . ജോയ്, അഡി. ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിംഗ്, കിയാൽ എം.ഡി. ഡോ. വി വേണു, ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ, സിറ്റി കമ്മിഷണർ ആർ. ഇളങ്കോ, ചീഫ് കസ്റ്റംസ് കമ്മിഷണർ ശ്യാം രാജ് പ്രസാദ്, കസ്റ്റംസ് കമ്മിഷണർ രാജേന്ദ്രകുമാർ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സുഭാഷ് മുരിക്കഞ്ചേരി, കിയാൽ ഡയറക്ടർമാർ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement