താവം റെയിൽവേ മേൽപ്പാലത്തിന് ഭീഷണിയായി കുഴികൾ
Sunday 17 October 2021 12:10 AM IST
പഴയങ്ങാടി: രാജ്യാന്തര നിലവാരത്തിൽ നവീകരിച്ച പിലാത്തറ - പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിലെ താവം മേൽപ്പാലത്തിൽ വൻ കുഴികൾ രൂപപ്പെട്ടു. ചെറുതും വലുതുമായ നിരവധി കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്. റോഡ് ഉദ്ഘാടനം കഴിഞ്ഞു രണ്ടര വർഷം പിന്നിടുമ്പോഴാണ് കെ.എസി.ടി.പി റോഡും കൂടെ മേൽപ്പാലവും ഇത്തരത്തിലായത്.
118.29 കോടി രൂപ ചിലവഴിച്ചാണ് 20 കിലോമീറ്റർ റോഡ് രാജ്യാന്തര നിലവാരത്തിൽ നവീകരിച്ചത്.പാലത്തിൽ തെരുവുവിളക്കുകൾ ഇല്ലാത്തത് കൂടുതൽ അപകടങ്ങൾക്ക് കാരണമാകുന്നു. ഇരുചക്ര വാഹനങ്ങളാണ് കുഴിയിൽ വീണ് കൂടുതലായും അപകടത്തിൽപെടുന്നത്. മറ്റ് വാഹനങ്ങൾ കുഴികണ്ട് പെട്ടെന്ന് ബ്രേക്ക് ഇടുമ്പോഴും അപകടം ഉണ്ടാക്കുന്നു. ഇത്തരം കുഴികൾ എത്രയും പെട്ടെന്ന് അടക്കുവാനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു.