പേരാവൂർ ചിട്ടിതട്ടിപ്പ് , നിക്ഷേപകർക്ക് സി.പി.എം പണം നൽകും

Sunday 17 October 2021 12:10 AM IST

പേരാവൂർ: പേരാവൂർ ചിട്ടിതട്ടിപ്പ് കേസിൽ ഇടപാടുകാർക്ക് മുഴുവൻ തുകയും തിരിച്ചുനൽകുമെന്ന സി.പി. എമ്മിന്റെ ഉറപ്പിൽ ആക്‌ഷൻ കമ്മിറ്റിയുടെ സമരപരിപാടികൾ അവസാനിപ്പിച്ചു. ഇതേ തുടർന്ന് ഇന്നലെ മുൻ ബാങ്ക് പ്രസിഡന്റിന്റെ വീട്ടിലേക്ക് നടത്താനുള്ള ആക്‌ഷൻ കമ്മിറ്റിയുടെ മാർച്ച് മാറ്റിവച്ചു. പേരാവൂർ ചിട്ടി തട്ടിപ്പ് സംഭവത്തിൽ പണം നഷ്ടപ്പെട്ടവരുടെ പ്രതിനിധികളുമായി സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ വീട്ടിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. നിക്ഷേപകരുടെ പണം തിരികെ കിട്ടാൻ ശ്രമം നടത്തുമെന്ന് ജയരാജൻ ഇവർക്ക് ഉറപ്പ് നൽകുകയും ചെയ്തിരുന്നു.

സൊസൈറ്റി കെട്ടിടം വിറ്റ് പണം തിരികെ നൽകാനാണ് ആലോചന. ലോക്കൽ സെക്രട്ടറിയുടെ വീട്ടിലേക്ക് മാർച്ച് നടത്തിയാൽ രാഷ്ട്രീയമായി നേരിടുമെന്നും സി.പി.എം അറിയിച്ചിരുന്നു.

അന്വേഷണം പൂർത്തിയായി, റിപ്പോർട്ട് ഉടൻ

സി.പി.എം നിയന്ത്രണത്തിലുള്ള പേരാവൂർ ഹൗസിംഗ് സൊസൈറ്റിയിലെ ചിട്ടി തട്ടിപ്പിൽ ആരോപണം നേരിടുന്ന സെക്രട്ടറി പി.വി ഹരിദാസിന്റെ മൊഴി അന്വേഷണസംഘം കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ക്രമക്കേട് അന്വേഷിക്കുന്ന അസിസ്റ്റന്റ് രജിസ്ട്രാർ കെ. പ്രദോഷ് കുമാറാണ് സെക്രട്ടറിയിൽ നിന്നും വിശദാംശങ്ങൾ തേടിയത്. ക്രമക്കേട് സംബന്ധിച്ച ചോദ്യങ്ങളിൽ നിന്നു സെക്രട്ടറി ഒഴിഞ്ഞുമാറിയെന്നാണ് വിവരം. അന്വേഷണം പൂർത്തിയായെന്നും ജോയിന്റ് രജിസ്ട്രാർക്ക് ഉടൻ റിപ്പോർട്ട് സമർപ്പിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു.

പി.വി. ഹരിദാസ് തന്റെ സ്വത്തുക്കൾ അടുത്ത ബന്ധുവിന്റെ പേരിലേക്ക് മാറ്റാൻ നീക്കം നടത്തിയിരുന്നു. ക്രമക്കേടിൽ ഉൾപെട്ടവരുടെ സ്വത്ത് കണ്ടുകെട്ടി നഷ്ടം നികത്താൻ സഹകരണവകുപ്പിന് അധികാരമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ഇത്. സമരക്കാർ ഈ വിവരം അറിഞ്ഞ് ഇത് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടു. തുടർന്ന് സെക്രട്ടറിയുടെ സ്വത്ത് കൈമാറ്റം ചെയ്യുന്നത് മരവിപ്പിക്കാൻ ജില്ലാ രജിസ്ട്രാർക്ക് ജോയിന്റ് രജിസ്ട്രാർ കത്ത് നൽകി. ഈ കത്ത് വൈകുന്നേരത്തോടെ പ്രത്യേക ദൂതൻ മുഖാന്തരം പേരാവൂർ സബ് രജിസ്ട്രാർ ഓഫീസിലെത്തിച്ചതോടെ സെക്രട്ടറിയുടെ നീക്കം പെളിയുകയായിരുന്നു.

Advertisement
Advertisement