പരിമിതികൾ സുല്ലിടും അജിനയുടെ ചുവടുകൾക്ക് മുന്നിൽ

Sunday 17 October 2021 12:22 AM IST
അജിന രാജ്

കണ്ണൂർ: ഓട്ടിസം സമ്മാനിച്ച പരിമിതികൾ മറികടന്ന് നൃത്തവേദികളെ കീഴടക്കുകയാണ് പാപ്പിനിശ്ശേരി വെസ്റ്റ് സ്വദേശി അജിന രാജ്. ഏതുപാട്ടായാലും മനോഹരമായ ചുവടുകളും മുദ്രകളും കൊണ്ട് അതിമനോഹരമായ നൃത്തം ചവിട്ടുന്ന അജിന ഏതു വെല്ലുവിളിയേയും നേരിടാൻ പ്രാപ്തയാണിന്ന്.

പഠനത്തേക്കാൾ അജിനയ്ക്ക് താൽപ്പര്യം നൃത്തത്തിനോടാണെന്ന് അമ്മ കെ. പ്രസന്ന പറയുന്നു. പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട് പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി നടത്തുന്ന സഹയാത്രയെന്ന പരിപാടിയിൽ 600 കുട്ടികളിൽ നിന്നും കണ്ണൂർ ജില്ലയിൽ നിന്നും അജിനയെ മാത്രമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. തിരുവനന്തപുരത്ത് പത്ത് ദിവസം മുൻപ് നടന്ന പരിപാടിയിൽ വെറും മൂന്ന് ദിവസമെടുത്താണ് നൃത്തം പഠിച്ച് അജിന അവതരിപ്പിച്ചത്. പള്ളിക്കുന്ന് പ്രതീക്ഷാഭവനിൽ പഠിക്കുന്ന അജിന സ്പെഷ്യൽ സ്കൂൾ കലോത്സവ വേദികളിലും സജീവമാണ്. മോഹിനിയാട്ടത്തിൽ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. കൊവിഡിന് മുമ്പാണ് മൂകാംബികയിൽ വച്ച് കുച്ചുപ്പുടിയിൽ അരങ്ങേറ്റം കഴിഞ്ഞത്. കൊവിഡ് കാലത്ത് വിവിധ ഒാൺലൈൻ നൃത്ത മത്സരങ്ങളിൽ പങ്കെടുത്ത് പതിമൂന്ന് തവണ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട് ഈ മിടുക്കി.

ദിവസവും ഒരു മണിക്കൂർ നൃത്ത പരിശീലനത്തിനായി അജിന മാറ്റി വയ്ക്കും. ചെറുപ്പം മുതൽ തന്നെ നൃത്തത്തിൽ ഏറെ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു അജിന. മോഹൻലാലിന്റെ വലിയ ആരാധികയായ ഈ കുട്ടിക്ക് അദ്ദേഹത്തിന്റെ സിനിമകളിലെ പാട്ടിനൊപ്പം ചുവടുവെക്കാൻ ഏറെ ഇഷ്ടമാണ്. എന്നെങ്കിലും അദ്ദേഹത്തെ നേരിട്ടു കാണണമെന്ന ആഗ്രഹവും അജിനയ്ക്കുണ്ട്. കെ. രാജനാണ് അജിനയുടെ പിതാവ്.

Advertisement
Advertisement