മോദി വരാണസിയിൽ നടത്തിയ കോടികളുടെ വികസനം ഇതാണ്, ബി.ബി.സിയുടെ വീഡിയോ ചർച്ചയാകുന്നു
വാരാണസി: പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിലെത്തിയത് ശേഷം കോടികളുടെ വികസന പ്രവർത്തനങ്ങളാണ് വരാണസിയിൽ നടത്തിയതെന്നാണ് ബി.ജെ.പിയുടെ അവകാശവാദം. എന്നാൽ മണ്ഡലത്തിന്റെ യഥാർത്ഥ ചിത്രം തുറന്ന് കാട്ടി ഈ വാദഗതികളെ പൊളിച്ചടുക്കി രംഗത്തെത്തിയിരിക്കുകയാണ് ബി.ബി.സി. ബി.ബി.സിയുടെ റിവർ സ്‌റ്റോറീസിന്റെ ഭാഗമായി ധ്രുവ് റാഠിയാണ് വീഡിയോ ചെയ്തിരിക്കുന്നത്.
ഗംഗാ ശുദ്ധീകരണത്തിന് കോടിക്കണക്കിന് രൂപ ചിലവാക്കിയെന്നാണ് സർക്കാറിന്റെ വാദം. 84 സ്‌നാനഘട്ടങ്ങളാണ് ഉള്ളത്. 76 കോടി രൂപയാണ് ഇവ വൃത്തിയാക്കാനായി ചിലവഴിക്കുന്നതെന്നാണ് സർക്കാരിന്റെ അവകാശവാദം. മോദിജി അധികാരത്തിൽ വന്നശേഷം ഇവിടെ യാതൊരു വികസനവും ഉണ്ടായിട്ടില്ലെന്നാണ് ബഹുഭൂരിപക്ഷം യുവാക്കളും പറയുന്നത്. ശുചിത്വത്തിന്റെ കാര്യത്തിലും മണ്ഡലം പുറകോട്ടാണ് പോയത്. റോഡുകളിൽ വെളിച്ചം ഉറപ്പ് വരുത്താനുള്ള യാതൊരു സംവിധാനവും നിലവിലില്ലെന്നും പ്രദേശവാസികൾ പറയുന്നു.
മോദിയെ തങ്ങൾ ഭഗവാനായിട്ടാണ് കാണുന്നതെന്ന് പ്രായമായവർ പറയുന്നു. എന്നാൽ ഹിന്ദുക്കൾക്ക് കോടിക്കണക്കിന് ദൈവങ്ങളുണ്ടെന്ന് പറഞ്ഞ് യുവാക്കൾ മോദിയെ കളിയാക്കുന്നു. മോദിയോടുള്ള ഭയം കാരണം അവർ അദ്ദേഹത്തെ വിമർശിക്കുന്നില്ല. വിമർശിച്ചാൽ രാജ്യദ്രോഹികൾ ആകുമെന്നും യുവാക്കൾ വീഡിയോയിൽ പറയുന്നു.
നരേന്ദ്രമോദി ദത്തെടുത്ത ഗ്രാമത്തിന്റെ അവസ്ഥയെകുറിച്ചും വീഡിയോയിൽ പറയുന്നുണ്ട്. ശരിയായ തരത്തിലുള്ള വികസനം ഇവിടെയുണ്ടായിട്ടില്ലെന്നാണ് മിക്കയാളുകളും പ്രതികരിച്ചത്. സ്വച്ഛ് ഭാരത് പോലുള്ള പദ്ധതികൾ പ്രഖ്യാപിച്ചപ്പോഴും തങ്ങൾ ഇപ്പോഴും അഴുക്കിലാണെന്ന് പ്രദേശവാസിയായ യുവതി ധ്രുവ് റാഠിയോട് പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തിലും ദളിത് വിഭാഗങ്ങളുടെ കേന്ദ്രങ്ങളിലും യാതൊരുവിധ വികസനവും ഉണ്ടായില്ലെന്നും പ്രദേശവാസികൾ പറയുന്നു.