അതിരപ്പിള്ളി അടഞ്ഞ അദ്ധ്യായം, കൃഷ്ണൻകുട്ടി തുറക്കാൻ ശ്രമിക്കേണ്ട: കാനം

Sunday 17 October 2021 12:24 AM IST

തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി എൽ.ഡി.എഫിനെ സംബന്ധിച്ചിടത്തോളം അടഞ്ഞ അദ്ധ്യായമാണെന്നും മന്ത്രി കൃഷ്ണൻകുട്ടി അത് തുറക്കാൻ ശ്രമിക്കേണ്ടെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഉണ്ടാകുമ്പോൾ അതിരപ്പിള്ളി പോലെയുള്ള ജലവൈദ്യുത പദ്ധതികൾ ഉപേക്ഷിക്കാതെ, സമവായ ചർച്ചയിലൂടെ നടപ്പിലാക്കാൻ കഴിയുമോയെന്ന് ആലോചിക്കണമെന്ന മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ വാദത്തോട് കൗമുദി ടിവി സ്ട്രെയിറ്റ് ലൈൻ അഭിമുഖ പരിപാടിയിൽ പ്രതികരിക്കുകയായിരുന്നു കാനം.

കഴിഞ്ഞ അഞ്ചുവർഷവും, ഭരണത്തുടർച്ച ലഭിച്ച ഈ ടേമിലും അതിരപ്പിള്ളി പദ്ധതി എൽ.ഡി.എഫിന്റെ പ്രകടനപത്രികയിൽ ഇല്ലാത്ത വിഷയമാണ്. അതിരപ്പിള്ളിയല്ലാതെ തന്നെ 400 മെഗാവാട്ടിന്റെ ജല വൈദ്യുത പദ്ധതികൾ നിർമ്മാണം പൂർത്തിയാക്കാനുണ്ട്. അത് വേഗത്തിലാക്കാനാണ് വൈദ്യുതി വകുപ്പ് ശ്രമിക്കേണ്ടത്. അല്ലാതെ മുന്നണിയിലെ എല്ലാ കക്ഷികൾക്കും യോജിപ്പില്ലാത്ത കാര്യത്തിൽ പുതിയൊരു ചർച്ചയുടെ ആവശ്യമില്ല. അതിന് മന്ത്രി കൃഷ്ണൻകുട്ടി ശ്രമിക്കേണ്ടതില്ലെന്നും കാനം വ്യക്തമാക്കി.

സ്ട്രെയിറ്റ് ലൈൻ അഭിമുഖം ഇന്നു രാത്രി എട്ടിന് കൗമുദി ടിവിയിൽ.