ചാലക്കുടിയിൽ പെയ്തത് 130 എം.എം മഴ
ചാലക്കുടി : കോരിച്ചൊരിഞ്ഞെത്തിയെങ്കിലും നഗരത്തിലും പ്രാന്ത പ്രദേശങ്ങളിലുമായി മഴയൊതുങ്ങിയത് ചാലക്കുടിക്ക് രക്ഷയായി. രണ്ട് മണിക്കൂറിനുള്ളിൽ 130 മില്ലീ മീറ്റർ മഴയാണ് നഗര പ്രദേശങ്ങളിലുണ്ടായത്. ഇക്കാരണത്താൽ ഇതിനെ ലഘു മേഘ വിസ്‌ഫോടനത്തിന്റെ പട്ടികയിൽ കണക്കാക്കേണ്ടി വരുമെന്ന് പുഴ സംരക്ഷണ സമിതി പ്രവർത്തകർ പറയുന്നു. ഇത്രയും കനത്ത മഴ കിഴക്കൻ മലയിൽ പെയ്താൽ സ്ഥിതി അതീവ ഗുരുതരമാകുമായിരുന്നു. നിലവിൽ മണ്ണിടിച്ചിലും ഉരുൾപ്പൊട്ടൽ ഭീഷണിയും മലയോരങ്ങളിൽ നിലനിൽക്കുന്നു. കോടശേരി പഞ്ചായത്തിലെ ചന്ദനക്കുന്ന് ഭാഗത്ത് നിന്നും ഒരാഴ്ച ആളുകൾ മാറി താമസിക്കണമെന്ന് കളക്ടർ നിർദ്ദേശിച്ചത് ഉരുൾ പൊട്ടൽ ഭീഷണി നിലനിൽക്കുന്നതിനാലാണ്. കുറ്റിച്ചിറ, മോതിരക്കണ്ണി, വെട്ടിക്കുഴി, ചായ്പ്പൻകുഴി, കണ്ണംകുഴി, മേച്ചിറ, അതിരപ്പിള്ളി, വെറ്റിലപ്പാറ തുടങ്ങിയ മലയോര പ്രദേശങ്ങളിൽ ഇന്നലെ വലിയ തോതിൽ മലവെള്ളം പാഞ്ഞു. 2018 ലെ പ്രളയത്തിൽ കനകമല മുതൽ അതിരപ്പിള്ളി വരെ ഇരുപതോളം ഇടങ്ങളിലാണ് ചെറുതും വലുതുമായി ഉരുൾ പൊട്ടിയത്.
വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു
മഴ ശക്തമായ സാഹചര്യത്തിൽ സുരക്ഷ മുൻ നിറുത്തി അതിരപ്പിള്ളി മേഖലയിൽ വിനോദ സഞ്ചാരം നിരോധിച്ചു. ഞായർ, തിങ്കൾ ദിവസങ്ങളിൽ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും അടഞ്ഞു കിടക്കും. രണ്ട് ദിവസം മലക്കപ്പാറയിലേയ്ക്കുള്ള വാഹന ഗതാഗതവും തടഞ്ഞു.
വെള്ളക്കെട്ടും മണ്ണിടിച്ചിലും
ചാലക്കുടി: കനത്ത മഴ ചാലക്കുടിയെയും സമീപ പഞ്ചായത്തുകളെയും വീണ്ടും വെള്ളപ്പൊക്ക ഭീഷണിയിലാക്കി. രാവിലെ തിമിർത്ത് പെയ്ത മഴ പലയിടത്തും വെള്ളക്കെട്ടുണ്ടാക്കി. പെരിങ്ങൽക്കുത്ത് ഡാമിന്റെ എമർജൻസി ഗേറ്റ് തുറന്നതിനാൽ ചാലക്കുടിപ്പുഴയിൽ വെള്ളം കൂടി. പറമ്പിക്കുളം ഡാമിൽ നിന്നും 2000 ഘന അടിവെള്ളം വെള്ളമെത്തിയതാണ് പെരിങ്ങൽക്കുത്ത് ഒരിക്കൽക്കൂടി തുറക്കാൻ ഇടയാക്കിയത്. രണ്ട് ദിവസമായി പുഴയിൽ വെള്ളം കുറഞ്ഞതാണ് ഏക ആശ്വാസം. എന്നാൽ ശക്തമായ മഴ തുടരുന്നത് ആശങ്ക സൃഷ്ടിക്കുന്നു. ഡാമുകളിൽ നിന്നുമുള്ള വെള്ളത്തിന്റെ അളവ് ക്രമാതീതമായി കൂടിയാൽ സ്ഥിതിഗതികൾ വഷളാകും. വെള്ളക്കെട്ട് മൂലം ആനമല റോഡിൽ വാഹന സഞ്ചാരത്തിന് തടസ്സം നേരിട്ടു. കുറ്റിച്ചിറയിലെ വില്ലേജ് ഓഫീസിലേക്ക് വെള്ളമെത്തി. നഗരത്തിലും ഗ്രാമങ്ങളിലും തോടുകൾ കര കവിഞ്ഞു. കെ.എസ്.ആർ.ടി.സി റോഡിൽ വെള്ളക്കെട്ടുണ്ടായി. കോട്ടാറ്റ് തോട്ടവീഥിയിൽ തോട്ടിൽ മണ്ണിടിഞ്ഞു. പരിയാരം പഞ്ചായത്തിലെ കാഞ്ഞിരപ്പിള്ളിയിൽ മൂന്ന് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. പോട്ടയിൽ വീടിനോട് ചേർന്ന് കിണർ ഇടിഞ്ഞു. നഗരസഭയിലും താലൂക്കിലെ ആറ് പഞ്ചായത്തുകളിലും ദുരിതാശ്വാസ കേന്ദ്രം ഒരുക്കാൻ ദുരന്ത നിവാരണ സേന നിർദ്ദേശം നൽകി.