നായകൾക്കും സൂയിസൈഡ് പോയിന്റോ?​

Sunday 17 October 2021 12:35 AM IST

എഡിൻബർഗ് : വെറുതെ നടന്നു പോകുന്ന ഒരു നായ പ്രത്യേകിച്ച് യാതൊരു കാരണങ്ങളുമില്ലാതെ ഒരു വിചിത്ര പാലത്തിന് മുകളിലെത്തിക്കഴിഞ്ഞാൽ താഴേക്ക് ചാടിക്കളയും.! അങ്ങനെയും ഒരു പാലമോ ? അതെ, സ്കോട്ട്ലൻഡിലെ വെസ്റ്റ് ഡൺബാർട്ടൺഷെയറിലുള്ള ഓവർടൗൺ ബ്രിഡ്‌ജാണ് ആ പാലം. നായകളുടെ ആത്മഹത്യാ മുനമ്പെന്നാണ് ഈ പാലം അറിയപ്പെടുന്നത്. കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി അമ്പതിലേറെ നായകൾ ഇത്തരത്തിൽ ഇവിടെ മരിച്ചെന്ന് പറയപ്പെടുന്നു. അഞ്ഞൂറിലേരെ നായകൾ പരിക്കുകളോടെ രക്ഷപ്പെട്ടു.

1895ലാണ് ഗോഥിക് വാസ്തുശൈലിയിലുള്ള ഓവർടൗൺ ബ്രിഡ്‌ജ് നിർമ്മിച്ചത്. പാലത്തിന് താഴെ 50 അടി താഴ്‌ചയിൽ ചെങ്കുത്തായ പാറകെട്ടുകളാണ് ഉള്ളത്. 1950കൾക്ക് ശേഷമാണ് പാലത്തിൽ നിന്ന് നായകൾ താഴേക്ക് വീഴുകയോ അല്ലെങ്കിൽ ചാടുകയോ ചെയ്യുന്നെന്ന അസാധാരണ സംഭവം ഇവിടെ ശ്രദ്ധയിൽപ്പെട്ടു തുടങ്ങിയത്. എന്തുകൊണ്ടാണ് നായകൾ ഇത്തരത്തിൽ താഴേക്ക് ചാടുന്നത് ? ഇതിന് കൃത്യമായ ഒരുത്തരം ലഭ്യമല്ല.

പാലത്തിൽ എന്തോ അജ്ഞാത ശക്തി ഉണ്ടെന്നാണ് നാട്ടുകാർക്കിടയിലെ വിശ്വാസം. എന്നാൽ, നായകളെ ആകർഷിക്കുന്ന തരത്തിലെ പ്രകൃതിദത്തമായ എന്തെങ്കിലും മണമോ വസ്തുക്കളോ താഴെയുണ്ടാകാമെന്നും അത് എന്താണെന്ന് അറിയാൻ അവ താഴേക്ക് ചാടുന്നതോ അല്ലെങ്കിൽ അത് ശ്രദ്ധിക്കുന്നതിനിടെ ബാലൻസ് തെറ്റി താഴെ വീഴുന്നതേ ആകാമെന്നും പറയപ്പെടുന്നുണ്ട്.

ശരിക്കുമുള്ള കാരണം കണ്ടെത്താൻ ഇപ്പോഴും ശ്രമങ്ങൾ തുടരുകയാണ്. കോളി വർഗത്തിൽപ്പെട്ട നായകളാണ് പാലത്തിൽ നിന്നും താഴേക്ക് ചാടിയിട്ടുള്ളവയിൽ ഭൂരിഭാഗവും എന്ന് പറയപ്പെടുന്നു. അത് സമയം, 1994 ഒക്ടോബറിൽ രണ്ട് ആഴ്‌ച മാത്രം പ്രായമുള്ള തന്റെ കുഞ്ഞിനെ ഒരാൾ ഈ പാലത്തിൽ നിന്ന് എറി‌ഞ്ഞ് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇതോടെ നായകൾക്കിടെയിൽ മാത്രമല്ല, മനുഷ്യർക്കിടെയിലും ഈ പാലം ഒരു നിഗൂഢതയായി മാറി.