നെയ്യാർ ഡാമിന്റെ നാല് ഷട്ടറുകളും ഉയർത്തി

Sunday 17 October 2021 3:00 AM IST

കാട്ടാക്കട: നെയ്യാർ വനമേഖലയിലെ ശക്തമായ മഴയെത്തുടർന്ന് നെയ്യാർ ഡാമിന്റെ നാല് ഷട്ടറുകളും ഇന്നലെ 130 സെന്റീമീറ്റർ വീതം ഉയർത്തി. ഇന്നലെ ഉച്ചയോടെ ഷട്ടർ 80 സെന്റീമീറ്റർ ഉയർത്തി ജല നിരപ്പ് ക്രമീകരിക്കാൻ ശ്രമിച്ചെങ്കിലും ഡാമിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് ക്രമാതീതമായി വർദ്ധിക്കുകയായിരുന്നു. ഡാമിന്റെ സംഭരണ ശേഷി 84.75 മീറ്ററാണ്. വൈകിട്ട് നാലോടെ ജലനിരപ്പ് 84.530മീറ്ററായി ഉയർന്നതോടെയാണ് നാല് ഷട്ടറുകളും 130 സെന്റീമീറ്റർ വീതം ഉയർത്തിയത്. നെയ്യാറിൽ ക്രമാതീതമായി ഒഴുക്കുള്ളതിനാൽ ആറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ഇറിഗേഷൻ വകുപ്പ് അധികൃതർ അറിയിച്ചു.