മഴയിൽ മുങ്ങി ജില്ല

Sunday 17 October 2021 3:23 AM IST

തിരുവനന്തപുരം: മണിക്കൂറുകൾ തോരാതെ പെയ്ത മഴയിൽ നഗര, ഗ്രാമ വ്യത്യാസമില്ലാതെ ജില്ലയിലെ പലഭാഗങ്ങളും വെള്ളത്തിനടിയിലായി. വാമനപുരം,​നെയ്യാർ,​ കരമനയാർ,​ കിള്ളിയാർ എന്നീ നദികൾ കരകവിഞ്ഞൊഴുകിയതോടെ താഴ്ന്നപ്രദേശങ്ങൾ മുങ്ങി. കണ്ണമ്മൂല തോട്ടിൽ ഒഴുക്കിൽപ്പെട്ട് ഇതരസംസ്ഥാന തൊഴിലാളിയെ കാണാതായി. ബാലരാമപുരം ഇടമനക്കുഴിയിലെ രണ്ടു വീടുകളിലെ കിണറുകൾ ഇടിഞ്ഞുതാണു. ചെമ്പകമംഗലത്ത് വീടിന്റെ ചുമർ ഇടിഞ്ഞുവീണ് രണ്ടുകുട്ടികൾക്ക് പരിക്കേറ്റു. വെള്ളായണി പുഞ്ചക്കരി ഭാഗത്ത് വെള്ളം കയറി. ജലനിരപ്പ് ഉയർന്നതോടെ അരുവിക്കര,​ നെയ്യാർ,​ പേപ്പാറ എന്നീ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി.

തീരദേശമേഖലയിൽ കടൽക്ഷോഭവും രൂക്ഷമാണ്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ പൊലീസ് സ്പെഷ്യൽ കൺട്രോൾ റൂം തുറന്നു. വൈദ്യുതി കമ്പികൾ പൊട്ടിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ കെ.എസ്.ഇ.ബിയെ വിവരമറിയിക്കണം. ഡാമുകളുടെ ഷട്ടറുകൾ കൂടുതൽ ഉയർത്താൻ സാദ്ധ്യതയുള്ളതിനാൽ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണം. മലയോര മേഖലകളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ പൊന്മുടി വിനോദസഞ്ചാര മേഖലയിലേക്ക് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവേശനം നിരോധിച്ചു. ജില്ലയിൽ എട്ട് ക്യാമ്പുകളിലായി 96 കുടുംബങ്ങളിലെ 368 പേരെ മാറ്റിപ്പാർപ്പിച്ചതായും അധികൃതർ അറിയിച്ചു.

സഹായത്തിന് വിളിക്കാം.

പൊലീസ് സ്‌പെഷ്യൽ കൺട്രോൾ റൂം നമ്പർ – 112
ജില്ലാ ദുരന്ത നിവാരണ അതോറിറ്റി കൺട്രോൾ റൂം – 1077
കെ.എസ്.ഇ.ബി കൺട്രോൾ റൂം – 1912
കോർപറേഷൻ കൺട്രോൾ റൂം – 04712377702, 04712377706

Advertisement
Advertisement