പെട്ടിക്കുള്ളിൽ കൈകാലുകൾ ബന്ധിച്ച നിലയിൽ യുവതിയുടെ മൃതദേഹം, ക്രൂര കൊലപാതകം പുറത്തറിഞ്ഞത് ഭർത്താവിന്റെ ഫോൺവിളി എത്തിയതോടെ

Sunday 17 October 2021 4:13 PM IST

സേലം: ഇരുപത്തേഴുകാരിയുടെ മൃതദേഹം സ്യൂ​ട്ട് കെ​യ്‌സിൽ ഒളിപ്പിച്ചുവച്ച നിലയിൽ കണ്ടെത്തി. സേലത്തെ ഒരു വാടക അപ്പാർട്ടുമെന്റിനുള്ളിൽ നിന്നാണ് അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെടുത്തത്. ഇവിടെ വാടകയ്ക്ക് താമസിച്ചിരുന്ന ബംഗളൂരു സ്വ​ദേ​ശി പ്ര​താ​പിന്റെ ഭാ​ര്യ തേ​ജ് മൊ​ണ്ഡ​ലിന്റെ മൃതദേഹമാണ് ലഭിച്ചത്.

പ്രതാപ് ഇപ്പോൾ ചെന്നൈയിലാണ് താമസിക്കുന്നത്. ഒരുവർഷം മുമ്പാണ് തേജ് സേലത്തെ അപ്പാർട്ടുമെന്റിൽ താമസത്തിനെത്തിയത്. കഴിഞ്ഞ നാലുദിവസമായി തേജിനെക്കുറിച്ച് വിവരമൊന്നും ലഭിക്കാത്തതിനാൽ പ്രതാപ് അപ്പാർട്ട്മെന്റ് ഉടമയായ ന​ടേ​ശ​നെ വി​ളി​ച്ച് വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇയാൾ വീട്ടിലെത്തിയപ്പോൾ വീ​ട്ടീ​ൽ നി​ന്നും രൂക്ഷമായ ദു​ർ​ഗ​ന്ധം വ​മിക്കുന്നുണ്ടായിരുന്നു. ഇതാേടെ പൊലീസിൽ വിവരമറിയിച്ചു. തു​ട​ർ​ന്ന് നടത്തിയ തെരച്ചിലിലാണ് കൈകാലുകൾ ബന്ധിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് നാലുദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് പൊലീസ് കരുതുന്നത്.

കൊലപാതകമാണെന്ന് വ്യക്തമായ സ്ഥിതിക്ക് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. യുവതിയുടെ കോൾ വിവരങ്ങൾ പരിശോധിക്കുന്നുണ്ട്. സി സി ടി വി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.