50 രൂപയ്ക്ക് സാരി, തടിച്ചുകൂടി സ്ത്രീകൾ, കടയുടമയ്ക്ക് 10,000 രൂപ പിഴ ചുമത്തി പൊലീസ്

Monday 18 October 2021 12:58 PM IST

തെങ്കാശി: തമിഴ്നാട് ആലങ്കുളത്ത് തുണക്കട ഉദ്ഘാടത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ഓഫർ ‍കടയുടമയ്ക്ക് "പണിയായി". ഉദ്ഘാടനദിവസം ആദ്യം കടയിലെത്തുന്ന 3000 പേർക്ക് 50 രൂപക്ക് സാരി നൽകുമെന്നായിരുന്നു വാഗ്ദാനം.ഇതിനെപ്പറ്റി തിരുനെൽവേലിതെങ്കാശി ദേശീയപാതയിൽ ബാനറും സ്ഥാപിച്ചു. സംഗതി ക്ളിക്കായതോടെ ഉദ്ഘാടന ദിവസം രാവിലെതന്നെ കടയിലെത്തിയത് 5000 ത്തോളം സ്ത്രീകൾ. കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപറത്തി മാസ്‌ക് പോലും ധരിക്കാതെ സ്ത്രീകൾ തടിച്ചുകൂടിയതിനെ തുടർന്ന് പൊലീസ് കടയുടമയിൽനിന്ന് 10,000 രൂപ പിഴ ഈടാക്കി.

തമിഴ്നാട് ആലങ്കുളം താലൂക്ക് ഓഫിസിന് എതിർവശത്തും പൊലീസ് സ്‌റ്റേഷനിൽനിന്ന് 800 മീറ്റർ അകലെയുമാണ് വസ്ത്രവ്യാപാരശാല.

അഡിഷണൽ പൊലീസ് സൂപ്രണ്ട് രാജേന്ദ്രൻ, തെങ്കാശി എം.എൽ.എ പളനി നാടാർ, തമിഴ്നാട് വാനികർ സങ്കൻകാലിൻ പേരമൈപ്പ് പ്രസിഡന്റ് വിരകമരാജ എന്നിവരാണ് കടയുടെ ഉദ്ഘാടനം നിർവഹിച്ചത്.

'സാരി വാങ്ങാൻ എത്തിയ സ്ത്രീകൾ ആരും മാസ്‌ക് ധരിച്ചിരുന്നില്ല. സാമൂഹിക അകലവും പാലിച്ചിരുന്നില്ല. തിരക്ക് നിയന്ത്രിക്കുന്നതിനായി പൊലീസുകാരെയും വിന്യസിച്ചിരുന്നു' ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായതോടെ കടയുടമയ്ക്ക് 10,000 രൂപ പിഴയിട്ടു. കൂടാതെ കടയുടമയ്ക്കും മാനേജർക്കുമെതിരെ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് കേസെടുത്തു.