കുട്ടികളിലെ വാക്സിനേഷൻ: ലഭ്യതയും ശാസ്ത്രീയ യുക്തിയും കണക്കാക്കും

Monday 18 October 2021 2:15 AM IST

ന്യൂഡൽഹി: ശാസ്ത്രീയ വിശകലനങ്ങളും വിതരണ സാഹചര്യങ്ങളും പരിഗണിച്ചായിരിക്കും രണ്ടു മുതൽ 18 വയസുവരെയുള്ള കുട്ടികളിൽ കൊവിഡ് വാക്സിൻ നൽകിത്തുടങ്ങുന്നതെന്ന്

കൊവിഡ് ടാസ്ക് ഫോഴ്സ് മേധാവിയും, നീതിആയോഗിലെ ആരോഗ്യമന്ത്രാലയ പ്രതിനിധിയുമായ ഡോ. വി.കെ. പോൾ അറിയിച്ചു.മുതിർന്നവർക്ക് നൽകുന്ന കൊവാക്സിൻ ഇവർക്കും നൽകാമെന്ന് വിദഗ്ദ്ധ സമിതി ശുപാർശ ചെയ്ത സാഹചര്യത്തിലാണിത്

പല രാജ്യങ്ങളും കുട്ടികൾക്ക് വാക്സിൻ നൽകിത്തുടങ്ങിയിട്ടുണ്ടെങ്കിലും ഇന്ത്യയിൽ ശാസ്ത്രീയ വിവരങ്ങൾ കൂടി പരിഗണിച്ചേ തീരുമാനമെടുക്കാനാവൂ. ആവശ്യമായ സ്റ്റോക്ക് ഉറപ്പു വരുത്തുകയും വേണം. അതിനാൽ, കുട്ടികളുടെ വാക്സിൻ എന്നു തുടങ്ങുമെന്ന് കൃത്യമായി പറയാനാകില്ല. 12-18 പ്രായക്കാർക്ക് നൽകാൻ അനുമതി ലഭിച്ച സൈഡസ് കാഡിലയുടെ സൈക്കോവ് ഡി, വാക്സിനേഷൻ പദ്ധതിയുടെ ഭാഗമാക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. .

രാജ്യത്ത് കുട്ടികളിൽ വലിയ തോതിൽ കൊവിഡ് ബാധിക്കുന്നുണ്ടെന്നും ,സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ അവർക്കും വാക്സിൻ പ്രതിരോധം ഏർപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും ഡോ. പോൾ ചൂണ്ടിക്കാട്ടി. രാജ്യത്ത് കൊവിഡ് ബാധ നിയന്ത്രണ വിധേയമാണെങ്കിലും പ്രതിരോധത്തിൽ അയവു വരുത്താറായിട്ടില്ല. ഉൽസവങ്ങളിലെ ആൾക്കൂട്ടം വൈറസ് വീണ്ടും പടരാൻ അവസരമൊരുക്കും.

കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്നലെ പുറത്തു വിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് 14,146 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. 229 ദിവസത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്. . രാജ്യത്തെ കൊവിഡ് വാക്സിനേഷൻ 97.65 കോടി ഡോസ് പിന്നിട്ടു.

.

Advertisement
Advertisement