എം.ജി.ആർ സ്മാരകത്തിൽ പതാക ഉയർത്തി ശശികല, പാർട്ടി ജനറൽസെക്രട്ടറിയെന്ന് സ്ഥാപിക്കുന്ന ശിലാഫലകം അനാച്ഛാദനം ചെയ്തു

Monday 18 October 2021 12:00 AM IST

ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മറീനാബീച്ചിലെ സ്മൃതികുടീരം സന്ദർശിച്ച് കണ്ണീരൊഴുക്കിയതിന് പിന്നാലെ, പുറത്താക്കപ്പെട്ട എം.എ.എ.ഡി.എം.കെ നേതാവ് വി.കെ. ശശികല പാർട്ടി സ്ഥാപകനും മുൻമുഖ്യമന്ത്രിയുമായ എം.ജി. ആറിന്റെ സ്മാരകം സന്ദർശിച്ച് പതാക ഉയർത്തി. ഇന്നലെ ചെന്നൈ ടി നഗറിലെ എം.ജി.ആർ സ്മാരകത്തിലെത്തിയ ശശികല, താൻ പാർട്ടി ജനറൽ സെക്രട്ടറിയാണെന്ന് സ്ഥാപിക്കുന്ന ശിലാഫലകവും അനാച്ഛാദനം ചെയ്തു.

പാർട്ടിക്കും ജനങ്ങൾക്കും വേണ്ടി ഒന്നിച്ചു നിൽക്കേണ്ടസമയമാണിതെന്ന് ശശികല മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. എന്നാൽ പാർട്ടി പതാക ഉയർത്താനോ, ജനറൽ സെക്രട്ടറിയെന്ന് സ്ഥാപിക്കുന്ന ശിലാഫലകം അനാച്ഛാദനം ചെയ്യാനോ ശശികലയ്ക്ക് അധികാരമില്ലെന്ന് മുതിർന്ന എ.ഐ.എ.ഡി.എം.കെ നേതാവും മുൻമന്ത്രിയുമായ ഡി. ജയകുമാർ പറഞ്ഞു. എ.ഐ.എ.ഡി.എം.കെയുടെ ജനറൽ സെക്രട്ടറിയായി ശശികല സ്വയം അവകാശപ്പെടുന്നുവെങ്കിൽ അത് കോടതി ഉത്തരവിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു.

മാസങ്ങൾക്ക് ശേഷം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട ശശികലയെ അനുയായികൾ ത്യാഗതലൈവി എന്നു വിളിച്ചാണ് സ്വീകരിച്ചത്. ഇന്നലെ രാവിലെ ശശികല എം.ജി.ആറിന്റെ രാമപുരത്തെ വസതിയിലെത്തി, അദ്ദേഹത്തിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയിരുന്നു. മുൻ മുഖ്യമന്ത്രി ജാനകി രാമചന്ദ്രനും ആദരാഞ്ജലികളർപ്പിച്ചു.